

തുര്‍ക്ക്‌മെനിസ്ഥാനിലെ കാരാക്കും മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന 'ദര്‍വാസ ഗ്യാസ് ക്രേറ്റര്‍' അണയുന്നു. അഞ്ച് പതിറ്റാണ്ടിലേറെയായി ജ്വലിച്ചുകൊണ്ടിരുന്ന ഭീമന്‍ അഗ്‌നികുണ്ഡത്തിന്റെ തീവ്രത ഗണ്യമായി കുറഞ്ഞു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിചിത്രവും ഭയാനകവുമായ ലോകത്തിലെ കാഴ്ചകളിലൊന്നായ 'ദര്‍വാസ ഗ്യാസ് ക്രേറ്ററിന്റെ ജ്വലനം നിലയ്ക്കുക എന്നത് പരിസ്ഥിതി പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ മാറ്റം നല്‍കുന്ന സൂചന അത്ര ശുഭകരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
കാരാക്കും മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന 70.1 മീറ്റര്‍ വീതിയും 20.1 മീറ്റര്‍ ആഴവുമുള്ള ഒരു കൂറ്റന്‍ ഗര്‍ത്തത്തെയാണ് 'ദര്‍വാസ ഗ്യാസ് ക്രേറ്റര്‍' എന്ന് വിളിച്ചിരുന്നത്. ഭൂമിക്കടിയില്‍ നിന്നുള്ള മീഥെയ്ന്‍ വാതകമാണ് ഇവിടെ തീ അണയാതെ കാത്തത്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഈ പ്രതിഭാസം കാണാന്‍ തുര്‍ക്ക്‌മെനിസ്ഥാനിലെത്തിയിരുന്നത്. മരുഭൂമിയിലെ ശൂന്യതയില്‍ രാത്രികാലങ്ങളില്‍ കിലോമീറ്ററുകള്‍ ദൂരെ വരെ ഈ അഗ്‌നിപ്രഭ ദൃശ്യമാകും.
1971ല്‍ സോവിയറ്റ് യൂണിയന്‍ എന്‍ജിനീയര്‍മാര്‍ നടത്തിയ ഒരു എണ്ണ പര്യവേക്ഷണമാണ് ദര്‍വാസ ഗ്യാസ് ക്രേറ്ററിന്റെ ജ്വലനത്തിന് വഴിവച്ചതെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ പ്രികൃതിവാതക പോക്കറ്റിലേക്ക് ഡ്രില്‍ ചെയ്തതോടെ ഭൂമി ഇടിഞ്ഞുതാഴുകയും ഭീമന്‍ ഗര്‍ത്തം രൂപപ്പെടുകയും ചെയ്യുകയായിരുന്നു. വിഷവാതകം പുറന്തള്ളുന്നത് തടയാന്‍ ആയിരുന്നു ശാസ്ത്രജ്ഞര്‍ ഗര്‍ത്തിന് തീയിട്ടത്. ആഴ്ചകള്‍ കൊണ്ട് കത്തിത്തീരുമെന്ന് കരുതിയിരുന്ന ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചുകൊണ്ട് ആ തീ 50 വര്‍ഷങ്ങള്‍ക്കിപ്പുറവും അണയാതെ തുടരുകയായിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് അപ്പുറം 2025ല്‍ നടന്ന ഒരു രാജ്യാന്തര കോണ്‍ഫറന്‍സിലാണ് തീജ്വാലകള്‍ക്ക് മുന്‍പത്തെ അപേക്ഷിച്ച് ശക്തി കുറഞ്ഞതായി തുര്‍ക്ക്‌മെനിസ്ഥാന്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. ഏകദേശം മൂന്നിരട്ടിയോളം കുറവ് ജ്വലനത്തില്‍ ഉണ്ടായതായും സ്റ്റേറ്റ് എനര്‍ജി കമ്പനിയായ 'തുര്‍ക്ക്‌മെന്‍ഗാസ്' ഡയറക്ടര്‍ ഇറിന ലുര്യേവയും ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടിഷ് കമ്പനിയായ 'കാപ്റ്റീരിയോ' നടത്തിയ സാറ്റലൈറ്റ് നിരീക്ഷണങ്ങളും മാറ്റം ശരിവയ്ക്കുന്നു.
എന്നാല്‍, തീ അണയുന്നുണ്ടെങ്കിലും ഗ്യാസിന്റെ പ്രവാഹത്തില്‍ കുറവില്ലാത്തത് വിപരീത ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് ഗവേഷകരുടെ വാദം. 2022നും 2025നും ഇടയില്‍ മണിക്കൂറില്‍ ശരാശരി 1,300 കിലോഗ്രാം മീഥെയ്ന്‍ ആണ് പ്രവഹിച്ചിരുന്നു എങ്കില്‍, 2025 ഒക്ടോബറില്‍ ഇത് മണിക്കൂറില്‍ 1,960 കിലോഗ്രാം എന്ന തോതിലേക്ക് ഉയര്‍ന്നതായാണ് കണക്ക്.
ഗര്‍ത്തത്തില്‍ തീ ഇല്ലാതായാല്‍ അദൃശ്യമായ മീഥെയ്ന്‍ പടരുന്നത് തിരിച്ചറിയാന്‍ പോലും പ്രയാസകരമാകും. നിലവില്‍ പുറന്തള്ളുന്ന മീഥെയ്ന്‍ കത്തുന്ന ഫലമായി ഓക്‌സിജനുമായി ചേര്‍ന്ന് കാര്‍ബണ്‍ ഡയോക്‌സൈഡായി മാറുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡ് പരിസ്ഥിതിക്ക് ദോഷകരമാണെങ്കിലും, മീഥെയ്ന്‍ കൂടുതല്‍ ചൂട് അന്തരീക്ഷത്തില്‍ നിലനിര്‍ത്താന്‍ ശേഷിയുള്ള വാതകമാണ്. 30 മടങ്ങ് ചൂടോളമാണ് ഇതിന്റെ ഫലമായി ഉണ്ടാവുക. തീ പൂര്‍ണമായും അണഞ്ഞ് വാതക ചോര്‍ച്ച തുടര്‍ന്നാല്‍ ആഗോള താപനം ഉള്‍പ്പെടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍.
English Summery: The massive fire burning inside a crater in the Karakum Desert for decades — famously known as the “Gates to Hell” or “Door to Hell” — is reportedly starting to fade. The fiery pit, officially called the Darvaza gas crater, has long been one of the world’s most unusual tourist attractions. Officials now say efforts to reduce the natural gas feeding the flames are finally showing results, causing the once-intense blaze to gradually dim.