

ക്രിക്കറ്റിൻറെ ഗതിമാറ്റിയ ഐപിഎൽ എന്ന വിപ്ലവത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റിൽ നിർണ്ണായക ചുവടുവെപ്പുമായി ബിസിസിഐ രംഗത്തെത്തുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ സമീപകാല തിരിച്ചടികൾ പരിഗണിച്ച്, ചുവന്ന പന്തിൽ തിളങ്ങാൻ ശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രത്യേക ടൂർണമെന്റ് സംഘടിപ്പിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും നാട്ടിൽ വെച്ച് ഏറ്റുവാങ്ങിയ പരമ്പര തോൽവികളും, ബോർഡർ-ഗവാസ്കർ ട്രോഫി ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ കൈവിട്ടതും ബിസിസിഐയെ ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചു.
ബെംഗളൂരുവിലെ നാഷണൽ സെന്റർ ഓഫ് എക്സലൻസ് (CoE) കേന്ദ്രീകരിച്ചാണ് ഈ ടൂർണമെന്റ് നടക്കുക. ജൂൺ, ജൂലൈ മാസങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ നാല് ദിവസത്തെ റെഡ് ബോൾ ഗെയിമുകൾക്കാണ് പ്രാധാന്യം നൽകുന്നത്. ഐപിഎൽ ആവേശത്തിന് തൊട്ടുപിന്നാലെ നടക്കുന്ന ഈ പോരാട്ടങ്ങൾ ഇന്ത്യൻ ടെസ്റ്റ് ടീമിന് ഭാവിയിൽ മുതൽക്കൂട്ടാകുന്ന സൂപ്പർ താരങ്ങളെ കണ്ടെത്താൻ സഹായിക്കും. വി.വി.എസ് ലക്ഷ്മണിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പദ്ധതിയിൽ സെലക്ടർമാരും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.
രാജ്യത്തെ ഏറ്റവും മികച്ച 64 യുവ ക്രിക്കറ്ററർമാരെയാണ് ഈ ഇൻട്രാ-സിഒഇ ടൂർണമെന്റിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 25 വയസ്സിൽ താഴെയുള്ള കായികതാരങ്ങൾക്കായിരിക്കും ഇതിൽ മുൻഗണന. അടുത്തിടെ നടന്ന അണ്ടർ-19 ലോകകപ്പിലെ ഹീറോകളായ വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും ടൂർണമെന്റിലെ പ്രധാന ആകർഷണങ്ങളായിരിക്കും. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യ ആധിപത്യം തുടരുന്നുണ്ടെങ്കിലും, ടെസ്റ്റ് ഫോർമാറ്റിലെ പോരായ്മകൾ പരിഹരിക്കാൻ ഈ യുവനിരയുടെ പ്രകടനം നിർണ്ണായകമാകും.
പരിമിത ഓവർ ക്രിക്കറ്റിൽ ലോകകപ്പും ഏഷ്യ കപ്പും നേടി ഇന്ത്യ മിന്നും ഫോമിലാണെങ്കിലും, ടെസ്റ്റ് ടീമിലെ അസ്ഥിരത ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നേരിട്ട വെല്ലുവിളികൾ ഇതിന് ഉദാഹരണമാണ്. എന്നാൽ വൈഭവ് സൂര്യവംശിയെപ്പോലുള്ള താരങ്ങളുടെ ഉദയം പ്രതീക്ഷ നൽകുന്നതാണ്. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടി ചരിത്രം കുറിച്ച വൈഭവിനെപ്പോലെയുള്ള പ്രതിഭകളെ ടെസ്റ്റ് ക്രിക്കറ്റിന്റെ കടുപ്പമേറിയ സാഹചര്യങ്ങളിലേക്ക് പരുവപ്പെടുത്തിയെടുക്കുകയാണ് ബിസിസിഐയുടെ ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
English Summary: Board of Control for Cricket in India is planning a new red-ball tournament after IPL 2026 to strengthen India’s future in Test cricket. The event will feature 64 young players, including Vaibhav Suryavanshi and Ayush Mhatre, with a focus on developing India’s next generation of Test stars.