

'മയിൽപ്പീലി' പരീക്ഷ പൊതുവിദ്യാലയങ്ങളിൽ നടത്താൻ അനുമതി നൽകുന്ന കോടതി ഉത്തരവ് സാധ്യമായത് പൊതുവിദ്യാഭ്യാസ മേഖല സംഘപരിവാറിനു തീറെഴുതാനുള്ള യുഡിഎഫ് സർക്കാരിൻ്റെ അജണ്ടയുടെ ഫലമായാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദ്യം അനുമതി നൽകിയതിനു ശേഷം പിന്നീടത് റദ്ദ് ചെയ്തത് എന്തിനെന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. അനുമതി ആദ്യം നൽകി, പിന്നീടത് നിഷേധിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുക എന്ന ലക്ഷ്യത്തോടെയായിരുന്നെന്നും പിണറായി ആരോപിച്ചു.
കോടതിയിൽ പരീക്ഷ നടത്തിപ്പിന് അനുകൂല വിധി നേടാനാകുമെന്ന മുൻധാരണയോടെയാണ് സർക്കാർ നീങ്ങിയത്. മയിൽപ്പീലി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ അധ്യാപക പരിഷത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയെ ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷനിലെ അംഗമായി യുഡിഎഫ് സർക്കാർ നിയമിച്ചത് ഇതിനു പിന്നിലെ ഗൂഢാലോചന കൂടുതൽ വ്യക്തമാക്കുന്നതാണ്. അതിന് അൽപം മുൻപാണ് കരിക്കുലം കമ്മിറ്റിയിൽ ബിജെപി പ്രതിനിധിയെ നിയമിച്ചത്. വിദ്യാഭ്യാസമേഖലയെ കൈപ്പിടിയിലാക്കാൻ ആർ എസ് എസ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളം ഉയർത്തിയ പ്രതിരോധങ്ങളെല്ലാം യുഡിഎഫ് സർക്കാർ തകർക്കുകയാണ്.
സർവ്വകലാശാലകൾ മുതൽ പൊതുവിദ്യാഭ്യാസം വരെ സകലതും കാവിവൽക്കരിക്കാൻ ഒത്താശ ചെയ്യുകയാണ്. അതിശക്തമായ പ്രതിഷേധം ഇതിനെതിരെ ഉണ്ടാകേണ്ടതുണ്ട്. ഈ നാടിൻ്റെ ജനാധിപത്യ മതേതര ശബ്ദം നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിനായി ഉച്ചത്തിൽ ഉയരണമെന്നും പ്രതിപക്ഷ നേതാവ് വാർത്താ കുറിപ്പിൽ പറഞ്ഞു. ബാലഗോകുലത്തിന്റെ മയിൽപ്പീലി മാസിക സംഘടിപ്പിക്കുന്ന യങ് സ്കോളർ ജില്ലാതല പരീക്ഷ നടത്താൻ ഹൈക്കോടതി അനുമതി നൽകി. പരീക്ഷയ്ക്ക് അനുമതി നിഷേധിച്ച സംസ്ഥാന സർക്കാർ നടപടി കോടതി റദ്ദാക്കി.
എന്നാൽ ഫലപ്രഖ്യാപനത്തിനും സംസ്ഥാനതല പരീക്ഷ നടത്തുന്നതിനും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച ഓൺലൈനായി ജില്ലാതല പരീക്ഷ നടത്താനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ്കുമാർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി. ഗോപിനാഥാണ് ഉത്തരവിട്ടത്. അധ്യാപക പരിഷത്തും മയിൽപ്പീലിയും സംയുക്തമായാണ് അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി പരീക്ഷ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷ നടത്താൻ ഒക്ടോബർ 12ന് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ അനുമതി നേരത്തെ വിവാദമായിരുന്നു. സ്കൂൾതല, ഉപജില്ലാതല പരീക്ഷകൾ പൂർത്തിയായതിന് പിന്നാലെ സർക്കാർ അനുമതി പിൻവലിച്ചു. ഇതോടെയാണ് പരീക്ഷ നടത്താൻ അനുമതി തേടി ദേശീയ അധ്യാപക പരിഷത്ത് ഹൈക്കോടതിയെ സമീപിച്ചത്.
Pinarayi Vijayan alleged that the UDF government's decision to allow the Mayilpeeli exam in public schools was part of a conspiracy. He called for strong protests against attempts to bring the education sector under the control of the Sangh Parivar.