

'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍. ആദ്യഭാഗം കേരളത്തെ മോശമായി ചിത്രീകരിച്ചതിനാല്‍ വലിയ വിവാദമായിരുന്നു. 'ചീപ്പ് ആന്റ് വള്‍ഗര്‍ പ്രൊപ്പഗാണ്ട' എന്നാണ് രാഹുല്‍ ഈശ്വര്‍ വിശേഷിപ്പിച്ചത്. നല്ലവരായ ഹിന്ദുക്കളെ വഞ്ചിക്കാനും മുസ്ലിം സഹോദരങ്ങളെ ദ്രോഹിക്കാനുമുള്ള ശ്രമമാണിതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. 'ഹിന്ദു പെണ്ണിനെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിങ്ങള്‍' തുടങ്ങിയ രംഗങ്ങളെ പരാമര്‍ശിക്കുകയും താന്‍ ബീഫ് കഴിക്കാറില്ലെങ്കിലും മറ്റുള്ളവര്‍ കഴിക്കുന്നതിന് പ്രശ്നമില്ലെന്നും, ഗോവ, നോര്‍ത്ത് ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ഭരണം നടത്തുന്നവര്‍ പോലും ബീഫ് കഴിക്കുന്നവരാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത 'ഗോഡ്‌സേവാദികള്‍' ആണ് ഇതിനു പിന്നിലെന്നും, ഒരു കള്ളം 100 തവണ പറഞ്ഞാല്‍ സത്യമാകുമെന്ന ഹിറ്റ്‌ലറുടെ തന്ത്രം പ്രയോഗിക്കുന്ന 'ആധുനിക അര്‍ബന്‍ നാസിക'ളാണിവരെന്നും രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചു. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സേവാദികളുടെ മനസ്സാണതിനു പിന്നിലെന്നും രാഹുൽ ഈശ്വർ കുറിച്ചു. ഇത്തരം വിദ്വേഷ രാഷ്ട്രീയവും രാജ്യദ്രോഹവും അധമവും അപലപനീയവുമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. കേരളവും ഭാരതവും അഭിമാനമാണെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.
English Summary: Rahul Eashwar slammed The Kerala Story 2: Goes Beyond as “cheap propaganda” spreading hate and distorting Kerala’s image.