പ്രഭാവതി അമ്മയുടെ പ്രതിഷേധം ഏറ്റു; ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി

ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ പിടികൂടാൻ ഇനി മുതൽ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
പ്രഭാവതി അമ്മയുടെ പ്രതിഷേധം ഏറ്റു; ഫുട്പാത്തിലൂടെ വണ്ടി ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി
Published on

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഫുട്പാത്തിലൂടെ നിയമലംഘനം നടത്തി സ്‌കൂട്ടർ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി. സ്‌കൂട്ടർ ഓടിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയുടെ വീഡിയോ മാധ്യമങ്ങള്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ പിടികൂടാൻ ഇനി മുതൽ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

എരഞ്ഞിപ്പാലം സ്വദേശി 72 കാരിയായ പ്രഭാവതിയമ്മയാണ് നിയമലംഘനം നടത്തി ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചുകയറ്റിയ ആളെ ധൈര്യപൂർവം തടഞ്ഞുനിർത്തിയത്. സംഭവത്തിന് പിന്നാലെ, മോട്ടോർ വാഹന വകുപ്പ് പ്രഭാവതിയമ്മയെ വീട്ടിലെത്തി ആദരിച്ചിരുന്നു. മാത്രമല്ല, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറുമായി സംസാരിക്കാനും പ്രഭാവതിയമ്മയ്ക്ക് അവസരമുണ്ടായി. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം പ്രഭാവതിയമ്മ മന്ത്രിയെ അറിയിച്ചു. ഫുട്പാത്ത് ആളുകൾക്ക് നടക്കാനുള്ളതാണെന്നും പ്രഭാവതിയമ്മ സ്‌കൂട്ടർ യാത്രികനോട് പ്രതികരിച്ച രീതി കണ്ടപ്പോൾ ബഹുമാനം തോന്നിയെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം എരഞ്ഞിപ്പാലം ജംഗ്ഷനിലായിരുന്നു സംഭവം. പ്രഭാവതിയമ്മ ഫുട്പാത്തിലൂടെ നടന്നു പോകുമ്പോൾ എതിര്‍ ദിശയില്‍ ഒരാൾ സ്‌കൂട്ടര്‍ ഓടിച്ചെത്തുകയും, അവർ സ്‌കൂട്ടര്‍ യാത്രികനെ തടഞ്ഞു നിർത്തുകയും ചെയ്തു. ഫുട്പാത്തിലൂടെ തന്നെ വണ്ടി ഓടിക്കാൻ അയാൾ ശ്രമിച്ചെങ്കിലും, പ്രഭാവതിയമ്മ വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ കാലുകൊണ്ട് അയാളെ തടയുകയായിരുന്നു. ഒടുവിൽ‍ തോൽവി സമ്മതിച്ച് അയാൾ തിരികെ പോവുകയായിരുന്നു. ഈ വീഡിയോ 'അഫ്‌ലു സ്റ്റോറീസ്' എന്ന വ്ലോഗർ പങ്കുവെച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ വൈറലായി.

English Summary: The Kerala MVD has suspended the licence of a man who rode his scooter on a Kozhikode footpath, after 72-year-old Prabhavathi Amma courageously stopped him.

Related Stories

No stories found.
Madism Digital
madismdigital.com