

യുഡിഎഫിന്റെ മന്ത്രിസഭാ രൂപീകരണം അവസാന ഘട്ടത്തിലേക്ക്. ആഭ്യന്തര വകുപ്പിനെ ചൊല്ലി ചർച്ചകൾ ചൂടുപിടിച്ചെങ്കിലും മറ്റു വകുപ്പുകളിൽ ഏകദേശ ധാരണയായി.
രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് കൊടുക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തന്റെ പക്ഷത്തുള്ള രണ്ട് എംഎൽഎമാർക്കു താൻ ആവശ്യപ്പെടുന്ന വകുപ്പ് നൽകണമെന്ന ഉറച്ച നിലപാടിലാണ് ചെന്നിത്തല. അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ എന്നിവരെ മന്ത്രിയാക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. താൻ മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്നും ചെന്നിത്തല ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഏറ്റവും മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായ ചെന്നിത്തല മന്ത്രിസഭയിൽനിന്ന് വിട്ടുനിൽക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാൻഡ് പ്രതിനിധിയായി എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യാൻ രമേശ് ചെന്നിത്തല സമ്മതിക്കുകയാണെങ്കിൽ ധനകാര്യം മുഖ്യമന്ത്രി വി.ഡി.സതീശനിലേക്ക് എത്തും. കെപിസിസി അധ്യക്ഷനായ സണ്ണി ജോസഫ്, മുതിർന്ന നേതാവ് കെ.മുരളീധരൻ, എ ഗ്രൂപ്പിലെ പ്രധാന നേതാവ് പി.സി.വിഷ്ണുനാഥ് എന്നിവർ കോൺഗ്രസിൽനിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
ഘടകകക്ഷികളുമായി വി.ഡി.സതീശൻ ചർച്ച നടത്തിവരികയാണ്. മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയാകും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കുഞ്ഞാലിക്കുട്ടി വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഉണ്ടാകില്ല. ആകെ 21 മന്ത്രിമാർ, അതിൽ 13 മന്ത്രിമാർ കോൺഗ്രസിന്.
വിദ്യാഭ്യാസ വകുപ്പ് ലീഗിനു തന്നെ ലഭിക്കും. പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ എന്നിവർ ലീഗിൽ നിന്ന് മന്ത്രിമാരാകും. പാറക്കൽ അബ്ദുള്ള, റസാഖ് മാസ്റ്റർ എന്നിവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഉണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടും. എന്നാൽ ഒരു മന്ത്രിസ്ഥാനം നൽകാമെന്നാണ് കോൺഗ്രസ് നിലപാട്.
ആർഎംപിക്കു ഒരു മന്ത്രിസ്ഥാനം ലഭിച്ചേക്കും. മന്ത്രിസ്ഥാനം ടേം വ്യവസ്ഥയിൽ മറ്റൊരു ഘടകകക്ഷിയുമായി വീതംവയ്ക്കാൻ പറ്റില്ലെന്ന നിലപാട് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
English Summary: The UDF’s cabinet formation in Kerala is in its final stages, with major attention focused on whether Ramesh Chennithala will accept the Home Ministry. Chennithala wants his loyalists Anwar Sadath and I.C. Balakrishnan included in the cabinet, while V. D. Satheesan continues talks with alliance partners over portfolios.