

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി ഹൈക്കോടതി. എം.കെ. സാനു അടക്കമുള്ളവർ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് പി.ആർ. രവി അധ്യക്ഷനായ ബെഞ്ചാണ് വെള്ളാപ്പള്ളി നടേശനടക്കമുള്ള ഭാരവാഹികൾക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് ഉത്തരവിട്ടത്. വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.
ദീർഘകാലമായി തുടരുന്ന നിയമപോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എസ്.എൻ.ഡി.പി യോഗത്തിന്റെ കണക്കുകളിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ബോർഡ് അംഗങ്ങളടക്കമുള്ള ഭാരവാഹികളെ അയോഗ്യരാക്കിയത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരെയാണ് കോടതി അയോഗ്യരാക്കിയത്. നിയമപ്രകാരം ഇവർക്കു സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കോടതി വ്യക്തമാക്കി.
വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ തുടർച്ചയായി മൂന്ന് വർഷം വീഴ്ച വരുത്തിയാൽ ആ കാലയളവിലെ ഡയറക്ടർമാർക്ക് സ്വാഭാവികമായി അയോഗ്യത ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്. അയോഗ്യത വന്നാൽ അഞ്ചു വർഷത്തേക്ക് യോഗത്തിന്റെ മാത്രമല്ല മറ്റേതെങ്കിലും കമ്പനിയുടെ ഡയറക്ടറായി തുടരാനും സാധ്യമല്ല. 2013–14 മുതൽ 2015–16 വരെ തുടർച്ചയായി മൂന്ന് വർഷം എസ്.എൻ.ഡി.പി യോഗത്തിന്റെ റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വന്നതായി ഹർജിയിൽ പറയുന്നുണ്ട്. 2020 ഓഗസ്റ്റിൽ രജിസ്ട്രേഷൻ അധികൃതർക്കു ഹർജിക്കാർ നിവേദനം നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
English Summary: The Kerala High Court has disqualified Vellapally Natesan, SNDP Yogam’s General Secretary, along with President M.N. Soman and Vice President Tushar Vellapally, from their posts. The ruling follows a petition highlighting lapses in submitting the organization’s annual returns for three consecutive years, rendering the officials ineligible to continue in their positions.