രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് വമ്പൻ തോൽവി

ലെഫ്റ് ഹാൻണ്ട്‌ സ്പിന്നർ പ്രദിപ്ത പ്രമാണിക്കിന്റെ ആറ് വിക്കറ്റ് പ്രകടനവും മുഹമ്മദ് ഷമിയുടെയും ഷഹബാസ് അഹമ്മദിന്റെയും പിന്തുണയുമാണ് കേരളത്തിന്റെ ബാറ്റിങ് നിരയെ തകർത്തത്.
രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് വമ്പൻ തോൽവി
Published on: 

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് സീസണിലെ ആദ്യ തോൽവി. ബംഗാളിനെതിരായ മത്സരത്തിൽ 408 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം രണ്ടാം ഇന്നിങ്സിൽ വെറും 120 റൺസിന് പുറത്തായി. ഇതോടെ 287 റൺസിന്റെ വമ്പൻ വിജയമാണ് ബംഗാൾ സ്വന്തമാക്കിയത്. ലെഫ്റ് ഹാൻണ്ട്‌ സ്പിന്നർ പ്രദിപ്ത പ്രമാണിക്കിന്റെ ആറ് വിക്കറ്റ് പ്രകടനവും മുഹമ്മദ് ഷമിയുടെയും ഷഹബാസ് അഹമ്മദിന്റെയും പിന്തുണയുമാണ് കേരളത്തിന്റെ ബാറ്റിങ് നിരയെ തകർത്തത്.

നാലാം ദിനം നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. 19 റൺസെടുത്ത വിഷ്ണുവിനെ പ്രദിപ്ത പ്രമാണിക് പുറത്താക്കി. പിന്നാലെ സൽമാൻ നിസാറിനെയും വീഴ്ത്തിയ പ്രദിപ്തയും ആദിത്യ സർവാതെയെ പുറത്താക്കിയ മുഹമ്മദ് ഷമിയും ചേർന്ന് കേരളത്തെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 58 റൺസെന്ന നിലയിലേക്ക് വീഴ്ത്തി.

മുഹമ്മദ് അസറുദ്ദീനും വൈശാഖ് ചന്ദ്രനും ചേർന്ന് ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും വൈശാഖിനെ മൂന്ന് റൺസിൽ ഷമി പുറത്താക്കി. 26 റൺസെടുത്ത അസറുദ്ദീൻ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ഷഹബാസ് അഹമ്മദിന്റെ പന്തിൽ പുറത്തായി. ഇതോടെ കേരളത്തിന്റെ അവസാന പ്രതീക്ഷകളും ഇല്ലാതായി.

പത്താമനായി ക്രീസിലെത്തിയ എം.ഡി. നിധീഷിന്റെ പോരാട്ടമാണ് കേരളത്തിന്റെ സ്കോർ 120 വരെ എത്തിച്ചത്. 28 പന്തിൽ 33 റൺസെടുത്ത നിധീഷാണ് ടീമിന്റെ ടോപ് സ്കോറർ. ഒടുവിൽ നിധീഷിനെയും പുറത്താക്കി ഷഹബാസ് കേരളത്തിന്റെ രണ്ടാം ഇന്നിങ്സിന് തിരശ്ശീലയിട്ടു. 38.4 ഓവർ വരെ മാത്രമാണ് കേരളത്തിന്റെ ഇന്നിങ്സ് നീണ്ടത്.

ആദ്യ ഇന്നിങ്സിലും ആറ് വിക്കറ്റ് വീഴ്ത്തിയ പ്രദിപ്ത പ്രമാണിക് മത്സരത്തിൽ കേരളത്തിന്റെ ബാറ്റർമാർക്ക് വലിയ വെല്ലുവിളിയായി. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും രണ്ടു വിക്കറ്റ് വീതം നേടി.

സീസണിലെ ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ കേരളം സമനിലയിലായിരുന്നു. രണ്ടാം മത്സരത്തിൽ ഒഡിഷയെ ഇന്നിങ്സിന് തോൽപ്പിച്ച് തിരിച്ചെത്തിയ ടീമിന് ബംഗാളിനെതിരെ അതേ മികവ് ആവർത്തിക്കാനായില്ല.

തുടർച്ചയായ മൂന്നാം ജയം നേടിയ ബംഗാൾ 18 പോയിന്റുമായി ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് പോയിന്റുള്ള കേരളം മൂന്നാം സ്ഥാനത്താണ്.

Summary

Kerala suffered their first defeat of the Ranji Trophy season, losing to Bengal by 287 runs after being bowled out for just 120 in their second innings while chasing a target of 408. Left-arm spinner Pradipta Pramanik took six wickets, while Mohammed Shami and Shahbaz Ahmed claimed two wickets each. MD Nidheesh top-scored for Kerala with 33 runs. With their third consecutive victory, Bengal remain top of Group C with 18 points, while Kerala sit third with eight points.

Madism Digital
madismdigital.com