ലക്ഷ്യമിട്ടത് മറ്റൊരു കുട്ടിയെ, കൂടുതൽ പേർക്ക് പങ്കെന്ന് സംശയം; പാങ്ങപ്പാറ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് 17കാരന്റെ ജീവനെടുത്ത ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്
ലക്ഷ്യമിട്ടത് മറ്റൊരു കുട്ടിയെ, കൂടുതൽ പേർക്ക് പങ്കെന്ന് സംശയം; പാങ്ങപ്പാറ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
Published on: 

പാങ്ങപ്പാറയിൽ 17 വയസുകാരനായ അഭിരാമിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കം പരിശോധിച്ചുവരികയാണ്. പ്രണയവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് ഒടുവിൽ 17കാരന്റെ ജീവനെടുത്ത ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്‌കൂളിലെ വിദ്യാർഥിയായ അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നില്ല പ്രതികളുടെ ആദ്യ ലക്ഷ്യമെന്നാണ് കേസിലെ പ്രധാന പ്രതിയായ 17കാരന്റെ വെളിപ്പെടുത്തൽ. മറ്റൊരു കുട്ടിയെ അഭിരാം മുഖേന സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്താനായിരുന്നു പദ്ധതിയെന്നും പ്രതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. എന്നാൽ, ഇതിനിടെ അഭിരാമുമായി വാക്കുതർക്കമുണ്ടാകുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നോ, മറ്റുള്ളവരുടെ സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.

കൊല്ലപ്പെട്ട അഭിരാമിന്റെ സുഹൃത്തായ 17കാരനാണ് കേസിലെ പ്രധാന പ്രതി. ഇയാളെ കഴിഞ്ഞ ദിവസം തന്നെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. നിലവിൽ മൂന്ന് പേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോയെന്ന സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സുഹൃത്തുക്കൾക്കിടയിൽ സംഘർഷത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കേസിലെ മറ്റൊരു പ്രതിയായ ഉമർ കാപ്പ കേസ് പ്രതിയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കഴക്കൂട്ടം, ശ്രീകാര്യം പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ മോഷണം, ലഹരിക്കടത്ത്, അടിപിടി തുടങ്ങിയ കേസുകളും നിലവിലുണ്ട്. മുൻകാല കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും ഇയാളുടെ പങ്കാളിത്തവും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

അതേസമയം, കൊല്ലപ്പെട്ട അഭിരാമിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികളും ഫോറൻസിക് പരിശോധനകളും പൂർത്തിയാക്കി. പുലർച്ചയോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

കുട്ടികൾക്കിടയിലെ സൗഹൃദവും പ്രണയബന്ധങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും എത്രത്തോളം അപകടകരമായ സാഹചര്യങ്ങളിലേക്ക് നീങ്ങാമെന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായി മാറുകയാണ് പാങ്ങപ്പാറയിലെ സംഭവം. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, മറ്റ് പ്രതികളുടെ പങ്ക്, കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം എന്നിവയിൽ കൂടുതൽ വ്യക്തത വരുത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

Summary

Police say the murder of 17-year-old Abhiram in Pangappara was premeditated. A dispute linked to a romantic relationship reportedly led to the brutal killing. Investigators have found that the accused initially intended to target another child and are probing whether more people were involved in the crime.