നിതിന്റെ മരണം; അധ്യാപകർ ജാമ്യഹർജി നൽകി; ലോൺ ആപ്പിനെതിരെയും കേസ്

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിന് പിന്നാലെ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസ്
നിതിന്റെ മരണം; അധ്യാപകർ ജാമ്യഹർജി നൽകി; ലോൺ ആപ്പിനെതിരെയും കേസ്
Published on

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർ ഇടക്കാല ജാമ്യഹർജി നൽകി. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ് തലശ്ശേരി കോടതിയിൽ ഹർജി സമർപ്പിച്ചത്. നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് അധ്യാപകരുടെ വാദം. നേരത്തെ ഇവർ മുൻകൂർ ജാമ്യഹർജിയും നൽകിയിരുന്നു. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്വന്തം അധ്യാപകരിൽ നിന്ന് നേരിട്ട ക്രൂരമായ ദുരനുഭവങ്ങളെക്കുറിച്ച് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് നിതിൻ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ 'ഇൻസ്റ്റാ പേ' എന്ന ലോൺ ആപ്പിനെതിരെയും ചക്കരക്കൽ പോലീസ് സ്വമേധയാ കേസെടുത്തു. നിതിനെ ഭീഷണിപ്പെടുത്തി പണം തിരിച്ചടയ്ക്കാൻ പ്രേരിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനാണ് നടപടി. ലോൺ ആപ്പിൽ നിന്ന് അധ്യാപികയായ ലതയ്ക്ക് ഫോൺ കോളുകൾ വന്നതിന് പിന്നാലെ നിതിനെ പ്രിൻസിപ്പലിന്റെ ചേംബറിൽ വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിദ്യാർത്ഥിയുടെ ആത്മഹത്യ. അധ്യാപിക ലത സൈബർ സെല്ലിന് നൽകിയ പരാതി പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. ലോൺ ആപ്പിന്റെ ഭീഷണിയും തുടർന്നുണ്ടായ മാനസിക പീഡനങ്ങളും നിതിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ചതായാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.

15,000 രൂപയാണ് നിതിന്‍ വായ്പയായി എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ആപ്പില്‍ നിന്ന് സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. കേസില്‍ ഉള്‍പ്പെട്ട ഡോ. എം കെ റാം, സംഗീത എന്നിവര്‍ ഒളിവിലാണ്. ഇരുവരെയും കോളേജ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. റാമിനെ പിന്നീട് മാനേജ്‌മെന്റ് പുറത്താക്കി. രക്ഷിതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ അന്വേഷണം പൂര്‍ണമായി സഹകരിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. പിടിഎ യോഗം വിളിക്കാനും തീരുമാനമായി. തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും അറിയിച്ചു.

ഏപ്രില്‍ പത്തിനാണ് നിതിന്‍ ആത്മഹത്യ ചെയ്തത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുവെന്ന് നിതിന്‍ മുമ്പ് കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരില്‍ അധിക്ഷേപം ഉണ്ടായിരുന്നുവെന്നും ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

മരണദിവസം രാവിലെ പണം ആവശ്യപ്പെട്ട് സഹോദരിയെ വിളിച്ച നിതിന്‍, പിന്നീട് ബന്ധപ്പെടാനായില്ല. ഉച്ചയ്ക്ക് കോളേജില്‍ നിന്ന് അപകടവിവരമാണ് അമ്മ ലതയ്ക്ക് ലഭിച്ചത്. മരണം സംഭവിച്ച വിവരം കോളേജ് അധികൃതര്‍ അറിയിച്ചില്ലെന്നും കുടുംബം ആരോപിച്ചു.

English Summary: The death of BDS student Nithin Raj in Kannur has led to a police case against an instant loan app for alleged harassment and mental pressure, with further allegations of academic and personal abuse.

Related Stories

No stories found.
Madism Digital
madismdigital.com