

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കേരളത്തിൽ ഇപ്പോഴും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കുടികൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവല്ലെന്ന കാരണത്താൽ യേശുദാസിന് ഇപ്പോഴും ഗുരുവായൂരിൽ പ്രവേശനം അനുവദിച്ചിട്ടില്ലെന്നും, വാസ്തവത്തിൽ യേശുദാസിനേക്കാൾ നല്ല ഹിന്ദു ആരാണെന്നും അദ്ദേഹം ചോദിച്ചു. ഈ അവസ്ഥയിൽ മാറ്റം വരണമെന്നും സ്വാമി പരാമർശിച്ചു.
ഗുരുവായൂർ ക്ഷേത്രത്തിലെ കുളത്തിൽ ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ കാൽ കഴുകിയ സംഭവത്തിൽ ഉണ്ടായ തർക്കങ്ങളെ കുറിച്ചും സ്വാമി എടുത്ത് പറഞ്ഞു. യുവതിയെ അയിത്തം കല്പിച്ച് മാറ്റിനിർത്തിയ പ്രവണത ഇല്ലാതാകണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാമൂലുകളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ദൂരീകരിക്കാൻ ഗുരുദർശനത്തിന്റെ വെളിച്ചത്തിൽ ഉണർന്നു പ്രവർത്തിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നാണ് ശിവഗിരി മഠത്തിന്റെ നിലപാടെന്നും ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. വർഷങ്ങൾക്കു മുൻപ് ഗുരു നിത്യചൈതന്യയതിയും നൽകിയ ഈ നിർദേശത്തെയാണ് ശിവഗിരി മഠം ഇന്നും അനുവർത്തിക്കുന്നത്. ശിവഗിരി തീർഥാടനത്തിന്റെ ഭാഗമായി നടന്ന സംഘടനാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
English Summary: Swami Satchidananda reaffirmed support for women’s entry to Sabarimala, urging an end to superstitions and discriminatory temple practices.