

കൊല്ലം കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ പാഞ്ഞുകയറി വൻ അപകടം. മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട ലോറി ബസ് കാത്തുനിന്ന കുട്ടികളുടെയടക്കം ഇടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഹരിലാൽ (54), പാർഥിപ് (15), അജയകുമാർ (45) എന്നിവരാണ് മരിച്ചത്. ഹരിലാൽ ട്യൂട്ടോറിയൽ അധ്യാപകനാണ്. മകനെ ബസ് കയറ്റിവിടാൻ വന്നതാണ് അജയ കുമാർ.
ഇന്ന് രാവിലെയായിരുന്നു സംഭവം. ഇറക്കവും വളവും ഒന്നിച്ചുവരുന്ന സ്ഥലത്ത് വച്ച് മണ്ണ് കയറ്റി വന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. തുടർന്ന്, മുന്നിലുണ്ടായിരുന്ന ബുള്ളറ്റിനെയും ഇടിച്ചുതെറിപ്പിച്ച് ലോറി സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി. ആൺകുട്ടികൾ നിന്ന ഭാഗത്തേക്കാണ് ലോറിയെത്തിയത്. സ്റ്റോപ്പിലേക്ക് ലോറി പാഞ്ഞുകയറിയതോടെ മണ്ണ് മുഴുവൻ അവിടെയുണ്ടായിരുന്നവരുടെ മുകളിലേക്ക് വീഴുകയായിരുന്നു.
കുശാൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കേറ്റവരിൽ ഒരു വിദ്യാർഥിയാണ് ഗുരുതരാവസ്ഥയിലുള്ളതെന്നാണ് വിവരം.
ബസ് സ്റ്റോപ്പിൽ ഒമ്പത് വിദ്യാർഥികൾ ഉണ്ടായിരുന്നതായാണ് നാട്ടുകാർ പറയുന്നത്. കുറച്ച് കുട്ടികൾ ഓടിമാറി. പക്ഷേ മിക്കവരും മണ്ണിനടിയിൽ പെടുകയായിരുന്നു. കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടായിരുന്നു.
മണ്ണ് കയറ്റി അമിതവേഗതയിലായിരുന്നു ലോറി. ലോഡ് കണക്കിന് മണ്ണ് വീണതോടെ അപകടത്തിൽപ്പെട്ടവർ തൽക്ഷണം മരിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട കുട്ടികളെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. അപകടത്തിൽ ലോറി പൂർണ്ണമായും തകർന്നു. മണ്ണിനടിയിൽ വിദ്യാർഥികൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മതിലിനോട് ചേർന്ന് ബസ് കാത്തുനിന്നവരാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ലോറി മതിലിലേക്ക് പാഞ്ഞുകയറി ഇടിച്ചുമറിഞ്ഞു. അതുകൊണ്ടുതന്നെ മതിലിന്റെ നിർമാണത്തിനുപയോഗിച്ച പാറക്കഷണങ്ങളും ആളുകളുടെ മുകളിലേക്ക് വീണിട്ടുണ്ട്. തൊട്ടടുത്തുന്ന കെട്ടിടത്തിന്റെ ഭാഗങ്ങളും വീണതായാണ് റിപ്പോർട്ട്.
Summary: Major accident in Kollam as tipper truck ploughs into bus stop. The out-of-control lorry rammed into a crowd, including children waiting for a bus. The incident took place at Nileshwaram in Kottarakkara. Two deaths have been confirmed in the accident. The crash occurred this morning. The cause was a tipper lorry loaded with soil losing control. As the lorry ploughed into the stop, the entire load of soil dumped on top of the people who were there. The condition of five people pulled out from under the soil is extremely critical. Reports indicate that there are still more people trapped under the debris.