

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിലിരിക്കെ, മണലൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി കോൺഗ്രസ് പാളയത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നു. നാട്ടിക കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. ഫിറോസാണ് പ്രതാപനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ പ്രതാപൻ എട്ടു കോടി രൂപയുടെ 'ഡീൽ' ഉറപ്പിച്ചെന്നും ബിജെപിയുമായി ചേർന്ന് വോട്ടുമറിച്ചെന്നുമാണ് ഫിറോസിന്റെ പ്രധാന ആരോപണം.
ആസൂത്രിതമായ കിറ്റ് വിവാദം
വാടാനപ്പള്ളിയിൽ നടന്ന ബിജെപിയുടെ കിറ്റ് വിതരണവും അതിനെത്തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും പ്രതാപനും ബിജെപി നേതൃത്വവും ചേർന്ന് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് ഫിറോസ് ആരോപിച്ചു. "ബിജെപി കിറ്റ് വിതരണം ചെയ്യുന്ന വിവരം മൂന്ന് ദിവസം മുൻപേ ഞങ്ങൾ അറിഞ്ഞിരുന്നു. അവിടെ മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളുടെ 40 ശതമാനത്തോളം വോട്ടുകളുണ്ട്. ഈ ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനായി ബിജെപിയുമായി ചേർന്ന് പ്രതാപൻ ആസൂത്രണം ചെയ്ത നാടകമാണിത്. ബിജെപിക്കെതിരെ പ്രക്ഷോഭം നയിക്കുന്നതായി കാണിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്," ഫിറോസ് പറഞ്ഞു.
'തെളിവുകൾ പ്രവർത്തകരുടെ കൈവശം'
പ്രതാപന്റെ ബിജെപി ബന്ധം വെറും ആരോപണമല്ലെന്നും കൃത്യമായ രേഖകൾ കോൺഗ്രസ് പ്രവർത്തകരുടെ കൈവശമുണ്ടെന്നും ഫിറോസ് അവകാശപ്പെട്ടു. പകൽ കോൺഗ്രസായും രാത്രിയിൽ ബിജെപിയായും പ്രവർത്തിക്കുന്ന ഇരട്ടത്താപ്പാണ് പ്രതാപന്റേത്. ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെ സഹായിക്കാമെന്ന ഉറപ്പിലാണ് മണലൂരിൽ ബിജെപിയുടെ പിന്തുണ പ്രതാപൻ തേടിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്വന്തം പാർട്ടി നേതാവിൽ നിന്നുതന്നെയുണ്ടായ ഈ നീക്കം യു.ഡി.എഫ് എത്തരത്തിൽ പ്രതിരോധിക്കുമെന്നത് നിര്‍ണായകമായും.
English Summary: In a major setback to the UDF, P.K. Firoz, Vice President of the Nattika Congress Block Committee, has leveled serious allegations against candidate T.N. Prathapan. Speaking at a press conference held at a CPM office, Firoz claimed that Prathapan struck a secret multi-crore deal with the BJP.