പന്തുചുരണ്ടൽ വീണ്ടും പുകയുന്നു; സ്മിത്ത് ഒഴിഞ്ഞുമാറി, ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന് കാമറൂൺ ബാൻക്രോഫ്റ്റ്

ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരു യുവതാരത്തിന്റെ അതിയായ ആഗ്രഹമാണ് തന്നെ ആ തെറ്റിലേക്ക് നയിച്ചത്
പന്തുചുരണ്ടൽ വീണ്ടും പുകയുന്നു; സ്മിത്ത് ഒഴിഞ്ഞുമാറി, ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന് കാമറൂൺ ബാൻക്രോഫ്റ്റ്
Published on: 

ലോക ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ 2018ലെ പന്തുചുരുണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി മുൻ ഓസ്ട്രേലിയൻ ഓപ്പണർ കാമറൂൺ ബാൻക്രോഫ്റ്റ്. പന്തിൽ കൃത്രിമം കാണിക്കാനുള്ള പദ്ധതിയിൽ നിന്ന് അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഒഴിഞ്ഞുനിൽക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ ശിക്ഷിക്കപ്പെട്ട മൂന്ന് താരങ്ങൾക്ക് പുറമെ ഡ്രസ്സിങ് റൂമിലുണ്ടായിരുന്ന മറ്റ് പലർക്കും ഈ പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ബാൻക്രോഫ്റ്റ് അവകാശപ്പെട്ടു. 'ദി വെസ്റ്റ് ഓസ്‌ട്രേലിയൻ' പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കേപ് ടൗൺ ടെസ്റ്റിനിടെ നടന്ന പന്ത് ചുരണ്ടൽ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളാണ് ബാൻക്രോഫ്റ്റ് ലേഖനത്തിൽ വിവരിക്കുന്നത്. ഡേവിഡ് വാർണറും താനും മാത്രമല്ല, ടീമിലെ മറ്റ് ചില അം​ഗങ്ങളും ഈ ചർച്ചയിൽ പങ്കാളികളായിരുന്നു. ചർച്ച നടക്കുന്നതിനിടെ അവിടേക്ക് കടന്നുവന്ന സ്റ്റീവ് സ്മിത്ത്, തനിക്ക് ഈ പദ്ധതിയിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കി മാറിപ്പോവുകയായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് ഓർത്തെടുക്കുന്നു.

"ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആ സംഭാഷണത്തിലേക്ക് കടന്നുവന്നു. എനിക്ക് ഓർമ്മയുള്ളിടത്തോളം, അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയ ശേഷം അദ്ദേഹം അവിടെനിന്ന് മാറിപ്പോവുകയാണ് ചെയ്തത്."

സഹതാരങ്ങളിൽ ചിലർ തന്നോട് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും, മറ്റു ചിലർ താനായിരുന്നെങ്കിൽ ഈ പ്രവൃത്തി ചെയ്യില്ലായിരുന്നുവെന്ന് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

സാൻഡ്‌പേപ്പർ ഉപയോഗിക്കുന്നത് ക്രിക്കറ്റ് നിയമങ്ങളുടെ ലംഘനവും വ്യക്തമായ വഞ്ചനയുമാണെന്ന് തനിക്ക് അന്നുതന്നെ അറിയാമായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് സമ്മതിച്ചു. എന്നാൽ, ടീമിന് വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ഒരു യുവതാരത്തിന്റെ അതിയായ ആഗ്രഹമാണ് തന്നെ ആ തെറ്റിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു.

"ആ ദൗത്യം എനിക്ക് നിർവഹിക്കാൻ കഴിയുമോ എന്ന് എന്നോട് ചോദിച്ചു. എനിക്ക് വലിയ അസ്വസ്ഥതയും എന്റെ മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്ന തോന്നലും ഉണ്ടായി. എന്നാൽ, അന്ന് ഞാൻ വെറുമൊരു ചെറുപ്പക്കാരനായിരുന്നു, എന്റെ ഏഴാമത്തെ ടെസ്റ്റ് മത്സരം കളിക്കുകയായിരുന്നു. ടീമിന് എന്തെങ്കിലും സംഭാവന നൽകാനുള്ള അവസരമായാണ് ഞാൻ അതിനെ കണ്ടത്. അക്കാലത്ത് ഒരു ഇഷ്ടിക ഭിത്തിയിലൂടെ ഓടിക്കയറാൻ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ, ഞാൻ അതും ചെയ്തേനെ," ബാൻക്രോഫ്റ്റ് കുറിച്ചു.

അതിനിടെ, വിവാദത്തെക്കുറിച്ച് ഒടുവിൽ പരസ്യമായി സംസാരിക്കാൻ തയ്യാറായ തന്റെ മുൻ ഓപ്പണിങ് പങ്കാളിക്ക് ഡേവിഡ് വാർണർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബാൻക്രോഫ്റ്റ് പറഞ്ഞത് സത്യമാണെന്ന് വാർണർ '7ന്യൂസി'നോട് പ്രതികരിച്ചു.

"മനസ്സിലുണ്ടായിരുന്ന കാര്യങ്ങൾ തുറന്നുപറയാൻ സാധിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ബാൻക്രോഫ്റ്റ് സത്യമാണ് പറഞ്ഞത്. കുറേക്കാലമായി ഈ വിഷയം അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. അത് പുറത്തുപറയാൻ സാധിച്ചത് വലിയൊരു ആശ്വാസമായിരിക്കും. ഞാൻ അദ്ദേഹത്തെ പൂർണ്ണമായും പിന്തുണയ്ക്കുകയും സത്യത്തെ മാനിക്കുകയും ചെയ്യുന്നു," വാർണർ വ്യക്തമാക്കി

ബാൻക്രോഫ്റ്റിന്റെ ലേഖനത്തിലെ ഏറ്റവും വിവാദപരമായ ഭാ​ഗം ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളിങ് നിരയെക്കുറിച്ചുള്ള പരാമർശങ്ങളാണ്. പന്ത് ആവശ്യത്തിന് റിവേഴ്സ് സ്വിങ് ചെയ്യുന്നുണ്ടോ എന്ന് അറിയാനായി താൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസർവുഡ്, മിച്ചൽ മാർഷ് എന്നിവരുമായി പതിവായി സംസാരിച്ചിരുന്നുവെന്നും, താൻ ചെയ്ത കാര്യങ്ങൾ ഫലം നൽകുന്നുണ്ടോ എന്നതിനെക്കുറിച്ച് അവർ തനിക്ക് ഫീഡ്‌ബാക്ക് നൽകിയിരുന്നുവെന്നും ബാൻക്രോഫ്റ്റ് അവകാശപ്പെടുന്നു.

ഈ വെളിപ്പെടുത്തൽ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെയും മറ്റ് ബൗളർമാരെയും വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പന്തിൽ കൃത്രിമം നടന്നിട്ടുണ്ടെങ്കിൽ, മത്സരം മുഴുവൻ പന്ത് കൈകാര്യം ചെയ്യുന്ന ബൗളർമാർ അത് അറിയാതിരുന്നതെങ്ങനെ എന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് വീണ്ടും സജീവമായി.

എന്നാൽ, പന്തിന്റെ അവസ്ഥയിൽ മാറ്റം വരുത്താൻ പുറത്തുനിന്നുള്ള വസ്തുക്കൾ മൈതാനത്തേക്ക് കൊണ്ടുവന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബൗളർമാർ. മുഴുവൻ ടീമിനും ഇക്കാര്യം അറിയാമായിരുന്നുവെന്ന ഉസ്മാൻ ഖവാജയുടെ ആരോപണം പൂർണ്ണമായും അർത്ഥശൂന്യമാണ് എന്ന് കമ്മിൻസ് അടുത്തിടെ ആവർത്തിച്ചിരുന്നു.

2018-ലെ അന്വേഷണത്തിൽ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും 12 മാസത്തെ വിലക്കും, ബാൻക്രോഫ്റ്റിന് ഒൻപത് മാസത്തെ സസ്പെൻഷനുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചിരുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലും 2018-ലെ പര്യടനത്തെക്കുറിച്ചുള്ള അന്വേഷണം വീണ്ടും തുറക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. എങ്കിലും, അന്നത്തെ പര്യടനത്തിൽ പങ്കെടുത്ത താരങ്ങൾക്ക് തങ്ങളുടെ അനുഭവങ്ങൾ തുറന്നുപറയാനും പങ്കുവെക്കാനും പ്രത്യേക വേദി ഒരുക്കാൻ ബോർഡ് പദ്ധതിയിടുന്നതായി അറിയിച്ചിട്ടുണ്ട്.

Summary

Former Australian opener Cameron Bancroft has made fresh revelations about the 2018 'Sandpapergate' ball-tampering scandal in a 4,000-word article for The West Australian. Bancroft claimed that then-captain Steve Smith walked away wanting no part in the plan, while several other dressing room members were aware of it. He also put the bowling unit—including Pat Cummins, Mitchell Starc, Josh Hazlewood, and Mitchell Marsh—back under scrutiny by stating he regularly discussed reverse swing feedback with them. David Warner has publicly backed Bancroft's account, though Cricket Australia confirmed it will not reopen the 2018 investigation.