

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്നു. കേസിൽ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ടിൽ(ഇസിഐആർ) ഉൾപ്പെട്ട പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതുമടക്കം കർശന നടപടികളിലേക്കാണ് ഇഡി നീങ്ങുന്നത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെയും സ്വർണപ്പാളികൾ ഉരുക്കി കടത്താൻ സഹായിച്ച സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരിയുടെയും, സ്വർണം വാങ്ങിയ ഗോവർധൻ തുടങ്ങിയവരുടെ അക്കൗണ്ടുകൾ ആണ് പരിശോധിക്കുക. ഇതിലൂടെ കടത്തിയ സ്വർണത്തിന്റെ വില്പനയും പണം കൈമാറിയ വഴികളും പരിശോധിക്കുകയാണ് കേന്ദ്ര ഏജൻസിയുടെ ലക്ഷ്യം. അതേസമയം കേസിൽ പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാർ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള കോടതി അനുമതി തേടാനുള്ള തയ്യാറെടുപ്പുകളും ഇഡി നടത്തുന്നുണ്ട്.
എസ്ഐടിയുടെ പട്ടികയിൽ ഉൾപ്പെട്ട പ്രതികൾ നിലവിൽ റിമാൻഡിലായതിനാലാണ് കോടതിയുടെ തീരുമാനത്തിനായി ഇഡി കാത്തിരിക്കുന്നത്. ശബരിമല സ്വർണകൊള്ളയിലെ ക്രിമിനൽ വശങ്ങളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്നത്. എന്നാൽ സാമ്പത്തിക നേട്ടം പരിശോധിക്കുന്ന ഇഡി വരവിൽ കൂടുതൽ സമ്പാദ്യം പ്രതികൾക്കുണ്ടോ എന്നാണ് പരിശോധിക്കുന്നത്. എങ്ങനെ കണ്ടെത്തുന്ന പ്രതികളുടെ സ്വത്തുക്കളാണ് ഇ ഡി കണ്ടുക്കെട്ടുക. കൂടാതെ ശബരിമലയിൽനിന്നും കടത്തിയ സ്വർണത്തിൽ നിന്നും സമ്പാദിച്ച പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളാണോ ഇവയെന്നും ഇ ഡി പരിശോധിക്കും.
English Summay: The Enforcement Directorate has intensified its probe into the Sabarimala gold smuggling case, moving to examine bank accounts and attach assets of key accused to trace illicit financial gains.