ദീപക് ആത്മഹത്യ കേസ്; ഷിംജിതയ്ക്ക് ജാമ്യം

കർശനമായ ഉപാധികളോടെയാണ് ഷിംജിതയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്.
ദീപക് ആത്മഹത്യ കേസ്; ഷിംജിതയ്ക്ക് ജാമ്യം
Published on

കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം ലഭിച്ചു. കഴിഞ്ഞ 22 ദിവസമായി ഷിംജിത റിമാന്റിൽ കഴിയുകയായിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. കർശനമായ ഉപാധികളോടെയാണ് ഷിംജിതയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുന്നത് വരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഷിംജിത ദീപക്കിനെ ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളും ഇതിലൂടെ വ്യക്തമാകുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

എന്നാൽ, ഷിംജിത 22 ദിവസമായി ജയിലിൽ ആണെന്നും ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദീകരിച്ചു. അതേസമയം, തനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്.

English Summary: Shimjitha Granted Bail in Kozhikode Deepak Suicide Case

Related Stories

No stories found.
Madism Digital
madismdigital.com