

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ബാഡ്മന്റണ്‍ മത്സരങ്ങളിലെ പരാജയങ്ങള്‍ക്ക് പിന്നാലെ സംഘാടനത്തില്‍ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പി വി സിന്ധു. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് സിന്ധുവിന്റെ പ്രതികരണം. അശാസ്ത്രീയമായ മത്സരക്രമം, സാങ്കേതിക സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് സിന്ധു പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കടുത്ത മത്സരക്രമം തന്റെ ശാരീരികക്ഷമതയെ ബാധിച്ചുവെന്നും, നിര്‍ണായക മത്സരത്തില്‍ വീഡിയോ റിവ്യൂ സൗകര്യം ലഭിക്കാതിരുന്നത് തിരിച്ചടിയായെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ സിന്ധു പറയുന്നു.
പി.വി. സിന്ധു, ഉണ്ണതി ഹൂഡ, ട്രീസ ജോളിഗായത്രി ഗോപിചന്ദ്, ധ്രുവ് കപിലത നിഷ ക്രാസ്റ്റോ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ 2026 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ പ്രതീക്ഷിച്ച വ്യക്തിഗത ബാഡ്മിന്റണ്‍ മെഡലുകള്‍ കൂടിയാണ് നഷ്ടപ്പെട്ടത്. 12 വര്‍ഷത്തിനിടെ ആദ്യമായാണ് മെഡലില്ലാതെ താരങ്ങള്‍ വേദി വിടുന്നത്.
ലോക നാലാം നമ്പര്‍ താരമായ ചൈനയുടെ ചെന്‍ യുഫെയ് ഇന്നിനെതിരായ പോരാട്ടത്തില്‍ 21-11, 18-21, 10-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെട്ടത്. കോര്‍ട്ടിലെ ചില അടുത്ത ലൈന്‍ കോളുകള്‍ തനിക്ക് അനുകൂലമായി വരുമായിരുന്നു എന്നും അത് രണ്ടാം ഗെയിമിന്റെ ഗതി മാറ്റുമായിരുന്നുവെന്നുമാണ് സിന്ധു ചൂണ്ടിക്കാട്ടുന്നത്. സിന്ധു മത്സരിച്ച നാലാം നമ്പര്‍ കോര്‍ട്ടില്‍ വീഡിയോ റിവ്യൂ (വിആര്‍) സംവിധാനം ലഭ്യമായിരുന്നില്ല. ഏഷ്യന്‍ ഗെയിംസിലെ 1, 2 കോര്‍ട്ടുകളില്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ ഒരുക്കിയിരുന്നത്. ആദ്യ ഗെയിം 21-11 ന് അനായാസം സ്വന്തമാക്കിയ സിന്ധുവിന്, രണ്ടാം ഗെയിമില്‍ 18-18 എന്ന നിലയില്‍ നില്‍ക്കെയാണ് തിരിച്ചടികള്‍ ആരംഭിച്ചത്. മൂന്നാം ഗെയിമില്‍ 21-10 ന് വിജയം ഉറപ്പിച്ച് ചെന്‍ യുഫെയ് സെമി ഉറപ്പിക്കുകയായിരുന്നു.
എന്നാല്‍, തുടര്‍ച്ചയായ മത്സരങ്ങള്‍ തന്റെ പ്രകടനത്തെ ബാധിച്ചെന്നും സിന്ധു ചൂണ്ടിക്കാട്ടുന്നു. 24 മണിക്കൂറിനുള്ളില്‍ മൂന്ന് സിംഗിള്‍സ് മത്സരങ്ങളിലാണ് സിന്ധുവിന് കളിക്കേണ്ടി വന്നത്. ജപ്പാന്റെ തൊമോക്ക മിയാസാക്കിക്കെതിരായ മൂന്നാം റൗണ്ട് മത്സരം ഞായറാഴ്ച പുലര്‍ച്ചെ 1:30-നാണ് അവസാനിച്ചത്. തുടര്‍ന്ന് 12 മണിക്കൂറില്‍ താഴെ മാത്രം ഇടവേളയിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനായി സിന്ധു വീണ്ടും കോര്‍ട്ടിലിറങ്ങിയത്. '18 മണിക്കൂറിനുള്ളില്‍ മൂന്ന് മത്സരങ്ങള്‍. പുലര്‍ച്ചെ 3 മണിക്ക് മുറിയില്‍ തിരികെയെത്തി, വീണ്ടും രാവിലെ 8:30-ന് കോര്‍ട്ടിലേക്ക്. ഇത് വലിയ രീതിയില്‍ തളര്‍ത്തി,' എന്ന് സിന്ധു വ്യക്തമാക്കി.
ഈ മത്സരക്രമം മറ്റ് പ്രമുഖ താരങ്ങളുടെ പ്രകടനത്തെയും ബാധിച്ചിരുന്നു. ഇന്ത്യയുടെ ഉന്നതി ഹൂഡയ്ക്ക് ഏകദേശം 26 മണിക്കൂറിനിടെ മൂന്ന് മത്സരങ്ങള്‍ കളിക്കേണ്ടി വരികയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അക്കാനെ യമാഗുച്ചിയോട് തോറ്റ് പുറത്താകേണ്ടി വരികയും ചെയ്തു. ചൈനയുടെ വനിതാ ഡബിള്‍സ് ലോക ഒന്നാം നമ്പര്‍ താരം ടാന്‍ നിംഗ് ഷെഡ്യൂള്‍ നീതിയുക്തമല്ലെന്ന് വിമര്‍ശിച്ചപ്പോള്‍, ടീം ഇനങ്ങളില്‍ കളിച്ച താരങ്ങള്‍ക്ക് ലഭിച്ച കുറഞ്ഞ വിശ്രമസമയത്തെ ഇന്ത്യന്‍ താരം എച്ച്.എസ്. പ്രണോയും ചോദ്യം ചെയ്തിരുന്നു.
PV Sindhu has raised concerns over the organisation of badminton events at the Asian Games following her quarter-final exit in the women’s singles. In a social media post, Sindhu criticised what she described as an impractical match schedule and the lack of adequate technical facilities. She said the demanding schedule affected her physical fitness and that the absence of a video review facility during a crucial match was also a setback.