

ട്വന്റി 20 നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ സെലക്ടർമാർക്കു മുന്നിൽ സമ്മർദം ചെലുത്തിയത് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. സൂര്യയുടെ ക്യാപ്റ്റൻസിയിൽ ഗംഭീറിനു കടുത്ത അതൃപ്തി ഉണ്ടായിരുന്നെന്നും ഐപിഎൽ നടക്കുന്നതിനിടെയാണ് ക്യാപ്റ്റൻസി മാറ്റം ഉടൻ വേണമെന്ന് ഗംഭീർ സെലക്ടർമാരെ അറിയിച്ചതെന്നും ക്രിക് ബ്ലോഗർ ഡോട്ട് കോം വെളിപ്പെടുത്തി.
ഐപിഎൽ പകുതിയായപ്പോൾതന്നെ സൂര്യയെ ഇന്ത്യൻ ട്വന്റി 20 നായകസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യം ഗംഭീർ മുന്നോട്ടുവെച്ചു. സൂര്യ T20 ടീമിൽ ഉണ്ടാകരുതെന്നും ഗംഭീർ ആവശ്യപ്പെട്ടു. ടീമിൽ അഴിച്ചുപണി വേണമെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. ഐപിഎൽ അവസാനിക്കുന്നതുവരെ കാത്തിരിക്കാനായിരുന്നു സെലക്ടർമാർ ഗംഭീറിനോടു ആവശ്യപ്പെട്ടത്.
സൂര്യയെ പുറത്താക്കണമെന്ന ആവശ്യത്തിനൊപ്പം പുതിയ നായകനായി രണ്ട് പേരെ ഗംഭീർ സെലക്ടർമാരോടു നിർദേശിച്ചു. മലയാളി താരം സഞ്ജു സാംസൺ, ഇടംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും ആയിരുന്നു ഗംഭീറിന്റെ മനസ്സിൽ. എന്നാൽ ഗംഭീറിന്റെ ഈ ആവശ്യം സെലക്ടർമാരും ബിസിസിഐയും അംഗീകരിച്ചില്ല.
ശ്രേയസ് അയ്യരുടെ പ്രകടനത്തിൽ മുഖ്യ സെലക്ടർ അജിത് അഗാർക്കർ പൂർണ തൃപ്തനായിരുന്നു. നായകനെന്ന നിലയിലും സൂര്യക്കു പകരം മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യാനുള്ള കഴിവുള്ളതിനാലും ശ്രേയസ് മതിയെന്നായിരുന്നു സെലക്ടർമാരുടെ നിലപാട്. ഗംഭീർ മുന്നോട്ടുവെച്ച രണ്ട് പേരെയും സെലക്ടർമാർ തള്ളിയത് ഇക്കാരണത്താലാണ്.
2024 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടമണിയിച്ച നായകനാണ് ശ്രേയസ്. ഈ സമയത്ത് ഗംഭീർ കൊൽക്കത്തയുടെ മെന്റർ ആയിരുന്നു. കൊൽക്കത്ത ഫ്രാഞ്ചൈസിയിൽ ഇരുവരും തമ്മിൽ ചില പിണക്കങ്ങൾ ഉണ്ടായിരുന്നു. ഈ അഭിപ്രായ ഭിന്നതയെ തുടർന്നാണ് ശ്രേയസ് കൊൽക്കത്ത വിട്ടത്. ഇക്കാരണത്താൽ ആയിരിക്കാം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുന്നതിനോടു ഗംഭീർ വിയോജിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
English Summary: A report by CricBlogger claims that India head coach Gautam Gambhir pushed for the removal of Suryakumar Yadav as T20 captain during IPL 2025, citing dissatisfaction with his leadership. Gambhir reportedly wanted a major overhaul of the T20 setup and suggested Sanju Samson and Ishan Kishan as possible captaincy options. However, the selectors and BCCI did not back his proposal. Chief selector Ajit Agarkar was said to be impressed by Shreyas Iyer’s leadership qualities and batting ability, making him the preferred candidate. Reports also suggest Gambhir’s reluctance to support Iyer may stem from past differences during their Kolkata Knight Riders stint.