

ഇടത് സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് റെജി ലൂക്കോസിനെ ബിജെപിയിലേക്ക് സ്വീകരിച്ചു. 'ദ്രവിച്ച ആശയങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ബിജെപിയുടെ വികസന ആശയങ്ങളിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും' കൂടുമാറ്റത്തിന് പിന്നാലെ റെജി ലൂക്കോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
'ആശയപരമായി രാഷ്ട്രീയ യുദ്ധത്തിനുള്ള സാഹചര്യം ഇപ്പോൾ കേരളത്തിലില്ല. യുവാക്കൾ നാടുവിടുന്നു, ഇങ്ങനെ പോയാൽ കേരളം വൃദ്ധാലയം ആകുമെന്നും,' റെജി ലൂക്കോസ് പറഞ്ഞു.
ബിജെപിയുടെ ദേശീയ നേതൃത്വം പകർന്നു നൽകുന്ന വികസനവും ആശയങ്ങളും തന്നെ കുറേ നാളുകളായി സ്വാധീനിക്കുന്നുണ്ടെന്നും ഉത്തരേന്ത്യയിൽ യാത്ര ചെയ്യുമ്പോൾ അവിടുത്തെ വികസനം കണ്ട് താൻ ഞെട്ടിയിട്ടുണ്ട്, ബിജെപിയെ വർഗീയവാദികൾ എന്ന് വിളിക്കുന്ന ഇടതുപക്ഷം തന്നെയാണ് യഥാർത്ഥത്തിൽ കേരളത്തിൽ വർഗീയ വിഭജനത്തിന് വഴിയൊരുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കുറെ നാളുകളായി തനിക്ക് ബിജെപിയിൽ നിന്നും ക്ഷണമുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഇനി മുതൽ, തന്റെ ആശയങ്ങളും, പ്രവർത്തികളും, താൻ ശബ്ദിക്കുന്നതും ബിജെപിക്ക് വേണ്ടി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടത്, കോണ്‍ഗ്രസ് പാളയങ്ങളില്‍ നിന്ന് പ്രമുഖരെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കിയിട്ടുണ്ട്. റെജി ലൂക്കോസിന്‍റെ കൂടുമാറ്റം ഇതിന്‍റെ സൂചനയാണെന്നാണ് പാർട്ടി നേതൃനിരയുടെ പ്രഖ്യാപനം. കേരളത്തില്‍ ഇത്തവണ ഒന്നിലധികം സീറ്റുകള്‍ നേടുമെന്ന് നേരത്തെ അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിരുന്നു. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ നടന്ന ഏറ്റവും വലിയ രാഷ്ട്രീയ നീക്കങ്ങളിലൊന്നായിട്ടാണ് ബിജെപി നേതൃത്വം റെജി ലൂക്കോസിന്‍റെ പാർട്ടി പ്രവേശനത്തെ കാണുന്നത്.
English Summary: Former CPI(M) supporter and prominent left-leaning voice Reji Lukose has joined the BJP