

ലോകകപ്പിനുമുന്നോടിയായി അമേരിക്കയിലെ തൊഴിലാളി സമരങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനമാക്കി അമേരിക്കൻ സർക്കാർ. കോവിഡാനന്തരമുണ്ടായ ജോലിഭാരവും ശമ്പളക്കുറവിനും പരിഹാരമായി ഹോട്ടൽ തൊഴിലാളികളും സംഘടനകളും നടത്തിവന്ന പ്രതിഷേധങ്ങൾക്കാണ് സർക്കാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പരിഹാരം ഉണ്ടാക്കിയത്.
ശമ്പളം, ജോലിഭാരം. ജീവനക്കാരുടെ കുറവ്, കരാർ എന്നീ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കുമെന്ന് കഴിഞ്ഞ ആഴ്ച്ച പ്രതിഷേധക്കാർ മുന്നറിയിപ്പു നൽകിയിരുന്നു. ഇത് ലോകകപ്പ് കാണികളുടേയും ഒഫീഷ്യലുകളുടേയും ഹോസ്റ്റിങിനെ ബാധിക്കുമെന്നും ടൂറിസം മേഖലയെ ബാധിക്കുമെന്നും സംഘടന അറിയിച്ചിരുന്നു. ഇതിനുശേഷമാണ് സർക്കാർ സാനിധ്യത്തിൽ ന്യൂയോർക്ക് സിറ്റിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും തൊഴിലാളി യൂണിയനുകളേയും ധാരണയിലെത്തിയത്. സിറ്റിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ ഏകദേശം 25000 തൊഴിലാളികൾക്ക് 8 വർഷത്തെ തൊഴിൽ കരാർ നൽകാമെന്നാണ് തീരുമാനത്തിലെത്തിയത്.
ഹോട്ടൽ ജീവനക്കാരുടെ ജോലിഭാരം കുറക്കുകയും ഓവർ ടൈം ജോലിക്ക് ഇരട്ട ശമ്പളം നിർബന്ധമാക്കുകയും ചെയ്യുന്ന നിയമത്തിൽ സർക്കാർ തത്ക്കാലം ഇളവ് നൽകിയാണ് ഹോട്ടൽ ഉടമകളെകൊണ്ട് പുതിയ കരാർ എഴുതാൻ സമ്മർദം ചെലുത്തിയത്. കരാറിലൂടെ എട്ടു വർഷത്തിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രതിഫലം ഏകദേശം 200,000 (19200000 ഇന്ത്യൻ രൂപ) ഡോളറാകുമെന്നാണ് കണക്കാക്കുന്നതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
കുടിയേറ്റങ്ങളോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാറിന്റെ പുതിയ നീക്കങ്ങള്‍ക്കെതിരെ സ്റ്റേഡിയം തൊഴിലാളികളുടെ കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തിയിരുന്നു. നിർമ്മാണം പൂർത്തിയാകുന്ന സ്റ്റേഡിയങ്ങളിലെ തൊഴിലാളികളില്‍ ഭൂരിഭാഗം പേരും കുടിയേറ്റ ജനതയായതുകൊണ്ട്, കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനായി രൂപം കൊടുത്ത യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെ(ഐസ്) ലോകകപ്പോടനുബന്ധിച്ച് അമേരിക്കയില്‍ വിന്യസിക്കുമെന്ന സര്‍ക്കാരിന്റെ തീരുമാനമാണ് തൊഴിലാളികളെ ചൊടിപ്പിച്ചത്.
നിലവില്‍ ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തിലെ തൊഴിലാളികളാണ് പ്രതിഷേധം നടത്തുന്നതെങ്കിലും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മറ്റു സ്റ്റേഡിയത്തിലെ തൊഴിലാളികളേയുംകൂട്ടി പണിമുടക്ക് സംഘടിപ്പിക്കുമെന്നായിരുന്നു സംഘടന നേതാക്കൾ മുന്നറിയിപ്പുനല്‍കിയിരുന്നത്. അമേരിക്കയിലെ ഉദ്ഘാടന മത്സരം ഉള്‍പ്പെടെ എട്ട് മത്സരങ്ങളാണ് സോഫി സ്റ്റേഡിയത്തില്‍ നടക്കുന്നത്. ഈ സ്റ്റേഡിയത്തില്‍മാത്രം 2000ത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.
English Summary: Ahead of the FIFA World Cup 2026, hotel workers in the US protested demanding better wages, reduced workload, and more staff.
Workers warned that a strike could affect World Cup hosting and tourism activities. After government-led talks, New York City hotel owners and unions agreed on an eight-year contract covering 25,000 workers. The agreement is expected to provide workers nearly $200,000 in compensation over eight years.