സംസ്ഥാനത്ത് വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വിപണനം വ്യാപകമാകുന്നു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ സൗന്ദര്യ' എന്ന പേരില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും പിടിച്ചെടുക്കുന്ന സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിമിതി നടപടികള്‍ക്ക് വലിയ തിരിച്ചടിയാകുകയാണ്.
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ അംഗീകാരമില്ലാത്തതും തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതുമായ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. താളിക്കാവില്‍ പ്രവര്‍ത്തിക്കുന്ന കോസ്‌മെറ്റിക് ഹോള്‍സെയില്‍ സ്ഥാപനമായ എസ്‌കെ നോവല്‍റ്റിയില്‍ നടത്തിയ റെയ്ഡിലാണ് 65,000 രൂപ വിലമതിക്കുന്ന വ്യാജ ലിപ്സ്റ്റിക്കുകളും ലിപ് ബാമുകളും കണ്ടെത്തിയത്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ മനോഹരമായി പാക്ക് ചെയ്ത ഇവയില്‍ നിര്‍മ്മാതാക്കളുടെ പേരോ ചട്ടപ്രകാരമുള്ള മറ്റ് വിവരങ്ങളോ രേഖപ്പെടുത്തിയിരുന്നില്ല. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ വിശദമായ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ക്കും മോഡലുകള്‍ക്കുമെതിരെ അന്വേഷണം
വ്യാജ സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ കടുപ്പിക്കുകയാണ്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്ന മോഡലുകളെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരെയും കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥാണ് ഡിജിപിക്കും ഡ്രഗ്സ് കണ്‍ട്രോളര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട അധികാരികളും രംഗത്തെത്തിയിട്ടുണ്ട്.
തിരിച്ചടിയായി പരിശോധനാ ലാബുകളുടെ കുറവ്
വിപണിയില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ പെരുകുമ്പോഴും അവയുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംസ്ഥാനത്താകെയുള്ളത് തിരുവനന്തപുരത്തും എറണാകുളത്തുമുള്ള രണ്ട് സര്‍ക്കാര്‍ ലാബുകള്‍ മാത്രമാണ്. തൃശൂരിലും കോന്നിയിലും മരുന്നുകള്‍ പരിശോധിക്കുന്ന ലാബുകളുണ്ടെങ്കിലും അവിടെ കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങളുടെ പരിശോധന നടക്കുന്നില്ല. ഇതോടെ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള മലബാര്‍ മേഖലയില്‍ പരിശോധനാ സൗകര്യങ്ങള്‍ തീര്‍ത്തും പരിമിതപ്പെട്ടിരിക്കുകയാണ്.
വടക്കന്‍ കേരളത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ കണ്ണൂര്‍ പള്ളിക്കുന്നില്‍ അനുവദിച്ച ഡ്രഗ്‌സ് കണ്‍ട്രോള്‍ ലബോറട്ടറിയുടെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നത് പരിശോധനാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിന് തടസ്സമാകുന്നു. നിലവില്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല്‍ അവിടുത്തെ ഉയര്‍ന്ന പരിശോധനാ നിരക്കുകള്‍ സാധാരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും താങ്ങാനാവുന്നതല്ല. ഇതിനുപുറമെ, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ട ഡ്രഗ് അനലിസ്റ്റുമാരുടെ നിയമനവും അനിശ്ചിതത്വത്തിലാണ്.
The sale of counterfeit and substandard cosmetics is becoming increasingly widespread in Kerala, even as the Drug Control Department intensifies inspections under ‘Operation Soundarya’. However, limited government laboratory facilities for testing seized products are emerging as a major obstacle to enforcement. During a raid at SK Novelties, a cosmetic wholesale outlet in Thalikkavu, Kannur, officials seized counterfeit lipsticks and lip balms worth around Rs 65,000. The products, packaged attractively to appeal to children, allegedly lacked manufacturers’ names and other mandatory details. Samples have been sent for chemical analysis.