

രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. വർഷങ്ങളായി തന്നെ പിന്തുണച്ച ആരാധകർക്കെല്ലാം രഹാനെ നന്ദി പറഞ്ഞു. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ' എല്ലാ തുടക്കങ്ങൾക്കും ഒരു അവസാനമുണ്ടെന്നതാണ് യാഥാർഥ്യം. സമയമാകുമ്പോൾ നിങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും അതിനെ ബഹുമാനിക്കുകയും വേണം. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാനുള്ള സമയമാണിതെന്ന് ഞാൻ മനസിലാക്കുന്നു. എനിക്കുള്ളതെല്ലാം ഞാൻ ക്രിക്കറ്റിനായി നൽകി. നിർത്തുക'. കഴിഞ്ഞ 20 വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി തുടരാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ട്. എല്ലാവർക്കും നന്ദി,' രഹാനെ പറഞ്ഞു.
എനിക്ക് ലഭിക്കുന്ന ഓരോ അവസരങ്ങളിലും ഞാൻ കരുതിയിരുന്നത് ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് മാത്രമാണ്. എനിക്ക് ഒരൊറ്റ നിയമമേ ക്രിക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ, 'എന്നേക്കാൾ മുകളിലായി ടീമിനെയും രാജ്യത്തെയും.
36 വയസുകാരനായ രഹാനെ രാജ്യാന്തര കരിയറിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 85 ടെസ്റ്റ് മത്സരങ്ങൾ, 90 ഏകദിനം, 20 ടി20 മത്സരങ്ങൾ എന്നിങ്ങനെയാണ് രഹാനെയുടെ രാജ്യാന്തര കരിയർ.
ടെസ്റ്റിൽ 5,077 റൺസും ഏകദിനത്തിൽ 2,962 റൺസും ടി20 യിൽ 375 റൺസും നേടി. ടെസ്റ്റ് ക്രിക്കറ്റിൽ 26 അർധ സെഞ്ചുറികളും 12 സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ഐസിസി ടെസ്റ്റ് ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്ത് രഹാനെ എത്തിയിട്ടുണ്ട്.
2011 ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 2013 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിൽ ഇന്ത്യയുടെ ക്യാപ്റ്റനായും താരം തിളങ്ങിയിട്ടുണ്ട്. 2021 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബോർഡർ-ഗാവസ്‌കർ ട്രോഫി ജയിക്കുമ്പോൾ രഹാനെയാണ് ഇന്ത്യയെ നയിച്ചത്. വിരാട് കോലിക്ക് പകരക്കാരനായാണ് അന്ന് രഹാനെ ടീമിനെ നയിച്ചത്. ഒന്നാം ടെസ്റ്റിലെ നാണംകെട്ട തോൽവിക്കു ശേഷം കോലി നാട്ടിലേക്ക് മടങ്ങിയപ്പോൾ രഹാനെ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. 2023 വേൾഡ് ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ രഹാനെ ഇന്ത്യക്കായി കളിച്ചു. 2023 ൽ വെസ്റ്റ് ഇൻഡീസിനെതിരായാണ് രഹാനെയുടെ അവസാന രാജ്യാന്തര മത്സരം.
Indian batter Ajinkya Rahane has announced his retirement from international cricket across all formats, bringing the curtain down on a distinguished two-decade career. In an emotional video shared on Instagram, Rahane thanked fans, teammates, coaches, and his family for their unwavering support, saying he had given everything to the game and believed it was the right time to move on to the next chapter of his life.