

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യം. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ സംവിധായകനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതി ആവശ്യം തള്ളി. ഉന്നതല ബന്ധമുള്ളയാളാണ് രഞ്ജിത്തെന്നും ജാമ്യത്തിലിറങ്ങിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സാക്ഷികളെ യാതൊരുവിധത്തിലും കാണാനോ സംസാരിക്കാനോ ശ്രമിക്കില്ലെന്നും സാക്ഷികളുള്ള പരിധിയില്‍ പ്രവേശിക്കില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യമെന്നാണ് ലഭ്യമാകുന്ന വിവരം. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.
പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മരുന്ന് കഴിക്കാതിരിക്കുന്നത് നിസ്സഹകരണ നിലപാടായി കാണാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു. പൊലീസ് ആവശ്യപ്പെട്ടാല്‍ ഏത് സമയത്തും ഹാജരാകാന്‍ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
നേരത്തെ ജാമ്യഹർജിയിലെ വാദത്തിനിടെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങൾ പ്രതിഭാഗം ഉന്നയിച്ചിരുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് അഭിനയം പ്രതീക്ഷിച്ച നന്നായില്ലെന്ന വിലയിരുത്തലിനെ തുടർന്ന് വിമർശിക്കുകയും ചില രംഗങ്ങൾ വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നുവെന്നും. ഇതുമായി ബന്ധപ്പെട്ട വിരോധമാണ് പരാതിക്ക് പിന്നിലെന്നും പ്രതിഭാഗം ആരോപിച്ചു. സംഭവം നടന്നതായി ആരോപിക്കുന്ന കാലയളവിന് പിന്നാലെ വൈകിയാണ് പരാതി നൽകിയതെന്നും, ചിലരുടെ നിർദ്ദേശങ്ങൾക്കൊടുവിലാണ് പരാതി ഉയർന്നതെന്നും പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു
ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് ലൈംഗികാതിക്രമം നടത്തിയെന്നാണ് യുവനടി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴയിൽ വെച്ച് രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരമായിരുന്നു അറസ്റ്റ്. രഞ്ജിത്ത് സംഭവത്തിന് ശേഷം നടിയെ വിളിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചുവെന്ന് നേരത്തെ അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു.
English Summary: Ranjith has been granted bail in a sexual assault case, with the court providing relief as legal proceedings continue.