

പതിനാറാം കേരള മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കറായി ചുമതലയേൽക്കുന്ന ഷാനിമോൾ ഉസ്മാൻ വെറുമൊരു സ്ഥാനത്തിലേക്കല്ല സത്യപ്രതിജ്ഞ ചെയ്യുന്നത്. 39 വർഷത്തിനുശേഷമുള്ള ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറെന്ന സ്ഥാനവും 66 വർഷങ്ങൾക്കുമുമ്പ് കോൺഗ്രസിന്റെ എ നഫീസത്ത് ബീവി കൈകാര്യം ചെയ്ത കസേരയുമാണ് 2026ൽ ഷാനിമോൾ ഉസ്മാൻ ഏറ്റെടുക്കുന്നത്. 1960 ൽ രണ്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരിന്നു എ നഫീസത്ത് ബീവി.
നഫീസത്ത് ബീവിക്കുശേഷം കോൺഗ്രസിൽനിന്നുണ്ടാകുന്ന ആദ്യ മുസ്ലിം വനിതാ എംഎൽഎയാണ് ഷാനിമോൾ ഉസ്മാൻ. വനിതാ പ്രാധിനിത്യത്തോടെയാണ് ഡെപ്യൂട്ടി സ്പീക്കറെന്ന സ്ഥാനം കേരള നിയമ സഭയിൽ തുടങ്ങുന്നതുതന്നെ. 1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ 1957ൽ ഒന്നാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ കായംകുളത്ത്നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെഒ ഐഷാബിയായിരുന്നു.
ശേഷം 1960 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്നും ടിവി തോമസിനെ തോൽപിച്ചാണ് നഫീസത്ത് ബീവി എംഎൽഎ ആകുന്നത്. തുടർന്ന് 1964 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു നഫീസത്ത് ബീവി. അതിനുശേഷം 1987 ലാണ് വീണ്ടുമൊരു വനിതാ ഡെപ്യൂട്ടി സ്പീക്കർ ഉണ്ടാകുന്നത്. നായനാർ മന്ത്രിസഭയിലെ ഭാർഗവി തങ്കപ്പനായിരുന്നു അന്ന് സ്ഥാനത്ത്. പിന്നീട് കേരള മന്ത്രി സഭയിൽ വനിതകൾ ഡെപ്യൂട്ടി സ്ഥാനത്തിരുന്നിട്ടില്ല. ആ സ്ഥാനത്തേക്കാണ് 39 വർഷങ്ങൾക്കുശേഷം ഷാനിമോൾ ഉസ്മാൻ വരുന്നത്.
2011ൽ പെരുമ്പാവൂരിൽനിന്നും 2016ൽ ഒറ്റപ്പാലത്ത്നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2019ൽ അരൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് ആദ്യമായി എംഎൽഎ ആയിരുന്നു. അതേസമയം, പാര്‍ട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം വളരെ മികച്ച രീതിയിൽ നിർവഹിക്കുമെന്ന് ഷാനിമോൾ ഉസ്മാൻ മാധ്യമങ്ങളോട് പറഞ്ഞു. വെട്ടിമാറ്റി എന്ന് കരുതുന്നില്ല. ഇപ്പോൾ ഒരു സ്ഥാനത്തേക്ക് വന്നിട്ടുണ്ട്. ഇനിയും സമയമുണ്ട്. ഒറ്റ രാത്രി കൊണ്ട് ഒന്നും തീരില്ല. പാർട്ടി ഇപ്പോൾ തന്നെ അംഗീകാരം വളരെ വലുതാണെന്നും ഷാനിമോൾ പറഞ്ഞു.
English Summary: Shanimol Usman will take oath as the Deputy Speaker in the 16th Kerala Assembly, becoming the first woman to hold the post in 39 years. She is also the first Muslim woman MLA from the Congress since A. Nafeesath Beevi, who served as Deputy Speaker in 1960.