നക്ഷത്രങ്ങളിലേക്കൊരു മലയാളി സ്പർശം; ഡോ. അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു

എട്ട് മാസം നീളുന്ന ഈ ദൗത്യം (എക്സ്പെഡിഷൻ 74/75) പൂർത്തിയാക്കി 2027 ഏപ്രിലിലാകും സംഘം ഭൂമിയിൽ തിരിച്ചെത്തുക
നക്ഷത്രങ്ങളിലേക്കൊരു മലയാളി സ്പർശം; ഡോ. അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു
AFP
Published on

ഭൂമിയുടെ അതിരുകൾ ഭേദിച്ച്, നക്ഷത്രങ്ങൾക്കിടയിൽ പുതിയൊരു ലോകം തേടിയുള്ള മനുഷ്യന്റെ യാത്രയിൽ ഇനി ഒരു മലയാളിയുടെ കയ്യൊപ്പും പതിയും. അമേരിക്കയിലെ മിനിയാപൊളിസിൽ ജനിച്ചെങ്കിലും, വേരുകൾകൊണ്ട് പാലക്കാടിന്റെ മണ്ണോട് ചേർന്നുനിൽക്കുന്ന നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ തന്റെ ആദ്യ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുന്നു. റോസ്കോസ്മോസിന്റെ സോയൂസ് എംഎസ്-29 പേടകത്തിൽ അദ്ദേഹം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കുതിച്ചുയരുമ്പോൾ, അത് കേവലമൊരു യാത്ര മാത്രമല്ല, മനുഷ്യന്റെ ഭാവിയിലേക്കുള്ള, ദീർഘകാല ബഹിരാകാശ യാത്രകളിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിലെ യാത്രികരായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവർക്കൊപ്പമാണ് അദ്ദേഹത്തിന്റെ യാത്ര. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8:17-ന് റഷ്യയുടെ സോയൂസ് എംഎസ്-29 (Soyuz MS-29) പേടകത്തിലാണ് ഇവർ കുതിച്ചുയർന്നത്. ഏകദേശം മൂന്ന് മണിക്കൂർ നീളുന്ന യാത്രയ്ക്ക് ശേഷം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കും. എട്ട് മാസം നീളുന്ന ഈ ദൗത്യം (എക്സ്പെഡിഷൻ 74/75) പൂർത്തിയാക്കി 2027 ഏപ്രിലിലാകും സംഘം ഭൂമിയിൽ തിരിച്ചെത്തുക.

നക്ഷത്രങ്ങളിലേക്കൊരു മലയാളി സ്പർശം; ഡോ. അനിൽ മേനോൻ ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു
ചരിത്രം കുറിക്കാൻ ഡോ. അനിൽ മേനോൻ; ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി വേരുകളുള്ള നാസ യാത്രികൻ

അമേരിക്കയിലെ മിനിയാപൊളിസിൽ ജനിച്ച അനിലിന്റെ വേരുകൾ കേരളത്തിലാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡോ. ശങ്കരൻ മേനോന്റെയും യുക്രെയ്ൻ സ്വദേശിയായ എലിസബത്തിന്റെയും മകനാണ് 49-കാരനായ അനിൽ. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷനായ ഏക മലയാളിയുമായ ചേറ്റൂർ ശങ്കരൻ നായരുടെ പിൻഗാമി കൂടിയാണ് അദ്ദേഹം. അനിലിന്റെ ഭാര്യ അന്ന മേനോനും ബഹിരാകാശ സഞ്ചാരിയാണ് (സ്പേസ് എക്സിന്റെ പോളാരിസ് ഡോൺ ദൗത്യത്തിൽ അവർ പങ്കെടുത്തിരുന്നു).

എമർജൻസി മെഡിസിൻ വിദഗ്ദ്ധനായ അദ്ദേഹം യുഎസ് വ്യോമസേനയിൽ ലെഫ്റ്റനന്റ് കേണലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2014-ൽ നാസയിൽ ഫ്ലൈറ്റ് സർജനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, 2018-ൽ സ്പേസ് എക്സിൽ ചേർന്ന് അവരുടെ മെഡിക്കൽ പ്രോഗ്രാമിന് നേതൃത്വം നൽകി. 2021 ഡിസംബറിലാണ് നാസയുടെ ബഹിരാകാശയാത്രികരുടെ സംഘത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

ദൗത്യത്തിലെ പ്രധാന ലക്ഷ്യങ്ങൾ

എട്ട് മാസത്തെ ബഹിരാകാശ വാസത്തിനിടെ ഭാവിയിലെ ദീർഘകാല ബഹിരാകാശ യാത്രകൾക്ക് സഹായകമാകുന്ന നിരവധി പരീക്ഷണങ്ങൾക്ക് ഡോ. അനിൽ മേനോൻ നേതൃത്വം നൽകും. അതിവേഗ കമ്പ്യൂട്ടറുകൾക്കും നിർമിത ബുദ്ധി സംവിധാനങ്ങൾക്കും അത്യാവശ്യമായ സെമികണ്ടക്ടർ ക്രിസ്റ്റലുകൾ മൈക്രോഗ്രാവിറ്റിയിൽ നിർമിക്കുന്നതിനുള്ള സാധ്യതകൾ അദ്ദേഹം പഠനവിധേയമാക്കും. ദീർഘകാലം ബഹിരാകാശത്ത് കഴിയുമ്പോൾ മനുഷ്യശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠിക്കും. പ്രത്യേകിച്ച്, രക്തയോട്ടത്തിലും രക്തക്കുഴലുകളിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ നിരീക്ഷിക്കും. ഭാവിയിൽ ചൊവ്വയിലേക്കും മറ്റുമുള്ള യാത്രകളിൽ നിർണായകമായേക്കാവുന്ന മറ്റൊരു കണ്ടെത്തലാണിത്.

ബഹിരാകാശ നിലയത്തിലെ കുടിവെള്ളം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകൾ നിർമിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ അദ്ദേഹം പരീക്ഷിക്കും. അടിയന്തര ഘട്ടങ്ങളിൽ ഭൂമിയിലെ ഡോക്ടർമാരുടെ സഹായമില്ലാതെ തന്നെ ബഹിരാകാശത്ത് മെഡിക്കൽ സ്കാനിങുകൾ നടത്താൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യകളും ഈ ദൗത്യത്തിൽ പരീക്ഷിക്കപ്പെടും.

Summary

NASA astronaut Dr. Anil Menon, who has Indian roots, has successfully launched on his first mission to the International Space Station (ISS). He traveled aboard the Roscosmos Soyuz MS-29 spacecraft from the Baikonur Cosmodrome in Kazakhstan, alongside Russian cosmonauts Pyotr Dubrov and Anna Kikina. During this eight-month expedition, Dr. Menon will conduct critical research essential for future long-duration space travel, including missions to Mars. His key experiments involve manufacturing semiconductor crystals in microgravity, studying physiological changes in the human body, producing IV fluids using space station water, and testing AI and AR technologies for autonomous medical scanning in space.

Madism Digital
madismdigital.com