സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് ഇടംലഭിക്കാതിരുന്നത് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. താൽക്കാലിക വിശ്രമമെന്നാണ് ബിസിസിഐയുടെ അനൗദ്യോഗിക വിശദീകരണമെങ്കിലും ഇതൊരു അപകടസൂചനയാണെന്നാണ് സഞ്ജു ആരാധകർ വിലയിരുത്തുന്നത്.
2028 ടി20 ലോകകപ്പിനു വേണ്ടിയുള്ള പ്ലാനിങ് ഘട്ടത്തിലൂടെയാണ് ഇന്ത്യൻ ടീം കടന്നുപോകുന്നതെന്നാണ് ബിസിസിഐയുടെ വിശദീകരണം. അങ്ങനെയെങ്കിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ടി20 മത്സരം മുതൽ സഞ്ജുവിനെ ഒഴിവാക്കിയും സിംബാബ്വെ പര്യടനത്തിൽ ഉൾപ്പെടുത്താതെയും ബിസിസിഐ സഞ്ജുവിനു നൽകുന്ന സൂചന എന്താണ്? ലോകകപ്പ് പ്ലാനിങ്ങുകളിൽ സഞ്ജു ഭാഗമല്ലെന്ന് തന്നെയല്ലേ?
സഞ്ജു ലോകകപ്പ് പദ്ധതികളുടെ ഭാഗമായേക്കില്ലെന്ന് പറയാൻ മറ്റൊരു കാരണം പ്രഭ്‌സിമ്രാൻ സിങ്ങിനെ ടീമിൽ ഉൾപ്പെടുത്തിയതാണ്. സഞ്ജുവിനു പകരം ഇന്ത്യക്ക് ആവശ്യം ഒരു വലംകൈ ഓപ്പണറേയും വിക്കറ്റ് കീപ്പറെയുമാണ്. 25 കാരനായ പ്രഭ്‌സിമ്രാൻ സിങ് വലംകൈയൻ ബാറ്ററും വിക്കറ്റ് കീപ്പറുമാണ്. സിംബാബ്വെ പര്യടനത്തിൽ തിളങ്ങിയാൽ അഭിഷേക് ശർമയ്‌ക്കോ വൈഭവ് സൂര്യവൻശിക്കോ ഒപ്പം പ്രധാന ഓപ്പണർ സ്ഥാനത്തേക്ക് പ്രഭ്‌സിമ്രാനും എത്തിയേക്കും. ഇത് പൂർണമായും സഞ്ജുവിന്റെ വഴി അടയ്ക്കും.
മറുവശത്ത് സഞ്ജുവിന്റെ പ്രായവും മറ്റൊരു വെല്ലുവിളിയാണ്. 31 കാരനായ സഞ്ജുവിനു അടുത്ത ടി20 ലോകകപ്പ് വരുമ്പോൾ പ്രായം 33 ആകും. ഇങ്ങനെയൊരു സാഹചര്യത്തിൽ സഞ്ജുവിന്റെ സാധ്യതകൾ ഇല്ലാതായേക്കാം.
സഞ്ജുവിന്റെ കാര്യത്തിൽ ബിസിസിഐയുടെ വിശദീകരണവും തൃപ്തികരമല്ല. തുടർച്ചയായി കളിക്കുന്നത് കൊണ്ട് വിശ്രമം അനുവദിച്ചെന്നും ഇന്ത്യയുടെ ദീർഘകാല പദ്ധതികളിൽ സഞ്ജു ഭാഗമാണെന്നും ബിസിസിഐ പറയുന്നു. എന്നാൽ സഞ്ജു നിലവിൽ ടി20 ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരമാണ്. എന്നിട്ടും അമിത ജോലിഭാരമെന്ന കാരണം പറഞ്ഞ് സഞ്ജുവിനെ മാത്രം പുറത്തിരുത്തുന്നത് എന്തുകൊണ്ടെന്നാണ് ആരാധകരുടെ ചോദ്യം.
സഞ്ജുവിനെ സംബന്ധിച്ചിടുത്തോളം വരുന്ന ഏഷ്യൻ ഗെയിംസ് ഒരു കടുത്ത അഗ്നിപരീക്ഷയായിരിക്കും. പുറത്തേക്കുള്ള വഴി കാണിക്കാൻ ബിസിസിഐ ഏഷ്യൻ ഗെയിംസിലെ പ്രകടനം അടിസ്ഥാനമാക്കുമെന്ന് ഉറപ്പാണ്. അതിനാൽ ടീമിൽ തുടരണമെങ്കിൽ അത്ഭുതകരമായ രീതിയിൽ സഞ്ജു തിരിച്ചുവരവ് നടത്തേണ്ടിവരുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.
Sanju Samson's omission from India's squad for the Zimbabwe tour has sparked widespread debate among cricket fans. While the BCCI has unofficially described it as a temporary rest, many supporters believe it signals a worrying shift in the team's long-term plans. With India reportedly preparing for the 2028 T20 World Cup, Samson's exclusion since the second T20 against England and his absence from the Zimbabwe tour have raised questions about whether he remains part of the team's future roadmap.