മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.
മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
Published on

കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം എറണാകുളത്തെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിത്. 2005ൽ പികെ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി വ്യവസായ മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു.

മൃതദേഹം വൈകീട്ട് ആറ് മണി മുതൽ കളമശ്ശേരി ചാക്കോളാസിൽ പൊതുദർശനത്തിനു വെക്കും. മധ്യ കേരളത്തിലെ ലീഗിന്റെ ജനകീയ മുഖമായിരുന്നു ഇബ്രാഹിം കുഞ്ഞ്. 2001ൽ മട്ടാഞ്ചേരിയിൽ നിന്നുമാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2006ലും മട്ടാഞ്ചേരിയിലെ ജനത അദ്ദേഹത്തെ കൈവിട്ടില്ല. പിന്നീട് 2011ലും 2016ലും കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ ജീവിതത്തിന് കളങ്കമായി. കേസിൽ വിജിലൻസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2020 നവംബറിൽ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 2021 ജനുവരിയോടെ ആരോഗ്യനില മോശമായപ്പോൾ ഹൈക്കോടതി ജാമ്യം നൽകുകയായിരുന്നു.

കേരളത്തിന്റെ വികസന പാതയിൽ വലിയ പങ്കുവഹിച്ച നേതാവാണദ്ദേഹമെന്ന് പി കെ കുഞ്ഞാലികുട്ടി അനുസ്മരിച്ചു. എറണാകുളത്തിന്റെ മതേതരമുഖമാണ് നഷ്ടമായതെന്നാണ് വിയോഗ വാർത്ത അറിഞ്ഞ സാദിഖലി തങ്ങൾ പറഞ്ഞത്. മുസ്ലിം ലീഗിന്റെ വിദ്യർത്ഥി പ്രസ്ഥാനമായ എംഎസ്എഫിലൂടെയും യൂത്ത് ലീഗിലൂടെയും രാഷ്ട്രീയത്തിലേക്കെത്തിയ നേതാവാണ് ഇബ്രാഹിം കുഞ്ഞ്. മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ജനറൽ സെക്രട്ടറി, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ എന്നീ ചുമതലകളും നിർവഹിച്ചിട്ടുണ്ട് . വി യു ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി 1952 ലാണ് ജനനം.

English Summary

Former Kerala Minister and Muslim League state vice-president V.K. Ibrahim Kunju passed away at 73 in Kochi’s Lakeshore Hospital.

Related Stories

No stories found.
Madism Digital
madismdigital.com