'ജി സുധാകരന്‍ നുണ പറയുന്നയാളല്ല, നീതിമാനായ ഭരണാധികാരി'; പുകഴ്ത്തി വിഡി സതീശന്‍

അദ്ദേഹം തീരുമാനം എടുത്തതിന് ശേഷമായിരുന്നു യുഡിഎഫ് അദ്ദേഹവുമായി ബന്ധപ്പെട്ടത്
'ജി സുധാകരന്‍ നുണ പറയുന്നയാളല്ല, നീതിമാനായ ഭരണാധികാരി'; പുകഴ്ത്തി വിഡി സതീശന്‍
Published on

തിരുവനന്തപുരം: ജി സുധാകരൻ നീതിമാനായ ഭരണാധികാരിയും നുണ പറയാത്ത വ്യക്തിയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അമ്പലപ്പുഴ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹത്തെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പുകഴ്ത്തൽ. ജി സുധാകരൻ സിപിഐഎം നേതാവായിരുന്ന കാലത്ത് മന്ത്രിമാർക്കെതിരെ ഏറ്റവും കൂടുതൽ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ എംഎൽഎയാരുന്നു ഞാൻ, പല മന്ത്രിമാരെ കടന്നാക്രമിച്ചപ്പോഴും ജി സുധാകരനെ കുറിച്ച് ആദരവോടെ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു.

ജി സുധാകരൻ നീതിമാനായ ഭരണാധികാരിയായിരുന്നു. എന്തെങ്കിലും ആവശ്യവുമായി സമീപിച്ചാൽ രാഷ്ട്രീയം നോക്കാതെ നേരും നെറിയും പരിഗണിച്ച് തീരുമാനമെടുക്കുന്ന വ്യക്തിയാണ്. സിപിഐഎമ്മിലെ മറ്റൊരു മന്ത്രിയെ കുറിച്ചും ഇങ്ങനെ പറയാനുള്ള സാഹചര്യം തനിക്കുണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചിട്ടും ജി സുധാകരൻ ഫോൺ എടുത്തില്ലെന്ന ആരോപണവും അതുപോലെ തന്നെ വിഡി സതീശനെ വിളിച്ചിട്ടുമില്ലെന്ന ജി സുധാകരന്റെ മറുപടിയെ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ. ഈ വിഷയത്തിൽ ജി സുധാകരനെയാണ് വിശ്വസിക്കുന്നതെന്നും സതീശൻ പറഞ്ഞു.

ഒരു നിലപാട് എടുത്ത് ജി സുധാകരൻ നീങ്ങിയപ്പോൾ രാഷ്ട്രീയമായ പിന്തുണയാണ് കോൺഗ്രസ് നൽകിയത്. അദ്ദേഹം തീരുമാനം എടുത്തതിന് ശേഷമായിരുന്നു യുഡിഎഫ് അദ്ദേഹവുമായി ബന്ധപ്പെട്ടത്. കാലിന് പരുക്ക് സംഭവിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നപ്പോൾ പല തവണ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചിരുന്നു. ആലപ്പുഴ വഴി സഞ്ചരിക്കുമ്പോഴെല്ലാം അദ്ദേഹത്തെ വിളിക്കാറുണ്ട്. നല്ല ആരോഗ്യകരമായ ബന്ധമാണ് ജി സുധാകരനുമായുള്ളത്. തനിക്കെതിരെ മത്സരിച്ച പന്ന്യൻ രവീന്ദ്രനുമായി ഇപ്പോഴും നല്ല സൗഹൃദം പുലർത്തുന്നുണ്ട്. ജി സുധാകരന് പിന്തുണ നൽകുന്നതിനെതിരെ പ്രാദേശിക കോൺഗ്രസിൽ ഭിന്നതയില്ലെന്നും സതീശൻ വ്യക്തമാക്കി.

കെ സുധാകരന്റെ 'മൂന്നാം സർക്കാർ' പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിനും വി ഡി സതീശൻ മറുപടി നൽകി. നൂറിലധികം സീറ്റിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന പ്രതിപക്ഷ നേതാവിന്റെ അവകാശവാദം നൂറ് ശതമാനം ശരിയാണെന്നും പ്രതിപക്ഷ നേതാവിന് തെറ്റ് സംഭവിക്കില്ലെന്നുമായിരുന്നു കെ സുധാകരൻ പറഞ്ഞത്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂർ തുടങ്ങിയ മണ്ഡലങ്ങളെ കുറിച്ചുള്ള തന്റെ കണക്കുകൂട്ടലുകൾ ശരിയാണെന്നും പല തവണ കെ സുധാകരൻ പറഞ്ഞിട്ടുണ്ടെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചി സീറ്റിനെ സംബന്ധിച്ച് വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിൽ അടി നടന്നു എന്നാണ് ചിലർ പ്രചരിപ്പിച്ചത്. ആ വാർത്തയെ കുറിച്ച് കെ സി തന്നെയാണ് തന്നോട് പങ്കുവെച്ചതും. അദ്ദേഹം പൊട്ടിച്ചിരിക്കുകയായിരുന്നു. താൻ പല പ്രാവശ്യം യോഗത്തിൽ നിന്ന് ഇറങ്ങി ചായ കുടിക്കുകയും, വാഷ് റൂമിൽ പോവുകയും, ഉറങ്ങുകയുമൊക്കെ ഒക്കെ പോയിട്ടുണ്ട്. പല സ്ഥാനാർഥികളുടെയും കാര്യത്തിൽ തർക്കങ്ങളുണ്ടായിട്ടുണ്ട്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തീരുമാനമെടുത്തത്. സിപിഐഎമ്മിന്റെയും എൻഡിഎയുടെയും പല മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പേര് ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. സിപിഐഎമ്മിന്റെ മെറിറ്റ് എന്താണെന്ന് തളിപ്പറമ്പിലെ മുതിർന്ന നേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. സിപിഐഎമ്മിനുള്ളിൽ തന്നെയാണ് അതിശക്തമായ എതിർപ്പുകളുള്ളത്. അതിലൊന്നും തങ്ങളാരും ഇടപെടൽ നടത്തിയിട്ടില്ല, യുഡിഎഫിന്റെ സ്ഥാനാർഥികളുടെ വിഷയത്തിലും ആരും ഇടപെടേണ്ടെതില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു.

സീറ്റ് ലഭിക്കാത്തവർക്ക് പകരം പാർട്ടി പദവിനൽകും. മത്സരിക്കാൻ അർഹരായവരാണ് എല്ലാവരും. പലരുടെയും പേര് ഒഴിവാക്കേണ്ടി വന്നത് വളരെ പ്രയാസത്തോടെയും വിഷമത്തോടെയുമാണ്. മാറ്റി നിർത്തപ്പെട്ട എല്ലാവരെയും ഹൃദയത്തോടാണ് ചേർന്നുനിർത്തുന്നതെന്നും അവരെല്ലാവരും വേണ്ടപ്പെട്ടവർ ആണെന്നും സതീശൻ പറഞ്ഞു.

ജോസഫ് വാഴക്കനൊക്കെ പട്ടികയിൽ വരേണ്ട സീനിയറായ ആളുകളാണ്. അദ്ദേഹത്തോട് വലിയ കടപ്പാടുണ്ട്. അനിയനെ പോലെയാണ് അദ്ദേഹം തന്നെ സ്‌നേഹിച്ചത്. ഈ സ്ഥാനത്ത് ഇരുന്നിട്ട് പോലും അദ്ദേഹത്തിനെപ്പോലെ ഒരു സീനിയർക്ക് സീറ്റ് നൽകാൻ സാധിക്കാത്തതിൽ വലിയ സങ്കടമുണ്ട്. താൻ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് പുറത്തായപ്പോൾ തിരികെ കൊണ്ടുവന്നത് അദ്ദേഹമാണെന്നും സതീശൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ച് ഫ്‌ളക്‌സും പോസ്റ്ററും അടിക്കുകയും അവസാന നിമിഷം ജോസഫ് വാഴക്കന് സീറ്റില്ലെന്ന് അറിയിക്കുകയുമായിരുന്നു. ഈ വിഷയത്തിലാണ് വി ഡി സതീശൻ പ്രതികരിച്ചത്.

English Summary: VD Satheesan praised G. Sudhakaran as an honest and fair administrator, highlighting his integrity beyond political lines. He also addressed election-related issues and internal discussions within Congress.

Related Stories

No stories found.
Madism Digital
madismdigital.com