യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; പാർട്ടി ഓഫീസുകൾക്ക് കനത്ത സുരക്ഷ

എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; പാർട്ടി ഓഫീസുകൾക്ക് കനത്ത സുരക്ഷ
Published on: 

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി പൊലീസ് വിദ്യാർഥികളെ തല്ലിച്ചതച്ചതില്‍ പ്രതിഷേധം വ്യാപകം. യൂത്ത് കോൺ​ഗ്രസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ തർക്കപരിഹാരത്തിനായെന്ന പേരിൽ ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്ക് കയറിയ പൊലീസ് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ പ്രകോപനമില്ലാതെ ലാത്തി ചാർജ് ചെയ്യുകയായിരുന്നു. കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ച് ഇന്നലെ രാത്രി യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സംഘർഷം നിയന്ത്രിക്കാനെന്ന പേരിൽ എത്തിയ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ ഹോസ്റ്റൽ കോമ്പൗണ്ടിലും മുറികളിലും അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന വിദ്യാർഥികളെപ്പോലും വളഞ്ഞിട്ട് തല്ലിച്ചതച്ചുവെന്നാണ് പരാതി. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവരടക്കം പത്തോളം പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ഫോർട്ട് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെയും വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകരെയും പൊലീസ് മർദ്ദിച്ചു. പരിക്കേറ്റ വിദ്യാർഥികളുമായി പോയ ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിട്ടും പൊലീസ് കയ്യുംകെട്ടി നോക്കിനിൽക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം: എസ്എഫ്ഐ - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; പാർട്ടി ഓഫീസുകൾക്ക് കനത്ത സുരക്ഷ
കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്ന കോടിയേരി; എ എൻ ഷംസീർ

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ അർദ്ധരാത്രി തന്നെ മന്ത്രി വി ശിവൻകുട്ടി, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, പി കെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ സംഭവസ്ഥലത്തെത്തി റോഡിൽ കുത്തിയിരുന്ന് ഉപരോധ സമരം നടത്തി. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്നത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ സംരക്ഷിക്കാനുള്ള ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ക്യാമ്പസ് തെരഞ്ഞെടുപ്പുകളിലെ കനത്ത തോൽവി മറയ്ക്കാനാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇത്തരമൊരു ആക്രമണം അഴിച്ചുവിട്ടതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹോസ്റ്റലിൽ നടന്നത് ഏകപക്ഷീയമായ അക്രമമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഉത്തരേന്ത്യൻ മാതൃകയിലുള്ള പൊലീസ് വേട്ടയാടലാണ് ഉണ്ടായതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും വിമർശിച്ചു. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ജനാധിപത്യ സമരത്തിന് നേരെ എസ്എഫ്ഐ ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നുവെന്ന് അബിൻ വർക്കി എംഎൽഎയും കോൺഗ്രസ് നേതൃത്വവും പ്രതികരിച്ചു.

സംഭവത്തിൽ എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹോസ്റ്റലിൽ കയറി വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിനും സെക്രട്ടേറിയറ്റിലേക്കും ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും മാർച്ചിനും ആഹ്വാനം ചെയ്തു. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും നടക്കും.

കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെയുണ്ടായ കല്ലേറും ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവന് നേരെയുണ്ടായ ബിയർ കുപ്പിയേറും ഇതിന് പിന്നാലെ ബിജെപിയും ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതും കണക്കിലെടുത്ത് തലസ്ഥാനത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. എകെജി സെന്റർ, ഡിസിസി ഓഫീസ്, മാരാർജി ഭവൻ, ഡിവൈഎഫ്ഐ ഓഫീസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾക്കെല്ലാം കനത്ത പൊലീസ് കാവലും നഗരത്തിലുടനീളം ശക്തമായ പട്രോളിംഗും ഏർപ്പെടുത്തിയിരിക്കുകയാണ്.

Summary

A massive clash erupted between SFI and Youth Congress workers outside the University College hostel in Thiruvananthapuram during a YC night march. The situation escalated when police entered the hostel and resorted to a brutal lathi-charge, injuring several students and the SFI state secretary. CPI(M) leaders, including MV Govindan, strongly condemned the police action, calling it a pre-planned conspiracy. Police have registered non-bailable cases against both groups. In protest against the police brutality, SFI has called for a statewide educational strike today. Meanwhile, security has been tightened at major political party offices across the capital.

Madism Digital
madismdigital.com