

പൊലീസ് സേനയിലെ പുതിയ റിക്രൂട്ട്മെന്റുകളിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സേനയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങളും പ്രാതിനിധ്യവും നൽകുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി നിയമനങ്ങളിൽ സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൃപ്പൂണിത്തുറ ഹിൽപ്പാലസിൽ കേരള ആംഡ് പൊലീസ് ഒന്നാം ബറ്റാലിയന്റെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ക്രമസമാധാന പാലനവും കുറ്റകൃത്യങ്ങൾക്കെതിരായ നടപടികളും ശക്തമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ 'ഓപ്പറേഷൻ തൂഫാൻ' വഴി 16,000 പേരെ അറസ്റ്റ് ചെയ്തതായും 13,000 കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി അറിയിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും പൊലീസ് സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎപി ഒന്നാം ബറ്റാലിയന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആസ്ഥാനം ആധുനിക സംവിധാനങ്ങളോടെ വികസിപ്പിക്കുന്നതിനുമായി 27 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
ബറ്റാലിയന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെ താമസ, പരിശീലന സൗകര്യങ്ങളും മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങൾ, ബാരക്കുകൾ, അടുക്കള, സെൻട്രൽ പൊലീസ് കാന്റീൻ, പാർക്കിങ് സൗകര്യം, നീന്തൽ പരിശീലനത്തിനുള്ള സംവിധാനം എന്നിവ ഒരുക്കും. വികസന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർവഹിക്കുക. ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എംപി അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി അനൂപ് ജേക്കബ് 'ഓപ്പറേഷൻ തൂഫാൻ 2.0'ന്റെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
പൊലീസ് സേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ദീപക് ജോയ് എംഎൽഎ, നഗരസഭാ കൗൺസിലർ ജിൻസി റോയ്, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ആംഡ് ബറ്റാലിയൻ എഡിജിപി ബൽറാംകുമാർ ഉപാധ്യായ, ഡിഐജി ജെ ഹിമേന്ദ്രനാഥ്, സിറ്റി പൊലീസ് കമ്മീഷണർ ആർ നിശാന്തിനി, ആംഡ് പൊലീസ് ബറ്റാലിയൻ കമൻഡാന്റ് കെഇ ബൈജു, കെഎപി ഒന്നാം ബറ്റാലിയൻ കമൻഡാന്റ് ജാക്സൺ പീറ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവരും സന്നിഹിതരായിരുന്നു.
The government is taking steps to ensure 30% representation for women in the police force, with greater priority being given to women in new recruitments. Under 'Operation Toofan', 16,000 people have been arrested and 13,000 cases registered. Additionally, ₹27 crore has been allocated to improve infrastructure facilities at the Kerala Armed Police (KAP) Battalion.