ശബരിമല യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീം കോടതി

ഏഴ് വർഷത്തിനുശേഷമാണ് ഹർജികൾ പരിഗണിക്കുന്നത്.
ശബരിമല യുവതീപ്രവേശനം: ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീം കോടതി
Published on

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരി​ഗണിക്കാമെന്ന് സുപ്രീംകോടതി. ഒമ്പതം​ഗ ബെഞ്ചിന് നേതൃത്വം നൽകുന്നത് ചീഫ് ജസ്റ്റിസ് ആയിരിക്കും. ഏപ്രിൽ 7ന് വാദം തുടങ്ങും. ഏഴ് വർഷത്തിനുശേഷമാണ് ഹർജികൾ പരിഗണിക്കുന്നത്. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്ന് കോടതി പറഞ്ഞു. കൂടാതെ, എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

മതാചാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന 60ലേറെ ഹർജികളാണ് പരിഗണിക്കുന്നത്. വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പഴയ 9 അംഗ ബഞ്ചിൽ ഇപ്പോൾ താൻ മാത്രമാണ് കോടതിയിൽ ബാക്കിയുള്ളത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. നേരത്തെ വാദം കേൾക്കൽ മുടങ്ങിയത് കോവിഡ് മൂലമാണ് എന്നും, നിലവിലെ എഴു ചോദ്യത്തിന് പുറമെ കൂടുതൽ ചോദ്യങ്ങൾ ഓരോ കേസിനും അനുസരിച്ച് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നിർഭാഗ്യകരമായ സാഹചര്യങ്ങളിലാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത്. ഒമ്പതംഗ ബ‍ഞ്ചിന് കേസ് വിട്ടത് ശരിയെന്ന് നേരത്തെ തീർപ്പായതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തന്ത്രിയുടെ അഭിഭാഷകൻ കൃഷ്ണകുമാർ സിംഗിനെ ഹർജിക്കാരുടെ നോഡൽ അഭിഭാഷകനായി നിശ്ചയിച്ചു. അതേസമയം, പുന:പരിശോധനയെ അനുകൂലിക്കുന്നു എന്ന് കേന്ദ്രവും ഹർജികളെ എതിർക്കുന്നില്ലെന്ന് സംസ്ഥാനവും അറിയിച്ചിരുന്നു.

2019-ലാണ് യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയം അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. ആറ് വർഷങ്ങൾക്ക് ശേഷമാണിപ്പോൾ കേസ് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. 2019-ൽ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ജഡ്ജിമാരിൽ അവശേഷിക്കുന്ന ഏകയാളാണ് നിലവിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.

Related Stories

No stories found.
Madism Digital
madismdigital.com