

പതിനൊന്നാം വയസ്സിൽ അമ്മയ്ക്കൊപ്പം ടാക്സിയിൽ യാത്ര ചെയ്തപ്പോഴുണ്ടായ പേടിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് നടി പ്രിയങ്ക ചോപ്ര. അപകടം തിരിച്ചറിഞ്ഞ് അമ്മ മധു ചോപ്ര തന്നെ സംരക്ഷിക്കാൻ കാണിച്ച ധൈര്യപൂർവ്വമായ ഇടപപെടലിനെ കുറിച്ചാണ് പ്രിയങ്ക സംസാരിച്ചത്. 'ദ ബ്ലഫ്' എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര.
'ബ്ലഡി മേരി' എന്ന് വിളിക്കപ്പെടുന്ന, തന്റെ കുടുംബത്തെ സംരക്ഷിക്കാൻ പോരാടുന്ന ഒരു കടൽക്കൊള്ളക്കാരിയുടെ വേഷമാണ് ദ ബ്ലഫിൽ പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലെ കരീബിയൻ ദ്വീപുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അമ്മ, മധു ചോപ്ര തന്നെ പിന്തുണച്ച ഏതെങ്കിലുമൊരു സന്ദർഭം വിശദ്ധീകരിക്കാമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രിയങ്ക
പ്രിയങ്കയുടെ വാക്കുകൾ:
"അമ്മയുടെ ഉള്ളിലെ 'ബ്ലഡി മേരി' പുറത്തു വന്ന ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു. എനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോൾ ഞാനും അമ്മയും ഡൽഹിയിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു. ഒരിക്കൽ ടാക്സിയിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർ ഞങ്ങൾക്ക് പരിചയമില്ലാത്ത ഒരു വഴിയിലേക്ക് വണ്ടി തിരിച്ചു. അത് ഞങ്ങൾക്ക് എത്തിച്ചേരേണ്ട സ്ഥലത്തേക്കുള്ള കുറുക്കുവഴിയാണെന്നാണ് ഡ്രൈവർ അവകാശപ്പെട്ടത്. എന്നാൽ ആ വഴി എടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും, അവിടെ ഞങ്ങൾ മാത്രമാണുള്ളത് എന്നും അമ്മയ്ക്ക് മനസിലായി. അമ്മ പൊടുന്നനേ ടാക്സി ഡ്രൈവറുടെ കഴുത്തിൽപ്പിടിച്ച് പ്രധാന റോഡിലേക്ക് തിരികെ പോകാൻ പറഞ്ഞു.
എന്റെ കൗമാരക്കാരിയായ മകളോടൊപ്പമാണ് ഞാനുള്ളത് എന്ന് അമ്മ പറഞ്ഞു. എന്റെ അമ്മയുടെ ആ ഭാവം കണ്ട് ഞാൻ ഞെട്ടിപ്പോയി, ഇതിന് മുൻപ് ഞാൻ അമ്മയെ അതുപോലെ കണ്ടിരുന്നില്ല. അതിനുശേഷം, നാല് മാസത്തോളം ഞാൻ അമ്മയോട് ഒരിക്കൽ പോലും തർക്കിച്ചില്ല. അമ്മ തനിച്ചായിരുന്നെങ്കിൽ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് എനിക്കറിയില്ല. കാരണം, ഹോട്ടലിലേക്ക് തിരികെ എത്തിയപ്പോൾ അമ്മ വിറയ്ക്കുകയായിരുന്നു, ഒരുപക്ഷെ എന്നെ സംരക്ഷിക്കാനായിരിക്കും അന്ന് അവർ അങ്ങനെ പ്രതികരിച്ചത്."
എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസി എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് പ്രിയങ്ക. ഈ ചിത്രത്തിൽ മഹേഷ് ബാബുവും പൃഥ്വിരാജ് സുകുമാരനുമാണ് മറ്റുപ്രധാന വേഷങ്ങളിൽ. ചിത്രം 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
English Summary: Actor Priyanka Chopra recalled a terrifying incident from when she was eleven, sharing how her mother Madhu Chopra protected her during a suspicious taxi ride in Delhi.