കോഴിയുമല്ല മുട്ടയുമല്ല ആദ്യം ഉണ്ടായത്, അതിനും മുന്നേ മെഗാപോഡിയസ് റോക്കുസി!; കോഴികളുമായി ബന്ധമുള്ള ഭീമൻ പക്ഷിയുടെ ഫോസിൽ കണ്ടെത്തി

പക്ഷിക്ക് ഏകദേശം 3.9 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ
കോഴിയുമല്ല മുട്ടയുമല്ല ആദ്യം ഉണ്ടായത്, അതിനും മുന്നേ മെഗാപോഡിയസ് റോക്കുസി!; കോഴികളുമായി ബന്ധമുള്ള ഭീമൻ പക്ഷിയുടെ ഫോസിൽ കണ്ടെത്തി
Published on: 

കോഴിയാണോ അതോ മുട്ടയാണോ ആദ്യമുണ്ടായത്? മനുഷ്യരാശിയുടെ മുഴുവന്‍ കാലങ്ങളായുള്ള സംശയമാണ് ഇത്. അതിനൊരു ഉത്തരം ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിലെ ഗുഹയിൽനിന്ന് ലഭിച്ച ഒരു ഫോസിലാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് കണ്ടെത്തിയ ഫോസിൽ ചരിത്രാതീത കാലത്തെ ഭീമൻ പക്ഷിയുടെ പുതിയ സ്പീഷീസാണെന്നാണ് നിഗമനം. കോഴികളുമായി ബന്ധമുള്ള മെഗാപോഡ് വിഭാഗത്തിൽപ്പെട്ട ഈ പക്ഷിക്ക് ഏകദേശം 3.9 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നിലവിൽ ജീവിച്ചിരിക്കുന്ന ഇതിന്റെ അടുത്ത ബന്ധുക്കളേക്കാൾ വലുപ്പത്തിലും ഭാരത്തിലും ഏറെ മുന്നിലായിരുന്നു ഈ പക്ഷിയെന്നും പഠനം വ്യക്തമാക്കുന്നു.

'മെഗാപോഡിയസ് റോക്കുസി' (Megapodius rokusi) എന്നാണ് പുതിയ സ്പീഷീസിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഫ്ലോറസ് ദ്വീപിലെ ലിയാങ് ബുവ ഗുഹയിൽനിന്ന് ലഭിച്ച കാലെല്ലിന്റെ ഫോസിൽ ഭാഗമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്. 2009-ൽ കണ്ടെത്തിയ അസ്ഥിയുടെ വിശദമായ പഠനത്തിലൂടെയാണ് ഇതുവരെ തിരിച്ചറിയപ്പെടാത്ത പക്ഷിവർഗത്തിന്റേതാണ് ഫോസിലെന്ന് സ്ഥിരീകരിച്ചത്. ഇതുസംബന്ധിച്ച ഗവേഷണപ്രബന്ധം 2026 ഒക്ടോബർ 22-ന് 'അൽചെറിംഗ' (Alcheringa) ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

ഇന്നത്തെ ബന്ധുക്കളേക്കാൾ വലിപ്പം

ഏകദേശം 1,90,000 മുതൽ 1,20,000 വർഷം വരെ പഴക്കമുള്ള ഗുഹാനിക്ഷേപങ്ങളിൽനിന്നാണ് ഫോസിൽ കണ്ടെത്തിയത്. നിലത്ത് ജീവിക്കുന്നതും കോഴികളുമായി പരിണാമബന്ധമുള്ളതുമായ മെഗാപോഡ് പക്ഷികളുടെ വിഭാഗത്തിലാണ് പുതിയ സ്പീഷീസും ഉൾപ്പെടുന്നത്. കരുത്തുറ്റ കാലുകളും വലുപ്പമേറിയ പാദങ്ങളുമാണ് ഈ പക്ഷിവിഭാഗത്തിന്റെ പ്രത്യേകത.

ഏകദേശം 3.9 കിലോഗ്രാം ഭാരമുണ്ടായിരുന്ന മെഗാപോഡിയസ് റോക്കുസി, ഫ്ലോറസ് ദ്വീപിൽ ഇപ്പോൾ കാണപ്പെടുന്ന ഓറഞ്ച്-ഫൂട്ടഡ് മെഗാപോഡിനേക്കാൾ വളരെ വലുതായിരുന്നു. മെഗാപോഡിയസ് ജനുസ്സിൽ ദ്വീപിൽ നിലവിൽ ജീവിച്ചിരിക്കുന്ന ഏക സ്പീഷീസാണ് ഓറഞ്ച്-ഫൂട്ടഡ് മെഗാപോഡ്.

മുട്ട വിരിയിക്കുന്ന കാര്യത്തിലും മെഗാപോഡുകൾക്ക് സവിശേഷമായ രീതിയാണുള്ളത്. മറ്റ് പക്ഷികളെപ്പോലെ മുട്ടകൾക്ക് മുകളിൽ അടയിരുന്ന് ചൂടുനൽകുകയല്ല ഇവ ചെയ്യുന്നത്. പകരം, മണ്ണിനടിയിൽ കുഴിയെടുത്ത് മുട്ടകൾ നിക്ഷേപിക്കും. മണ്ണിൽനിന്നും ചുറ്റുമുള്ള സസ്യാവശിഷ്ടങ്ങൾ അഴുകുമ്പോൾ ഉണ്ടാകുന്ന ചൂടുമാണ് മുട്ട വിരിയാൻ ഉപയോഗിക്കുന്നത്.

ഇന്തോനേഷ്യൻ ഗവേഷകനോടുള്ള ആദരം

ലിയാങ് ബുവ ഗുഹയിലെ പുരാവസ്തു-ഫോസിൽ പഠനങ്ങളിൽ നിർണായക പങ്കുവഹിച്ച ഇന്തോനേഷ്യൻ ഗവേഷകൻ റോക്കസ് ഡ്യൂ ആവെയുടെ (Rokus Due Awe) പേരാണ് പുതിയ പക്ഷിവർഗത്തിന് നൽകിയിരിക്കുന്നത്. 'ഹോബിറ്റ്' എന്നറിയപ്പെടുന്ന പുരാതന മനുഷ്യബന്ധുവായ ഹോമോ ഫ്ലോറസിയൻസിസിന്റെ (Homo floresiensis) കണ്ടെത്തലുമായി ബന്ധപ്പെട്ട മനുഷ്യ അസ്ഥികളുടെയും പല്ലുകളുടെയും തിരിച്ചറിയലിലും അദ്ദേഹം പങ്കാളിയായിരുന്നു.

അതേസമയം, ലഭിച്ച ഫോസിൽ അപൂർണമാണെന്നത് ഈ പക്ഷിയെക്കുറിച്ചുള്ള പഠനത്തിന് പരിമിതികൾ സൃഷ്ടിക്കുന്നുണ്ട്. കാലെല്ലിന്റെ ഒരു ഭാഗം മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ പക്ഷിക്ക് പറക്കാൻ കഴിയുമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സ്പീഷീസ് എപ്പോഴാണ് വംശനാശം സംഭവിച്ചതെന്നതും ഇന്നത്തെ ചെറിയ മെഗാപോഡുകൾക്കൊപ്പം ഒരേ കാലത്ത് ജീവിച്ചിരുന്നോയെന്നതും വ്യക്തമല്ല.

പുരാതന മനുഷ്യർ ഈ പക്ഷിയുടെ മുട്ടകൾ ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നിരിക്കാമെന്നും ഗവേഷകർ സംശയിക്കുന്നു. എന്നാൽ, അത്തരമൊരു നിഗമനത്തെ പിന്തുണയ്ക്കുന്ന നേരിട്ടുള്ള തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഫ്ലോറസ് ദ്വീപിലെ പുരാതന ആവാസവ്യവസ്ഥയെയും അവിടെ ജീവിച്ചിരുന്ന പക്ഷികളെയും കുറിച്ച് കൂടുതൽ പഠനങ്ങൾക്ക് പുതിയ ഫോസിൽ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

Summary

Researchers have identified Megapodius rokusi, a giant prehistoric bird whose fossil was discovered on Indonesia’s Flores Island, as a new species evolutionarily related to chickens. Weighing approximately 3.9 kg, the bird was significantly larger and more robust than modern megapodes.