തലച്ചോറിന്റെ പ്രവർത്തന രഹസ്യങ്ങൾ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ച മൂന്ന് ശാസ്ത്രജ്ഞർക്ക് 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം. അമേരിക്കയിലെ ഹോവാർഡ് ഹ്യൂസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, സ്റ്റാൻഫോർഡ് സർവകലാശാല എന്നിവിടങ്ങളിലെ കാൾ ഡീസെറോത്ത്, ബെർലിനിലെ ഹുംബോൾട്ട് സർവകലാശാലയിലെ പീറ്റർ ഹെഗെമാൻ, വുർസ്ബർഗ് സർവകലാശാലയിലെ ജോർജ് നാഗൽ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന അയോൺ ചാനലുകൾ, ഒപ്റ്റോജെനിറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട ഇവരുടെ സുപ്രധാന കണ്ടെത്തലുകൾക്കാണ് പുരസ്കാരമെന്ന് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ നൊബേൽ അസംബ്ലി പ്രഖ്യാപിച്ചു. 12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 900,000 പൗണ്ട്) ആണ് സമ്മാനത്തുക. ഇത് മൂവരും തുല്യമായി പങ്കിടും. വൈദ്യശാസ്ത്ര മേഖലയിൽ നൽകുന്ന 117-ാമത്തെ നൊബേൽ പുരസ്കാരമാണിത്.
തലച്ചോറിലെ നാഡീകോശങ്ങളെ പ്രകാശം ഉപയോഗിച്ച് നിയന്ത്രിക്കാനും അവയെ പ്രവർത്തനക്ഷമമാക്കാനും കഴിയുന്ന ലൈറ്റ് സെൻസിറ്റീവ് സ്വിച്ച് വികസിപ്പിച്ചെടുത്തതാണ് ഈ ശാസ്ത്രജ്ഞരുടെ പ്രധാന നേട്ടം. ക്ലാമിഡോമൊണാസ് എന്ന പച്ചപ്പായൽ പ്രകാശത്തിലേക്ക് നീങ്ങുന്നത് എങ്ങനെയാണെന്ന പീറ്റർ ഹെഗെമാന്റെ പരീക്ഷണങ്ങളിൽ നിന്നാണ് ഇതിന്റെ തുടക്കം. ഈ പായലിൽ പ്രകാശത്തെ അതിവേഗം വൈദ്യുത സിഗ്നലാക്കി മാറ്റാൻ കഴിയുന്ന പ്രോട്ടീൻ ഉണ്ടെന്ന് അദ്ദേഹം കണ്ടെത്തി.
നാഗലും ഹെഗെമാനും ചേർന്ന് ഈ പ്രോട്ടീനുകളെ ചാനൽറോഡോപ്സിൻ എന്ന് തിരിച്ചറിയുകയും, നീലവെളിച്ചം അടിക്കുമ്പോൾ കോശങ്ങളിലേക്ക് അയോണുകൾ കടന്ന് വൈദ്യുത തരംഗം ഉണ്ടാകുന്നുവെന്നും തെളിയിച്ചു. കാൾ ഡീസെറോത്ത് ഈ പരീക്ഷണത്തെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുകയും ജീവനുള്ള എലികളുടെ തലച്ചോറിലെ നാഡീകോശങ്ങളിൽ പ്രകാശം ഉപയോഗിച്ച് വൈദ്യുത സിഗ്നലുകൾ ഉണ്ടാക്കാമെന്ന് തെളിയിക്കുകയും ചെയ്തു.
അടിസ്ഥാന ശാസ്ത്രത്തിൽ നിന്നുള്ള ഈ കണ്ടെത്തൽ ഒപ്റ്റോജെനറ്റിക്സ് തെറാപ്പി എന്ന പുതിയ വൈദ്യശാസ്ത്ര ശാഖയ്ക്ക് തന്നെ തുടക്കം കുറിച്ചിരിക്കുകയാണ്. റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അസുഖം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട ഒരാളുടെ കാഴ്ചശക്തി ഭാഗികമായി തിരികെ കൊണ്ടുവരാൻ ഒരു ക്ലിനിക്കൽ ട്രയലിലൂടെ ഈ സാങ്കേതികവിദ്യയ്ക്ക് കഴിഞ്ഞിരുന്നു. പ്രത്യേകതരം വൈറസുകൾ വഴിയാണ് ഇതിനുള്ള ജനിതക നിർദ്ദേശങ്ങൾ കണ്ണിലെ കോശങ്ങളിലേക്ക് എത്തിച്ചത്.
അപസ്മാരം, ഡിമെൻഷ്യ, അഡിക്ഷൻ, പാർക്കിൻസൺസ്, വിഷാദരോഗം തുടങ്ങിയവയെക്കുറിച്ച് കൂടുതൽ അറിയാനും പുതിയ ചികിത്സകൾ കണ്ടെത്താനും ഒപ്റ്റോജെനറ്റിക്സ് ഇന്ന് ലോകമെമ്പാടുമുള്ള ലബോറട്ടറികളിൽ ഉപയോഗിക്കുന്നുണ്ട്.
"തലച്ചോറിലെ ഓരോ കോശവും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വികാരങ്ങളും ഓർമ്മകളും എങ്ങനെ രൂപപ്പെടുന്നുവെന്നും കൃത്യമായി മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കും," നൊബേൽ കമ്മിറ്റി അംഗമായ അന്ന വെഡൽ പ്രതികരിച്ചു. ഒപ്റ്റോജെനറ്റിക്സ് വഴി അന്ധത മാറ്റാനുള്ള ശ്രമങ്ങൾക്ക് ഈ പുരസ്കാരം വലിയ ഊർജ്ജം പകരുമെന്ന് സ്വിറ്റ്സർലൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ആൻഡ് ക്ലിനിക്കൽ ഒഫ്താൽമോളജി ബേസൽ ഡയറക്ടർ പ്രൊഫ. ബോട്ടോണ്ട് റോസ്കയും അഭിപ്രായപ്പെട്ടു.
The 2026 Nobel Prize in Physiology or Medicine has been awarded to scientists Karl Deisseroth, Peter Hegemann, and Georg Nagel for their pioneering discoveries in optogenetics. Their research identified light-gated ion channels, allowing scientists to control specific brain nerve cells using light. This breakthrough has revolutionized neuroscience, providing a functional map of the brain and opening new avenues for treating neurological disorders and restoring vision.