

ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭക്കെതിരെ കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദ് നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ഒരു മണിക്ക് മുൻപ് കളക്ടർ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു മുസ്ലിം ലീഗ് നേതാവിന്‍റെ വിവാദ പരാമർശം. വാക്ചാരുതയും, ശരീര അഴക് വിൽപ്പന ചരക്കാക്കിയും യു പ്രതിഭ തിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നായിരുന്നു എ ഇർഷാദിന്റെ പ്രസ്താവന. എന്നാൽ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം മാത്രമാണ് പ്രചരിപ്പിച്ചതെന്നും, വാക്കുകൾ വേദനിപ്പിച്ചെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു ഇർഷാദിന്റെ പ്രതികരണം. അതേസമയം, തനിക്കെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും, പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകുമെന്നും യു പ്രതിഭ പ്രതികരിച്ചിരുന്നു. മനസ്സിൽ വേദനയുണ്ടാക്കിയ പരാമർശത്തിൽ, ഖേദം അംഗീകരിക്കാൻ കഴിയില്ലെന്നും യു പ്രതിഭ വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രസംഗം വിവാദമായതോടെ മുസ്‌ലിം ലീഗ് ഇർഷാദിനെതിരെ നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയർമാൻ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ നീക്കി മറ്റൊരാളെ നിയമിക്കുകയും, അന്വേഷണ വിധേയമായി പാർട്ടിയുടെ ഇർഷാദിന്റെ പ്രാഥമിക അംഗത്വവും സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു പരാമശത്തിനെതിരെ രംഗത്തെത്തിയിരുന്നു. യുഡിഎഫ് നേതാവ് നടത്തിയ പരാമർശങ്ങൾ ശരിയായി തോന്നിയില്ലയെന്നും, മോശം പ്രസ്താവന അംഗീകരിക്കില്ലെന്നും ലിജു വ്യക്തമാക്കിയിരുന്നു.
English Summary: The Election Commission of India has intervened after a sexist remark against U. Prathibha by A. Irshad. The district collector has been directed to take immediate action and submit a report