പോരാടി വീണു; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ട്രീസ - ഗായത്രി സഖ്യത്തിന് വെങ്കലത്തിളക്കം

2011-ൽ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയതിന് ശേഷം ലോക ചാമ്പ്യൻഷിപ്പിലെ വനിതാ ഡബിൾസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്.
പോരാടി വീണു; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ട്രീസ - ഗായത്രി സഖ്യത്തിന് വെങ്കലത്തിളക്കം
Published on

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യത്തിന് വെങ്കല മെഡൽ. ഡഹിയിലെ ഇന്ദിരാഗാന്ധി അരീനയിൽ നടന്ന വനിതാ ഡബിൾസ് സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പർ താരങ്ങളുമായ ചൈനയുടെ ലിയു ഷെങ് ഷു - ടാൻ സിങ് സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ സഖ്യത്തിന് വെങ്കല മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 2011-ൽ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വെങ്കലം നേടിയതിന് ശേഷം ലോക ചാമ്പ്യൻഷിപ്പിലെ വനിതാ ഡബിൾസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ കൂടിയാണിത്.

ഏറെ വാശിയേറിയ പോരാട്ടത്തിൽ ഒരു മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യം അടിയറവ് പറഞ്ഞത്. സ്കോർ: 21-18, 13-21, 8-21.

ആദ്യ ​ഗെയിമിൽ മികച്ച തുടക്കമാണ് ട്രീസയും ​ഗായത്രിയും നൽകിയത്. ആവേശകരമായ തുടക്കത്തിൽ 3-0 എന്ന ലീഡ് നേടാനും പിന്നീട് അത് 7-2 ആക്കി ഉയർത്താനും ഇവരുവർക്കും സാധിച്ചു. എന്നാൽ ചൈനീസ് താരങ്ങൾ ശക്തമായി തിരിച്ചടിക്കുകയും സ്കോർ 7-7 എന്ന നിലയിൽ സമനിലയാക്കുകയും ചെയ്തു. പിന്നീട് ഇടവേള സമയത്ത് 11-7 എന്ന ലീഡിലേക്ക് ചൈനീസ് സഖ്യം എത്തി. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ട്രീസയും ഗായത്രിയും മികച്ച പോരാട്ടത്തിലൂടെ സ്കോർ 12-12 എന്ന നിലയിൽ വീണ്ടും തുല്യമാക്കി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ ഗെയിമിൽ 18-18 എന്ന നിലയിൽ നിന്ന് തുടർച്ചയായി മൂന്ന് പോയിൻ്റുകൾ നേടി ഇന്ത്യൻ സഖ്യം ആദ്യ ഗെയിം 21-18 ന് സ്വന്തമാക്കി കാണികളെ ആവേശത്തിലാഴ്ത്തി.

പോരാടി വീണു; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ട്രീസ - ഗായത്രി സഖ്യത്തിന് വെങ്കലത്തിളക്കം
യുദ്ധത്തെ അതിജീവിച്ച് കബഡി മാറ്റിൽ; ഏഷ്യൻ ഗെയിംസ് സ്വർണ്ണത്തിലേക്ക് കണ്ണുംനട്ട് ഇറാൻ വനിതാ ടീം ഇന്ത്യയിൽ

രണ്ടാം ഗെയിമിലും മികച്ച പോരാട്ടമാണ് നടന്നത്. തുടക്കത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. ഇടവേള സമയത്ത് 11-10 എന്ന നേരിയ ലീഡ് നേടാൻ ട്രീസയ്ക്കും ​ഗായത്രിക്കും കഴിഞ്ഞു. എന്നാൽ പിന്നീട് ചൈനീസ് സഖ്യം തങ്ങളുടെ പരിചയസമ്പത്ത് തെളിയിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ താരങ്ങൾക്ക് ചില പിഴവുകൾ സംഭവിച്ചതോടെ ലിയു ഷെങ് ഷുവും ടാൻ നിങും 18-12 എന്ന നിലയിലേക്ക് ലീഡ് അതിവേ​ഗം ഉയർത്ത്. അധികം വൈകാതെ തന്നെ 21-13 എന്ന സ്കോറിന് അവർ രണ്ടാം ഗെയിം സ്വന്തമാക്കി മത്സരം സമനിലയിലാക്കി.

നിർണായകമായ മൂന്നാം ​ഗെയിമിൽ ചൈനീസ് താരങ്ങളുടെ പൂർണ്ണ ആധിപത്യമാണ് കണ്ടത്. നീണ്ട റാലികളോടെ ആരംഭിച്ച ​ഗെയിമിൽ 2-2 എന്ന നിലയിൽ നിന്ന് ചൈനീസ് സഖ്യം ​ഗിയർ മാറ്റി. തുടക്കത്തിൽ തന്നെ ലീഡ് സ്വന്തമാക്കിയ അവർ ഇടവേളയിൽ 11-5 എന്ന സ്കോറിന് മുന്നിലെത്തി. ആദ്യ ​ഗെയിമുകളിലെ ഊ‍ർജം നിലനിർത്താൻ പിന്നീട് ഇന്ത്യൻ സഖ്യത്തിന് കഴിഞ്ഞില്ല.

ചൈനീസ് താരങ്ങളുടെ ആക്രമണങ്ങൾക്ക് മുന്നിൽ പ്രതിരോധിക്കാൻ പാടുപെട്ട ട്രീസയും ​ഗായത്രിയും ഒടുവിൽ 21-8 എന്ന സ്കോറിന് മൂന്നാം ​ഗെയിമും മത്സരവും അടിയറവ് വെച്ചു. ഫൈനലിലേക്ക് മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും, ലോക ഒന്നാം നമ്പർ താരങ്ങൾക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ചും ലോക ചാമ്പ്യൻഷിപ്പിൽ ചരിത്രപ്രധാനമായ ഒരു വെങ്കല മെഡൽ സ്വന്തമാക്കിയുമാണ് ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും കോർട്ടിൽ നിന്ന് മടങ്ങുന്നത്.

Summary

Treesa Jolly and Gayatri Gopichand secured a historic bronze medal in the women's doubles at the BWF World Championships. The Indian duo put up a strong fight against the world No. 1 and defending champions, China's Liu Sheng Shu and Tan Ning, in the semifinals. Despite winning the first game, they eventually lost the match 21-18, 13-21, 8-21. This marks India's first women's doubles medal at the tournament since 2011.

Madism Digital
madismdigital.com