കേരളം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട മിസ എന്ന നാടകം. കോഴിക്കോട് ചിലങ്ക ഫ്ലോട്ടിങ് തിയറ്റർ അവരിപ്പിച്ച ഈ നാടകത്തിലെ ഒരു പ്രത്യേക രംഗം മാത്രം അടർത്തിയെടുത്ത് സംഘപരിവാർ, കോൺഗ്രസ് അനുകൂല പ്രൊഫൈലുകളിൽ നിന്നും കടുത്ത സൈബർ ആക്രമണവും സദാചാര വിചാരണയുമാണ് ഉയർന്നുവരുന്നത്. നാടകത്തിലെ നായികയായി ചിന്നു ചിലങ്ക ഉൾപ്പെടെ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിനാണ് വിധേയയായത്.
എന്നാൽ, നാടകത്തിന്റെ പ്രമേയത്തെ സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കിക്കാണുന്നവർ യഥാർത്ഥത്തിൽ അടിയന്തരാവസ്ഥയുടെ ഇരുണ്ട ചരിത്രത്തെയും യാഥാർത്ഥ്യങ്ങളെയുമാണ് ഭയക്കുന്നതെന്നായിരുന്നു ഇതിനെതിരെ ഉയർന്ന മറുപടി. ഇവിടെയാണ് ഈ നാടകം ആരരുടെ കഥയാണ് പറയുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരതയുടെ ഇരയായി രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന പ്രമുഖ കലാകാരി സ്നേഹലത റെഡ്ഢിയുടെ പോരാട്ട ജീവിതമാണ് മിസ പറയുന്നത്.
ആരാണ് സ്നേഹലത റെഡ്ഢിയെന്നും എന്തുകൊണ്ടാണ് അവരുടെ ജീവിതം അരങ്ങിലെത്തുമ്പോൾ ചിലർക്ക് ഇത്രത്തോളം അസ്വസ്ഥതയുണ്ടാകുന്നത് എന്നും ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും.
ആന്ധ്രാപ്രദേശിൽ ക്രിസ്തുമതം സ്വീകരിച്ച രണ്ടാം തലമുറയിൽപ്പെട്ട കുടുംബത്തിൽ 1932-ലാണ് സ്നേഹലത ജനിച്ചത്. അവരുടെ ആദ്യകാല ജീവിതം ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ തീക്ഷ്ണതകൾ നിറഞ്ഞതായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ കലയെയും രാഷ്ട്രീയത്തെയും അവർ ഒരുപോലെ സ്നേഹിച്ചു.
ചെന്നൈയിലെ നാടകവേദിയുടെ മുഖച്ഛായ തന്നെ മാറ്റിയ വ്യക്തിയായാണ് സ്നേഹലത അവിടെ അറിയപ്പെടുന്നത്. 1960-കളിൽ ഷേക്സ്പിയറുടെ ട്വൽഫ്ത് നൈറ്റ് (Twelfth Night), ഹെൻറിക് ഇബ്സന്റെ പിയർ ഗിന്റ് (Peer Gynt) തുടങ്ങിയ നിരവധി ശ്രദ്ധേയമായ നാടകങ്ങൾ അരങ്ങിലെത്തിച്ച പ്രശസ്ത അമേച്വർ നാടകസംഘമായ മദ്രാസ് പ്ലെയേഴ്സിന്റെ സഹസ്ഥാപകയായിരുന്നു അവർ. ഈ നാടകസംഘം ഇന്നും ചെന്നൈയിലെ നാടകാസ്വാദകർക്ക് മുന്നിൽ സജീവമായി നിലകൊള്ളുന്നുണ്ട്.
വിവാഹശേഷം ഭർത്താവും കവിയുമായ പട്ടാഭിരാമ റെഡ്ഡിക്കൊപ്പം മദ്രാസിലെയും പിന്നീട് ബെംഗളൂരുവിലെയും സമാന്തര നാടകവേദികളിൽ അവർ സജീവമായി. പിന്നീട് ബെംഗളൂരുവിലെയും സമാന്തര നാടകവേദികളിൽ അവർ സജീവമായി. ബെംഗളൂരുവിൽ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾക്കായി നിരവധി പോരാട്ടങ്ങൾ ഏറ്റെടുത്തു. സാമൂഹിക വിഷയങ്ങളിലെ ഈ ഇടപെടലുകൾക്കൊപ്പം തന്നെ മറ്റൊരു പ്രമുഖ നാടകപ്രവർത്തകനായ അശോക് മന്ദണ്ണയ്ക്കൊപ്പം ചേർന്ന് 'അഭിനയ' എന്ന പ്രശസ്ത നാടകസംഘത്തിനും അവർ രൂപം നൽകി.
1970-ൽ പുറത്തിറങ്ങിയ 'സംസ്കാര' എന്ന പ്രശസ്ത കന്നഡ ചിത്രത്തിലൂടെയാണ് അവർ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യൻ സമാന്തര സിനിമയിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും അവരെ തേടിയെത്തി. ഡോ. റാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ഏറെ ആകൃഷ്ടയായ അവർ തികഞ്ഞൊരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരി കൂടിയായിരുന്നു.
1975 ജൂൺ 25ന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ ഉയർന്ന ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്ന് സ്നേഹലതയുടേതായിരുന്നു. ജനങ്ങളുടെ മൗലികാവകാശങ്ങൾ റദ്ദാക്കപ്പെട്ട ആ കാലഘട്ടത്തിൽ, ഭരണകൂടത്തിന് എതിരെയുള്ള ഒളിവിൽ പ്രവർത്തിക്കുന്ന പ്രതിരോധ സംഘങ്ങളിൽ അവർ പങ്കാളിയായി. തികച്ചും അക്രമരഹിതമായ പോരാട്ടത്തിലൂടെ ഭരണകൂടത്തെ എതിർക്കാനാണ് അവർ ശ്രമിച്ചത്.
എന്നാൽ, അന്നത്തെ സർക്കാരിന് അവരുടെ ചോദ്യങ്ങളും പ്രതിഷേധങ്ങളെയും ഭയമായിരുന്നു. പ്രശസ്തമായ ബറോഡ ഡൈനാമൈറ്റ് കേസിൽ ജോർജ് ഫെർണാണ്ടസിനൊപ്പം സ്നേഹലതയേയും ഭരണകൂടം പ്രതി ചേർക്കാൻ ശ്രമിച്ചു. കുറ്റപത്രത്തിൽ അവരുടെ പേരില്ലാതിരുന്നിട്ടും, ആഭ്യന്തര സുരക്ഷാ നിയമം അഥവാ മിസ (Maintenance of Internal Security Act - MISA) പ്രകാരം 1976 മെയ് മാസത്തിൽ യാതൊരു വിചാരണയും ഇല്ലാതെ അവരെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു സെന്റ്രൽ ജയിലിലെ എട്ടുമാസത്തോളം നീണ്ട ഏകാന്ത ജയിൽവാസം സ്നേഹലത റെഡ്ഢിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. കടുത്ത ആസ്ത്മ രോഗിയായിരുന്ന അവർക്ക് മതിയായ വൈദ്യസഹായം നിഷേധിക്കപ്പെട്ടു. ജയിലിലെ മനുഷ്യത്വരഹതിമായ ചുറ്റുപാടുകളിൽ അവരുടെ ആരോഗ്യസ്ഥിതി മോശമായി. ശ്വാസം കിട്ടാതെ അവർ പലവട്ടം ജയിലിൽ കുഴഞ്ഞുവീഴുകയും പലതവണ അബോധാവസ്ഥയിലാകുകയും ചെയ്തു.
എന്നിട്ടും അവർ തന്റെ പോരാട്ടവീര്യം കൈവിട്ടില്ല. ജയിലിലെ മറ്റ് സഹതടവുകാരായ സ്ത്രീകൾക്ക് നേരെ നടക്കുന്ന ക്രൂരമായ മർദ്ദനങ്ങൾക്കെതിരെ ശബ്ദമുയർത്താനും, അവർക്ക് മികച്ച ഭക്ഷണം ലഭിക്കാൻ വേണ്ടി ജയിലിൽ നിരാഹാരം കിടക്കാനും ആ അവസ്ഥയിലും സ്നേഹലത തയ്യാറായി. ജയിലിൽ വെച്ച് അവർ എഴുതിയ ഡയറിക്കുറിപ്പുകൾ അടിയന്തരാവസ്ഥയിലെ കൊടിയ പീഡനങ്ങളുടെ ഏറ്റവും വലിയ നേർസാക്ഷ്യമാണ്.
ജയിലിൽ വെച്ച് സൂക്ഷിച്ചിരുന്ന ഒരു ചെറിയ ഡയറിയിൽ സ്നേഹലത ഇങ്ങനെ എഴുതി: "ഒരു സ്ത്രീ ജയിലിലേക്ക് വരുമ്പോൾ തന്നെ, മറ്റെല്ലാവരുടെയും മുന്നിൽ വെച്ച് അവളെ പൂർണ്ണ നഗ്നയാക്കുന്നു. ഒരു മനുഷ്യൻ ശിക്ഷിക്കപ്പെടുമ്പോൾ തന്നെ അവർ വേണ്ടത്ര ശിക്ഷ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. മനുഷ്യശരീരത്തെയും ഇത്തരത്തിൽ തരംതാഴ്ത്തുകയും അപമാനിക്കുകയും ചെയ്യേണ്ടതുണ്ടോ? ഇത്തരം വികൃതമായ രീതികൾക്ക് ആരാണ് ഉത്തരവാദി?
ബുദ്ധിമാന്മാരായ സൂപ്രണ്ടുമാരും ജയിൽ ഐജിയുമൊക്കെ ഇവിടുത്തെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയല്ലേ വേണ്ടത്? ഈ ലോകത്ത് ജനിക്കുന്ന ഓരോ മനുഷ്യന്റെയും ലക്ഷ്യമെന്താണ്? മനുഷ്യരാശിയെ പൂർണ്ണതയിലേക്ക് അല്പമെങ്കിലും ഉയർത്തുക എന്നതല്ലേ അത്? ഒരു മനുഷ്യൻ ജനിക്കുന്നത് ഏത് ജീവിതസാഹചര്യത്തിലാണെങ്കിലും, സാധ്യമായ എല്ലാ വഴികളിലൂടെയും മനുഷ്യന്റെ വികാരങ്ങളുടെയും ചിന്തകളുടെയും നിലവാരം ഉയർത്തുക എന്നതാണ് അവരുടെ നിയോഗം." സഹജീവികളോട് അവർക്ക് എത്രത്തോളം കരുതലുണ്ടായിരുന്നുവെന്ന് അവരുടെ എഴുത്തുകളിൽ നിന്ന് വ്യക്തമാണ്.
എട്ട് മാസത്തെ കൊടിയ പീഡനങ്ങൾക്ക് ശേഷം, ജയിലിൽവെച്ച് അവർ മരിച്ചേക്കാം എന്ന ഭയം മൂലം 1977 ജനുവരി പകുതിയോടെ ഭരണകൂടം അവരെ പരോളിൽ പുറത്തിറക്കി. എന്നാൽ ജയിൽവാസം ആ ശരീരത്തെ അത്രമേൽ തകർത്തിരുന്നു. പുറത്തിറങ്ങി കൃത്യം അഞ്ചാം ദിവസം, 1977 ജനുവരി 20-ന് കടുത്ത ഹൃദയാഘാതത്തെയും ശ്വാസകോശത്തിലെ അണുബാധയെയും തുടർന്ന് സ്നേഹലത റെഡ്ഡി അന്തരിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂട ഭീകരതയുടെ ആദ്യത്തെ വലിയ രക്തസാക്ഷികളിൽ ഒരാളായി അവർ മാറി.
Snehalatha Reddy was a prominent Indian theatre personality, award-winning actress, and passionate socialist activist. She played a pivotal role in shaping the theatre scene in South India, co-founding the 'Madras Players' in Chennai and 'Abhinaya' in Bengaluru, while also starring in the acclaimed Kannada film Samskara. During the 1975 Emergency, she fiercely opposed the suspension of democratic rights. As a result, she was arrested under the draconian MISA (Maintenance of Internal Security Act) without trial. Despite suffering from severe asthma, she was subjected to eight months of solitary confinement and denied basic medical care in Bengaluru Central Jail. Released on parole due to her rapidly deteriorating health, she passed away just five days later on January 20, 1977, becoming one of the first and most prominent martyrs of the Emergency's state oppression.