

2026 ഗ്രാമി പുരസ്‌കാര വേദിയിൽ ഡൊണാൾഡ് ട്രംപിനെ വിമർശിച്ച് ബില്ലി എലിഷ് അടക്കമുള്ള അവാർഡ് ജേതാക്കൾ. അനധികൃത കുടിയേറ്റം തടയുന്നതിനും ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന്റെ (ഐസ്) നയങ്ങൾക്കും പ്രവർത്തികൾക്കുമെതിരെയാണ് താരങ്ങൾ രംഗത്തെത്തിയത്.
ഐസ് ഔട്ട് എന്നെഴുതിയ ടാഗ് ധരിച്ചും, ട്രംപിന്റെ നീക്കങ്ങൾക്കെതിരെ സംസാരിച്ചുമാണ് താരങ്ങൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ബാഡ് ബണ്ണി, ബില്ലി എലിഷ്, ഒലിവിയ ഡീൻ, സിസ, കെഹ്‌ലാനി, ബില്ലി എലിഷ്, ബ്രാൻഡി കാർലൈൽ, ജസ്റ്റിൻ ബീബർ, തുടങ്ങിയ പുരസ്‌കാര ജേതാക്കളും താരങ്ങളുമാണ് തങ്ങളുടെ വിയോജിപ്പുകൾ ഗ്രാമി വേദിയിൽ വ്യക്തമാക്കിയത്.
"ദൈവത്തിന് നന്ദി പറയുന്നതിന് മുമ്പ്, എനിക്ക് പറയാനുള്ളത് 'ഐസ് ഔട്ട്' എന്നാണ്," എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ബാഡ് ബണ്ണി പ്രസംഗം തുടങ്ങിയത്. നമ്മൾ മനുഷ്യരാണെന്നും, വന്യമൃഗങ്ങളോ അപരിഷ്കൃതരോ അന്യഗ്രഹജീവികളോ അല്ലെന്നും, വിദ്വേഷമല്ല സ്നേഹമാണ് വലുതെന്നും അദ്ദേഹം പറഞ്ഞു. ഐസ് തന്റെ സംഗീത പരിപാടികൾക്കെത്തുന്നവരെ ലക്ഷ്യം വച്ചേക്കുമെന്ന് ഭയന്ന് യുഎസിൽ പര്യടനം നടത്തേണ്ടെന്ന് ബാഡ് ബണ്ണി മുൻപ് തീരുമാനിച്ചിരുന്നു. നമ്മൾ പോരാടുകയാണെങ്കിൽ അത് സ്നേഹത്തോടെ ആയിരിക്കണം. നമുക്ക് അരോടും വിദ്വേഷം വേണ്ട. ഞാൻ എന്റെ ജനതയേയും കുടുംബങ്ങളെയും സ്നേഹിക്കുന്നു എന്നും ഗായകൻ കൂട്ടിച്ചേർത്തു. ബാഡ് ബണ്ണിയുടെ 'ഡെബി തിരാർ മാസ് ഫോട്ടോസി'നാണ് ഇത്തവണത്തെ ആൽബം ഓഫ് ദ ഇയർ പുരസ്കാരം.
വേദിയിലെത്തിയ പോപ് താരം ബില്ലി എലിഷും ട്രംപിനോടുള്ള തന്റെ അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞു. "മറ്റൊരാളിൽ നിന്ന് പിടിച്ചെടുത്ത ഭൂമികയില്‍ ആരും കുടിയേറ്റക്കാരല്ല. ഇപ്പോൾ എന്ത് പറയണം അല്ലെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയാൻ പ്രയാസമാണ്. എങ്കിലും നമ്മൾ പോരാട്ടം തുടരുകയും പ്രതിഷേധിക്കുകയും വേണം," എന്നായിരുന്നു ബില്ലിയുടെ വാക്കുകൾ. ഒപ്പം, താനും കുടിയേറ്റ കുടുംബത്തിലെ അംഗമാണെന്നും, തന്റെ പൂർവ്വികരുടെ ധീരതയുടെ ഫലമാണ് ഇവിടെ എത്തിപ്പെട്ടതിന് കാരണമെന്നും, മികച്ച നവാഗത ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഗായിക ഒലിവിയ ഡീൻ തുറന്ന് പറഞ്ഞു.
കെൻഡ്രിക് ലാമറിനൊപ്പമുള്ള തന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലൂഥർ' എന്ന ഗാനത്തിന് റെക്കോർഡ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ശേഷം ബാക്ക്സ്റ്റേജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സിസയും (SZA) തന്റെ ശക്തമായ നിലപാടുകൾ തുറന്നു പറഞ്ഞു. നാം നേട്ടങ്ങൾ ആഘോഷിക്കുമ്പോൾ, തെരുവിൽ ആളുകൾ നേരിടുന്ന നടപടികളിൽ ഭയമുണ്ടെന്നാണ് സിസ പറഞ്ഞത്. അതുപോലെ, അവാർഡുദാന ചടങ്ങിൽ വെച്ച് 'ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് തുലയട്ടെ' എന്ന് പ്രഖ്യാപിച്ചാണ് കെഹ്‌ലാനി വേദി വിട്ടത്.
തന്റെ ആദ്യ ഗ്രാമി പുരസ്‌കാരം 'കുടിയേറ്റക്കാരുടെ മക്കൾക്കായി' സമർപ്പിക്കുന്നതായി ഷാബൂസിയും വേദിയിൽ പറഞ്ഞു. കൂടാതെ 'ഐസ് ഔട്ട്' എന്ന ടാഗ് പിൻ ധരിച്ചു കൊണ്ടും ഗ്രാമി റെഡ് കാർപ്പെറ്റിൽ എത്തിയ നിരവധി പേരുണ്ട്. ബില്ലി എലിഷ്, ബ്രാൻഡി കാർലൈൽ, ജസ്റ്റിൻ ബീബർ, ഹെയ്‌ലി ബീബർ, ജാക്ക് ആന്റനോഫ്, ജസ്റ്റിൻ വെർണൻ, മാർഗോ പ്രൈസ്, സമാര ജോയ് എന്നിവരൊക്കെയാണ് പിൻ ധരിച്ച് വേദിയിലെത്തിയത്.
English Summary: Grammy award winners used the 2026 Grammy Awards stage to criticize President Trump’s immigration policies, particularly ICE actions, voicing solidarity with immigrants through speeches and symbols.