ഒരുപാട് മൂത്താശാരിമാർക്കിടയിൽ ഒരാൾ മാത്രമാണ് ഞാൻ!

അജയൻ ചാലിശ്ശേരി : മലയാള സിനിമയിലെ മികച്ച കലാസംവിധായകരിൽ ഏറ്റവും മുന്നിൽ തന്നെ സ്ഥാനമുറപ്പിച്ച കലാകാരനാണ് അജയൻ ചാലിശ്ശേരി. 'മഞ്ഞുമ്മൽ ബോയ്സ്' എന്ന ചിത്രത്തിൽ, കൊടൈക്കനാലിലെ ​'ഗുണാ കേവി'ന്റെ ഒറിജിനലിനെ വെല്ലുന്ന റിയലിസ്റ്റിക് സെറ്റ് ഒരുക്കി മലയാള സിനിമയെ അജയൻ ഞെട്ടിച്ചു. മലയാളം പോലെ പരിമിതമായ ബജറ്റിൽ സിനിമയൊരുക്കുന്ന ഇൻഡസ്ട്രിയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രൊഡക്ഷൻ ഡിസൈനർ കൂടിയാണ് അദ്ദേഹം.

അതുകൊണ്ട് തന്നെ 2025ലെ മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയതും അദ്ദേഹം തന്നെ. മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ കലാസംവിധാനത്തിലെ വെല്ലുവിളികളെ കുറിച്ചും, സിനിമയിൽ പാലിക്കേണ്ട അർപ്പണബോധത്തെ കുറിച്ചും, പ്രിയപ്പെട്ട സിനിമകളെ കുറിച്ചും, പ്രേക്ഷകർ നൽകുന്ന സ്നേഹത്തെ കുറിച്ചും, വ്യത്യസ്ഥമായ അനുഭവങ്ങളെ കുറിച്ചും അജയൻ ചാലിശ്ശേരി സംസാരിക്കുന്നുണ്ട്.

Q

മലയാള സിനിമയുടെ 'മൂത്താശ്ശാരി' എന്ന വിളി താങ്കൾ ആസ്വദിക്കാറുണ്ടോ?

A

സത്യത്തിൽ അങ്ങനെയൊരു വിളിയുടെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. കാരണം, അതിഭീകരൻമാരായ ഒരുപാട് മുത്താശ്ശാരിമാർ മലയാളത്തിൽ തന്നെയുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയെടുക്കുന്ന ടീമിൽ, അസോസിയേറ്റുകൾ, ആർട്ടിസ്റ്റുകൾ, മരപ്പണിക്കാർ, മോൾഡർമാർ, വെൽഡർമാർ, ഡമ്മി ആർട്ടിസ്റ്റുകൾ, ​ഗ്രാഫിക്ക് ഡിസൈനർമാർ, എന്നിങ്ങനെ ഒരുപാട് പേർ കാണും. കലാകാരൻമാർ എന്ന നിലയിൽ ഞാനും എന്റെ ടീമും ഞങ്ങളുടെ ജോലികൾ ആത്മാർത്ഥമായി ചെയ്തുകൊണ്ടിരിക്കുന്നു. അവർക്കിടയിൽ ഒരാളായി അറിയപ്പെടാനാണ് ഞാനും ആ​ഗ്രഹിക്കുന്നത്.

Q

ഒരു നല്ല പ്രൊഡക്ഷൻ ഡിസൈനറും അയാളുടെ കരവിരുതും സിനിമയിൽ അദൃശ്യമായിരിക്കും. എങ്കിൽ മാത്രമാണ് പൂർണ സംതൃപ്തിയോടെ പ്രേക്ഷകന് സിനിമ ആസ്വദിക്കാനാവുക. അത്തരത്തിൽ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുമ്പോൾ, അജൻ ചാലിശ്ശേരി അനുഭവിക്കുന്ന ആനന്തം എത്തരത്തിലുള്ളതാണ്?

A

ഇത്തരം പ്രശംസകൾ എന്നെ സന്തോഷിപ്പിക്കാറുണ്ട്. പക്ഷെ അതോടൊപ്പം വിമർശനങ്ങളും ധാരാളം വരാറുണ്ട്. ഒരു സിനിമയുടെ കഥയും സംവിധായകനും ആവശ്യപ്പെടുന്നതെന്താണോ, അത് കുറ്റമറ്റതായി ചെയ്ത് കൊടുക്കുക എന്നതാണ് ഒരു പ്രൊഡക്ഷൻ ഡിസൈനറുടെ ജോലി. പക്ഷെ അതിന് വേണ്ടി, അയാൾക്കാവശ്യമായ പണവും സമയവും ടീമും കൂടെയുണ്ടോ എന്നത് പ്രേക്ഷകൻ ഓർക്കുന്നില്ല എന്ന് പലപ്പോഴും തോന്നാറുണ്ട്. പല ഓൺലൈൻ ചാനലുകളും, വ്യക്തികളും, 'സിനിമയിൽ സെറ്റ് മോശമായി,' 'അത് സെറ്റാണ് എന്ന് മനസിലായി,' 'സെറ്റ് വെറും ദാരിദൃമായി തോന്നി,' എന്നൊക്കെ പറയുന്നത് കേൾക്കാം. പക്ഷെ അതിന് കാരണം ഒരുപക്ഷെ, ആ പ്രൊ‍‍ഡക്ഷൻ ഡിസൈനർക്ക് വളരെ കുറച്ച് സമയം മാത്രമായിരിക്കും ലഭിച്ചത്, അല്ലെങ്കിൽ വേണ്ടത്ര സാമ്പത്തികം കിട്ടികാണില്ല. പക്ഷെ അതൊന്നും പ്രേക്ഷകൻ അറിയാറില്ല.

Q

പ്രൊഡക്ഷൻ ഡിസൈനിം​ഗ്, നന്ദി കിട്ടാത്ത ജോലിയാണെന്ന് താങ്കൾക്ക് തോന്നാറുണ്ടോ? ചെയ്തത് കൂടുതൽ ഭം​ഗിയായാൽ ജനങ്ങൾ പ്രൊഡക്ഷൻ‍ ഡിസൈനറെ മറന്ന് പോകാനും മതിയല്ലോ?

A

ചെറുതും വലുതുമായ ഒരുപാട് ജോലികൾ പ്രൊഡ​ക്ഷൻ ഡിസൈനർക്ക് ചെയ്യാനുണ്ടാകും. അതിൽ എല്ലാമൊന്നും പ്രേക്ഷകർ മനസിലാക്കാൻ വഴിയില്ല. കാരണം സിനിമ പൂർത്തിയാക്കുന്നതിന്റെ തിരക്കുകൾക്കിടയിൽ, നമ്മൾ ഉണ്ടാക്കിയെടുത്ത പ്രൊഡക്ടിന്റെ ഒരു ഫോട്ടോ പോലും മിക്കപ്പോഴും എടുക്കാൻ കഴിയാറില്ല. ‌‌ഇന്ന് എത്രയോ പേർ അവർ വരച്ച ചിത്രങ്ങളുടേയും, ഉണ്ടാക്കിയ ശിൽപത്തിന്റേയുമൊക്കെ ഫോട്ടോയും വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു. എന്നാൽ ഇത്ര വലിയ സിനിമ സെറ്റിട്ടിട്ടും, അത് ആരോടും പറയാൻ ഞങ്ങൾക്ക് സമയം കിട്ടാറില്ല. ഇപ്പോഴാണ് സിനിമയുടെ പിന്നാമ്പുറ കാഴ്ച്ചകൾ പ്രേക്ഷകർ കാണാൻ തുടങ്ങിയത്. എന്നാൽ അതിന് മുൻപ് ഇതൊക്കെ ആരും അറിയാതെ പോകും.

Q

സെറ്റുകൾ പൊളിച്ച് മാറ്റിയാൽ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്?

A

സെറ്റ് പണിയുന്നതാണ് ബുദ്ധിമുട്ട്, പൊളിച്ചു മാറ്റാൻ വളരെ എളുപ്പമാണ്. ചിലതൊക്കെ മറ്റു സിനിമകൾക്ക് വേണ്ടി മാറ്റി സൂക്ഷിക്കും. പക്ഷെ സെറ്റ് പൊളിക്കുന്ന സമയത്ത്, കഴിവതും അവിടേക്ക് ഞാൻ പോകാറില്ല. നമുക്ക് വളരെ പ്രിയപ്പെട്ട സിനിമാ സെറ്റുകൾ എടുത്ത് മാറ്റുന്നത് കാണുമ്പോൾ ഉള്ളിൽ വേദനയാണ്.

Ajayan Chalissery, one of Malayalam cinema’s most acclaimed production designers, wowed audiences with his hyper-realistic recreation of Kodaikanal’s “Guna Cave” in Manjummel Boys. In this interview with Madism Digital, Ajayan opens up about the craft’s challenges, the dedication behind his work, his favourite films, the audience’s support, and standout moments from his journey.

Related Stories

No stories found.
Madism Digital
madismdigital.com