

കണ്ണൂർ: കെഎസ്‌യു നേതാക്കൾ ആരോഗ്യമന്ത്രി വീണ ജോർജിന് നേരെ നടത്തിയ അതിക്രമത്തിൽ വധശ്രമത്തിന് തെളിവ് സമാഹരിക്കാനാവാതെ പൊലീസ്. എഫ്ഐആറിൽ രേഖപ്പെടുത്തിയ ആക്രമിക്കാൻ ഉപയോഗിച്ച ആയുധവും ഗൂഢാലോചന തെളിയിക്കാനുള്ള തെളിവുകളും പൊലീസിന് കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ട്. അക്രമം നടന്ന കണ്ണൂർ റെയിൽവേ സ്റ്റേഷനിലും കറുത്ത തുണി വാങ്ങിയ സ്ഥാപനത്തിലുമാണ് പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്.
തെളിവെടുപ്പിന് ശേഷം കേസിലെ പ്രതികളെ ജയിലിലേക്ക് തന്നെ കൊണ്ടുപോയി. നിലവിൽ ആരോഗ്യമന്ത്രിയെ അക്രമിച്ചതായി ലഭിച്ച പരാതിയിൽ കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എം സി അതുൽ, സി എച്ച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരുടെ അറസ്റ്റുകളാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.
ഫെബ്രുവരി 25ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് വേണ്ടിയെത്തിയ മന്ത്രിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. ആക്രമണത്തിൽ കൈയ്ക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയെ അപായപ്പെടുത്താനായി മനഃപൂർവ്വം നടത്തിയ അക്രമണമാണെന്നായിരുന്നു സിപിഐഎം നേതാക്കൾ സംഭവത്തോട് പ്രതികരിച്ചത്. എന്നാൽ, മന്ത്രിക്ക് പരിക്കേറ്റിട്ടില്ലെന്നും അതെല്ലാം അഭിനയമാണെന്നുമാണ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചത്.
English Summary: Police failed to find sufficient evidence to prove an attempted murder charge in the attack on Kerala Health Minister Veena George by activists of Kerala Students Union (KSU) at Kannur Railway Station.