

മുഖ്യമന്ത്രിപ്പോരില്‍ ഗ്രൂപ്പ് സമവാക്യങ്ങളെ അട്ടിമറിച്ച് വി.ഡി സതീശന്‍. കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ ഉയർത്തിയ ശക്തമായ വെല്ലുവിളി ജനപിന്തുണയില്‍ മാത്രം മറികടന്നാണ് വി.ഡി സതീശന്‍ മുഖ്യമന്ത്രി കസേരയിലെത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ടീം യുഡിഎഫിനെ മുന്നോട്ടുനയിച്ചത് വി.ഡി സതീശനാണ്. രണ്ടാം തവണയും പരാജയപ്പെട്ടതിന് പിന്നാലെ മുന്നണി വിടാന്‍ ആലോചിച്ച മുസ്ലിം ലീഗിനെ ഒപ്പംനിർത്തിയത് ഉള്‍പ്പെടെ ഇക്കാലയളവില്‍ ഘടകകക്ഷികളെ ഒന്നിച്ചുനിർത്തിയതിലും സതീശന് വലിയ പങ്കുണ്ട്. വിശാലമായ കാഴ്ചപ്പാടുമായി യുഡിഎഫിന് മുന്നില്‍നിന്ന് നയിച്ചതും വി.ഡിക്ക് അനുകൂല ഘടകമായി മാറി.
102 സീറ്റ് നേടി കേരളത്തില്‍ വന്‍ വിജയം സ്വന്തമാക്കിയതോടെ മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള ശക്തമായ പോരാട്ടം ആരംഭിച്ച കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ആദ്യഘട്ടത്തില്‍തന്നെ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ചിരുന്നു. കൂടുതൽ എംഎല്‍എമാരുടെ പിന്തുണയില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിക്കാനാവില്ലെന്ന് കെ.സിയെ പിന്തുണയ്ക്കുന്ന ദീപാ ദാസ് മുന്‍ഷി ഹൈക്കമാന്‍ഡിനെ അറിയിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണമായി.
അതേസമയം എംഎല്‍എമാരുടെ പിന്തുണയല്ല ജനവികാരമാണ് മാനിക്കേണ്ടതെന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന ചർച്ചയില്‍ ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടു. കേരളത്തില്‍നിന്നുള്ള മുതിർന്ന നേതാക്കള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടക്കുന്ന ചർച്ചകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇതാണ് നിർണായകമായി.
English Summary: V. D. Satheesan has emerged victorious in the Kerala Chief Minister race by overcoming strong internal group dynamics within the Congress. Despite stiff challenges from K. C. Venugopal and Ramesh Chennithala camps, Satheesan secured the top post largely on the strength of public support.