ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിന്റെ മകൻ അന്വയ് ദ്രാവിഡ് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനവുമായി വീണ്ടും ശ്രദ്ധ നേടുന്നു. ഡൽഹി അണ്ടർ 19 ടീമിനെതിരായ മത്സരത്തിൽ വെറും 41 പന്തിൽ നിന്നാണ് അന്വയ് 85 റൺസ് അടിച്ചു കൂട്ടിയത്. വിക്കറ്റ് കീപ്പർ കൂടിയായ അന്വയ് തന്റെ വെടിക്കെട്ട് ഇന്നിങ്സിൽ അഞ്ച് സിക്സറുകളും ഏഴ് ഫോറുകളും നേടി. 207.32 ആയിരുന്നു ഈ പതിനേഴുകാരന്റെ സ്ട്രൈക്ക് റേറ്റ്.
അന്വയ്‌യുടെയും 51 പന്തിൽ 103 റൺസ് നേടിയ ധ്രുവ് കൃഷ്ണന്റെയും ബാറ്റിങ് മികവിൽ കർണാടക 49 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് എന്ന കൂറ്റൻ സ്കോറാണ് അടിച്ചെടുത്തത്. ഈ ടൂർണമെന്റിൽ കർണാടക ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് അന്വയ്. ക്യാപ്റ്റൻസിയുടെയും വിക്കറ്റ് കീപ്പിങിന്റെയും അധിക ചുമതലകൾ അന്വയ്‌യുടെ ബാറ്റിങിനെ ഒട്ടും ബാധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗ് ആയിരുന്നു ഡൽഹിയെ നയിച്ചിരുന്നത്. ഓപ്പണറായി ഇറങ്ങിയ ആര്യവീർ 35 പന്തിൽ 32 റൺസ് നേടി പുറത്തായി. വരാനിരിക്കുന്ന അണ്ടർ-19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അന്വയ്ക്കും ആര്യവീറിനും ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ചണ്ഡീഗഡിനെതിരെ നടന്ന മത്സരത്തിലും അന്വയ് ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ആ മത്സരത്തിൽ വെറും 62 പന്തിൽ നിന്ന് 104 റൺസ് നേടിയ അന്വയ്‌യുടെ മികവിൽ കർണാടക 100 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. അതിന് മുൻപ് ഇന്ത്യ അണ്ടർ 19 ടീമിന് വേണ്ടിയും അന്വയ് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ജൂലൈയിൽ നടന്ന ശ്രീലങ്കൻ പര്യടനത്തിൽ ഒരു മത്സരത്തിൽ 67 പന്തിൽ 87 റൺസ് നേടിയ അന്വയ്, സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരയാ പരമ്പരയിലെ മഴ മൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ വെറും 18 പന്തിൽ മൂന്ന് സിക്സറുകൾ ഉൾപ്പെടെ 38 റൺസും നേടിയിരുന്നു.
ക്രീസിൽ നിലയുറപ്പിച്ച് കളിക്കാൻ ശ്രമിക്കുന്നതിന് പകരം തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് അന്വയ് ഈ സീസണിൽ പുറത്തെടുക്കുന്നത്. കർണാടക ടീമിന് മികച്ച ഫിനിഷിങ് നൽകാനും അന്വയ്ക്ക് സാധിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ വൻമതിൽ എന്ന് അറിയപ്പെട്ടിരുന്നു രാഹുൽ ദ്രാവിഡിന്റെ ക്ഷമയോടെയുള്ളതും പ്രതിരോധത്തിലൂന്നിയതുമായ ബാറ്റിങ് ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായി, വളരെ ആക്രമണോത്സുകമായാണ് പതിനേഴുകാരനായ അന്വയ് കളിക്കുന്നത് എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നുണ്ട്.
Seventeen-year-old Anvay Dravid, son of Indian cricket legend Rahul Dravid, is making headlines with his highly aggressive batting in the Vinoo Mankad Trophy. Captaining the Karnataka Under-19 team, the wicketkeeper-batter smashed a blistering 85 runs off just 41 balls (including 5 sixes and 7 fours) against Delhi. This spectacular knock comes just days after he scored a 62-ball century against Chandigarh. Showcasing a strike rate of over 207, Anvay's attacking approach is proving to be a stark contrast to his father's famous defensive 'Wall' persona.