

പാലക്കാട്: യുഡിഎഫ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. രജിസ്റ്റർ ചെയ്ത മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ഇന്നലെ അർധരാത്രിയോടെ രാഹുൽ താമസിച്ചിരുന്ന ഹോട്ടലിലേക്ക് അതീവ രഹസ്യമായി എത്തിയ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എംഎൽഎയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
ഇ- മെയിൽ വഴി ഡി ജി പി ക്ക് ലഭിച്ച പരാതിയിന്മേലാണ് പൊലീസിന്റെ രഹസ്യ നടപടി. രാഹുൽ ശാരീരികമായും മാനസികമായും പീഡനത്തിനിരയാക്കിയെന്നും സാമ്പത്തികമായും ചൂഷണം ചെയ്തതായും പരാതിയിലുണ്ട്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്തായിരുന്നു രാഹുലുമായി പരിചയപ്പെടുന്നത്. പിന്നീട് ഹോട്ടൽ മുറിയിലെത്താൻ ആവശ്യപ്പെടുകയും ബലപ്രയോഗത്തിലൂടെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
കുഞ്ഞുണ്ടാകണമെന്ന ഉദ്ദേശത്തോടെ പരാതിക്കാരിയെ ഉപദ്രവിച്ച രാഹുൽ പിന്നീട് വിവാഹബന്ധം വേർപ്പെടുത്തണമെന്നും തന്നെ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകിയെന്നാണ് യുവതിയുടെ മൊഴി. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത് വീണ്ടും അടുത്തുകൂടി രാഹുൽ പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരാമെന്ന വ്യാജേന സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും പറയുന്നുണ്ട്. ഈ സമയം തന്നെ വിവാഹം ചെയ്യാമെന്ന വാഗ്ദാനവും ഉണ്ടായതായി പരാതിയിലുണ്ട്. രാഹുലിനെതിരെ ആദ്യ രണ്ടു പരാതികളിലും ഉയർന്നപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്.
ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ മറ്റാരുടെയെങ്കിലും കുഞ്ഞാണെന്നു പറഞ്ഞ് അധിക്ഷേപിച്ചു, ഡി എൻ എ പരിശോധനക്ക് തയ്യാറായിട്ടും രാഹുൽ വിസമ്മതിച്ചു. ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിയിക്കാനുള്ള തെളിവുകൾ പക്കലുണ്ട്, ഗർഭച്ഛിദ്രത്തിനു കടുത്ത സമ്മർദ്ദം രാഹുലിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. പിന്നീട് ഗർഭം അലസിയപ്പോഴേക്കും രാഹുൽ തന്നെ ബ്ലോക്ക് ചെയ്തുവെന്നും പരാതിയിൽ യുവതി വ്യക്തമാക്കുന്നു.
English Summary: UDF MLA from Palakkad, Rahul Mamkootathil, has been arrested by the Special Investigation Team (SIT) in connection with the third registered rape complaint against him.