

ഇന്ത്യയുടെ അഭിമാനമായ മംഗൾയാൻ ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ഇസ്രോ ശാസ്ത്രജ്ഞ നന്ദിനി ഹരിനാഥിന്റെ സാരി ഇനി അമേരിക്കൻ ബഹിരാകാശ മ്യൂസിയത്തിൽ തിളങ്ങും. വാഷിംഗ്ടണിലെ വിഖ്യാതമായ സ്മിത്‌സോണിയൻ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിലാണ് ഈ സാരി പ്രദർശനത്തിന് വെച്ചിരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ മുന്നേറ്റത്തിന്റെ പ്രതീകമായും വനിതാ ശാസ്ത്രജ്ഞരുടെ വിജയഗാഥയായും കണക്കാക്കിയാണ് മ്യൂസിയം അധികൃതർ ഈ സാരി തങ്ങളുടെ അന്താരാഷ്ട്ര ബഹിരാകാശ ശേഖരത്തിലേക്ക് തിരഞ്ഞെടുത്തത്
2013 നവംബർ 5-നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ പേടകം കുതിച്ചുയർന്നത്. തുടർന്ന് അതേവർഷം ഡിസംബറിൽ, പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് പുറത്തു കടത്തി ചൊവ്വയിലേക്കുള്ള 300 ദിവസത്തെ ദീർഘദൂര യാത്രയ്ക്ക് തുടക്കം കുറിച്ച ഏറ്റവും നിർണായകമായ ദിവസമാണ് നന്ദിനി ഈ ചുവപ്പും നീലയും കലർന്ന പട്ട് സാരി ധരിച്ചിരുന്നത്. മംഗൾയാൻ ദൗത്യത്തിന്റെ ഡെപ്യൂട്ടി ഓപ്പറേഷൻസ് ഡയറക്ടർ ആയിരുന്നു നന്ദിനി ഹരിനാഥ്. അന്ന് കൺട്രോൾ റൂമിലിരുന്ന് ദൗത്യത്തിന്റെ ഓരോ നീക്കങ്ങളും നിയന്ത്രിച്ച ശാസ്ത്രജ്ഞരിൽ പ്രധാനിയായിരുന്നു അവർ
മംഗൾയാൻ ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ, ഇസ്രോയിലെ വനിതാ ശാസ്ത്രജ്ഞർ സാരി ധരിച്ച് വിജയം ആഘോഷിക്കുന്ന ചിത്രങ്ങൾ ലോകമെമ്പാടും തരംഗമായിരുന്നു. ഈ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്മിത്‌സോണിയൻ മ്യൂസിയത്തിലെ സ്പേസ് ഹിസ്റ്ററി ക്യൂറേറ്ററായ മാറ്റ് ഷിൻഡെൽ 2020-ൽ നന്ദിനിയെ ഇമെയിൽ വഴി ബന്ധപ്പെടുന്നത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തെയും അതിന് പിന്നിലെ 'റോക്കറ്റ് വനിതകളുടെ' അധ്വാനത്തെയും അടയാളപ്പെടുത്താൻ സഹായിക്കുന്ന ഒരു വസ്തു മ്യൂസിയത്തിന് നൽകാമോ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. അങ്ങനെയാണ് ചരിത്രപ്രധാനമായ ആ ദിനത്തിൽ താൻ ധരിച്ചിരുന്ന സാരി മ്യൂസിയത്തിന് കൈമാറാൻ നന്ദിനി സമ്മതിച്ചത്
സാരിയും ബ്ലൗസും മ്യൂസിയത്തിൽ എത്തിയ ശേഷം അവിടുത്തെ വസ്ത്ര സംരക്ഷണ വിദഗ്ധയായ ബെത്ത് നൈറ്റ് ഒരു മാനെക്വിനിൽ ഇത് എങ്ങനെയാണ് ധരിപ്പിക്കേണ്ടത് എന്ന് പഠിച്ചത് യൂട്യൂബ് വീഡിയോകൾ നോക്കിയാണ്. നിലവിൽ മ്യൂസിയത്തിലെ പ്രധാന ഗാലറിയിൽ, ബഹിരാകാശത്ത് പോയ ആദ്യ അമേരിക്കൻ വനിതയായ സാലി റൈഡ് 1983-ൽ ധരിച്ചിരുന്ന നീല ടീഷർട്ടിന് തൊട്ടടുത്തായാണ് നന്ദിനിയുടെ സാരി പ്രദർശിപ്പിച്ചിരിക്കുന്നത്.
The saree worn by ISRO scientist Nandini Harinath during a crucial phase of India's Mars mission has been added to the collection of the Smithsonian National Air and Space Museum in Washington, D.C. The exhibit celebrates India's space achievements and the contributions of women scientists to the historic Mars Orbiter Mission (Mangalyaan)