

പാലക്കാട്: ’കോമാളി’ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന സിപിഐഎം നേതാവ് തോമസ് ഐസക്. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ നടത്തിയ പരാമർശം രാഷ്ട്രീയ വിമർശനത്തിന്റെ ഭാഗമായിരുന്നുവെന്നും, വ്യക്തിപരമായി ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ഐസക് പറഞ്ഞു. പാലസ്തീൻ വിഷയത്തിലെ പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നും മുൻ ധനമന്ത്രി വ്യക്തമാക്കി. “കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യമാണുള്ളത്” എന്നായിരുന്നു തോമസ് ഐസകിന്റെ വിവാദ പരാമർശം.
വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിച്ച രമേശ് പിഷാരടി, അനാവശ്യ തർക്കങ്ങൾക്ക് ഇടവരുത്താൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി. തോമസ് ഐസക്കിനോട് സ്നേഹമാത്രമാണുള്ളതെന്നും, സംസ്കാരം സമരം ചെയ്ത് നേടുന്നതല്ലെന്നും പിഷാരടി വിമർശിച്ചു. കലയും കലാകാരന്മാരും അപമാനിക്കപ്പെടരുതെന്നും, വ്യത്യസ്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നവരെ വെറുക്കുന്ന പ്രവണത ശരിയല്ലെന്നും പിഷാരടി ചൂണ്ടിക്കാട്ടി.
വ്യക്തിപരമായ വിഷമമൊന്നും ഉണ്ടായിട്ടില്ലെന്നും, മുതിർന്ന നേതാവായ തോമസ് ഐസക് ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്നും പിഷാരടി പറഞ്ഞു. പലസ്തീൻ വിഷയത്തിൽ താൻ സംസാരിച്ചതിൻ്റെ ചെറിയ റീലുകളാണ് പ്രചരിപ്പിക്കുന്നത്. തന്നെ അര സംഘി എന്നല്ലേ പറഞ്ഞതെന്നും ഒരു സംഘി എന്ന് പറഞ്ഞില്ലല്ലോയെന്നും ആയിരുന്നു പിഷാരടിയുടെ ചോദ്യം. മുകേഷിനും ഇന്നസെൻ്റിനും പ്രചാരണത്തിന് പോയിട്ടുണ്ട്, അതെല്ലാം തപ്പിയെടുക്കട്ടെ, ചെളിവാരി എറിയുന്ന രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കുകയാണെന്നും രമേശ് പിഷാരടി പറഞ്ഞു.
English Summary: Thomas Isaac expressed regret over his “clown” remark against UDF candidate Ramesh Pisharody, who responded by downplaying the issue and calling for respectful political discourse.