വീണ്ടും ഐസിസി തലപ്പത്ത് ജയ് ഷാ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ഐസിസി തലപ്പത്ത് എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനും പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ജയ് ഷാ
വീണ്ടും ഐസിസി തലപ്പത്ത് ജയ് ഷാ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
Published on: 

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചെയർമാനായി മുൻ ബിസിസിഐ സെക്രട്ടറി ജയ് ഷായെ രണ്ടാമതും എതിരില്ലാതെ തെരഞ്ഞെടുത്തു. ബാലിയിൽ നടന്ന ഐസിസി ബോർഡ് യോ​ഗത്തിൽ ഡയറക്ടർമാർ ഐക്യകണ്ഠേന മുന്നോട്ടുവെച്ച നിർദേശത്തെ തുടർന്നാണ് രണ്ട് വർഷത്തെ പുതിയ ടേമിലേക്ക് ജയ് ഷായെ വീണ്ടും നിയമിക്കാൻ തീരുമാനിച്ചത്.

ഐസിസി ബോർഡ് തന്നിലർപ്പിച്ച വിശ്വാസത്തിൽ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും തുടർന്നും നൽകുന്ന പിന്തുണയ്ക്ക് എല്ലാ ഡയറക്ടർമാരോടും ആത്മാർത്ഥമായി നന്ദി അറിയിക്കുന്നുവെന്നും തെരഞ്ഞെടുപ്പിന് ശേഷം ജയ് ഷാ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ക്രിക്കറ്റിന്റെ വളർച്ചയ്ക്കും പുരോഗതിക്കുമായി അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും, ജനങ്ങളെ ഒന്നിപ്പിക്കാനുള്ള ക്രിക്കറ്റിന്റെ കരുത്തിൽ താൻ എപ്പോഴും വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലൂടെ ക്രിക്കറ്റ് വീണ്ടും ഒളിമ്പിക്സ് വേദിയിലേക്ക് തിരിച്ചെത്തുന്ന സുപ്രധാന സമയത്താണ് ജയ് ഷായ്ക്ക് വീണ്ടും ഈ പദവി ലഭിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. കേവലം ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിന് അപ്പുറം കളിക്കാർക്കും ആരാധകർക്കും വാണിജ്യ പങ്കാളികൾക്കുമായി സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീണ്ടും ഐസിസി തലപ്പത്ത് ജയ് ഷാ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
ത്രില്ലർ പോരാട്ടത്തിൽ പാകിസ്താനെ തകർത്തു; അണ്ടർ-19 ഏഷ്യാ കപ്പിൽ മുത്തമിട്ട് ഇന്ത്യ

ജയ് ഷായുടെ തുടർച്ചയായുള്ള നേതൃത്വം അന്താരാഷ്ട്ര ക്രിക്കറ്റിന് കൂടുതൽ കരുത്തുപകരുമെന്ന് വിവിധ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. രാജ്യാന്തര തലത്തിൽ മത്സരങ്ങളുടെ കലണ്ടർ കൂടുതൽ ശക്തമാക്കുന്നതിലും നൂതന ആശയങ്ങളെയും പുതിയ ആരാധകരെയും വാണിജ്യപരമായ മാറ്റങ്ങളെയും സമന്വയിപ്പിച്ചു കൊണ്ടുപോകുന്നതിലും ജയ് ഷായുടെ നിയമനം നിർണായകമാകുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റിച്ചാർഡ് തോംസൺ വിലയിരുത്തി.

2024 ഡിസംബറിലാണ് മുപ്പത്തിയെട്ടുകാരനായ ജയ് ഷാ ആദ്യമായി ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. ഐസിസി തലപ്പത്ത് എത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനും പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ജയ് ഷാ.

അഹമ്മദാബാദിലെ സെൻട്രൽ ബോർഡ് ഓഫ് ക്രിക്കറ്റിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരം​ഗത്തേക്ക് ഔ​ദ്യോ​ഗികമായി കടന്നുവരുന്നത്. തുടർന്ന് സംസ്ഥാന തലത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ആദ്യം ​ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിൽ ഒരു എക്സിക്യൂട്ടീവായാണ് ജയ് ഷാ പ്രവർത്തിച്ചത്. 2011ൽ ബിസിസിഐയുടെ മാർക്കറ്റിങ് കമ്മിറ്റിയിൽ അം​ഗമായി.

വീണ്ടും ഐസിസി തലപ്പത്ത് ജയ് ഷാ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ
വല്ലാത്തൊരു തോല്‍വി; നാലാം ഏകദിനത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ

ഒരു ഭരണാധികാരി എന്ന നിലയിൽ ജയ് ഷായുടെ ആദ്യത്തെ പ്രധാന ചുവടുവെപ്പ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലായിരുന്നു. അച്ഛൻ അമിത് ഷാ സംസ്ഥാന ഘടകത്തിന്റെ പ്രസിഡന്റായിരുന്ന കാലത്ത്, 2013-ൽ തന്റെ 25-ാം വയസ്സിൽ അദ്ദേഹം ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റു. ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിൽ അസോസിയേഷനെ പ്രതിനിധീകരിച്ചതും അദ്ദേഹമായിരുന്നു. ഈ കാലയളവിൽ അഹമ്മദാബാദിലെ മൊതേര സ്റ്റേഡിയത്തെ വമ്പിച്ച രീതിയിൽ നവീകരിക്കുന്നതിന് ജയ് ഷാ നേതൃത്വം നൽകി.

പ്രഖ്യാപന വേളയിൽ തന്നെ, ഇത് ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു. 1,32,000 പേർക്ക് ഇരിക്കാവുന്ന ഈ സ്റ്റേഡിയത്തിലാണ് 2020-ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്ത 'നമസ്തേ ട്രംപ്' പരിപാടി നടന്നത്. 2021-ൽ ഇവിടെ ആദ്യത്തെ ടെസ്റ്റ് മത്സരം നടന്നു. തുടർന്ന് 'നരേന്ദ്ര മോദി സ്റ്റേഡിയം' എന്ന് പുനർനാമകരണം ചെയ്യപ്പെട്ട ഈ വേദിയിൽ, 2023-ലെ ഏകദിന ലോകകപ്പ് ഫൈനലും, ഈ വർഷം നടന്ന ടി20 ലോകകപ്പ് ഫൈനലും അരങ്ങേറി.

Summary

Jay Shah has been re-elected unopposed for a second term as the Chairman of the International Cricket Council (ICC). Having first assumed the role in December 2024, his reappointment was unanimously backed by global cricket boards during a meeting in Bali. Shah, who began his administrative journey with the Gujarat Cricket Association and spearheaded the renovation of the Narendra Modi Stadium, emphasized building a sustainable future for the sport, especially as cricket prepares for its return at the 2028 Los Angeles Olympics.