ന്യൂ ഡൽഹി: നിലമ്പൂരിൽ പുതിയ പള്ളിയുടെ അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെ വിമർശന ചോദ്യവുമായി സുപ്രീം കോടതി. നൂറ് മുസ്ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് എങ്ങനെ അനുമതി നിഷേധിക്കാനാവുമെന്ന് ഹൈക്കോടതിയോട് സുപ്രീം കോടതി ചോദിച്ചു. നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി തേടി 'നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം' നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഹൈക്കോടതിയോട് ചോദ്യമുന്നയിച്ചത്. ഇത്തരത്തിലുള്ള വാദം മുൻനിർത്തി പള്ളിക്ക് നിർമ്മിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ശരിയാണോയെന്നും സുപ്രീം കോടതി ചോദിച്ചു.
കേസിൽ ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. കെട്ടിടം സ്ഥിതി ചെയ്യുന്ന അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടികാണിച്ച് ജില്ലാ കളക്ടറാണ് പള്ളി പണിയുന്നതിനുള്ള അപേക്ഷ നിരസിച്ചത്. ഇതിന് എതിരെ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും, കളക്ടറുടെ നിലപാട് ഹൈക്കോടതിയും ശരിവെക്കുകയായിരുന്നു. തുടർന്നാണ് ഹരജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
English Summary: The Supreme Court questioned the Kerala High Court’s decision denying permission for a new mosque in Nilambur.