

ലോകകപ്പ് ഫുട്ബാേളിന്റെ നൂറാം വാർഷികം 2030ൽ ആഘോഷിക്കാനിരിക്കെ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പിൽ 66 ടീമുകളെ പങ്കെടുപ്പിക്കാൻ ഫിഫ ചർച്ചകൾ തുടങ്ങി. 48 രാജ്യങ്ങളെ ഉൾപ്പെടുത്തിയ ഈ സീസണിലെ തീരുമാനം വിജയകരമാകുമെന്നാണ് ഫിഫ വിലയിരുത്തുന്നത്. ഉസ്ബെക്കിസ്ഥാൻ, ജോർദാൻ, കേപ് വെർഡെ, കുറസാവോ എന്നീ രാജ്യങ്ങൾ പുതുതായി ലോകകപ്പിലേക്ക് എത്തിയതാണ് ഫിഫയെ ഫോർമാറ്റ് വീണ്ടും പുതുക്കാൻ പ്രേരിപ്പിക്കുന്നത്.
1930മുതൽ 1978വരെയുള്ള 48 വർഷം 16 ടീമുകളായിരുന്നു ലോകകപ്പിൽ കളിച്ചിരുന്നത്. ശേഷം 1994വരെ 24 ടീമുകളാക്കി ഫിഫ വർധിപ്പിച്ചു. 1998 മുതൽ കഴിഞ്ഞ ലോകകപ്പുവരെ 32 ടീമുകളായിരുന്നു പട്ടികയിൽ ഇടം നേടിയിരുന്നത്. 48 ടീമെന്ന ഈ സീണണിലെ രീതിയും ഒഴിവാക്കി 66 എന്നതിലേക്ക് എത്തിക്കാനാണ് ഫിഫ ഇനി ആലോചിക്കുന്നത്. കൂടുതൽ രാജ്യങ്ങളിലേക്ക് ലോകകപ്പ് വ്യാപിക്കുന്നതിനോടെപ്പം ലോകകപ്പിനെ ആഗോള ആഘോഷമായി മാറ്റാനാണ് പ്രസിഡണ്ട് ജിയാനി ഇൻഫാന്റീനോയുടെ ലക്ഷ്യം. ഇതിലൂടെ കൂടുതൽ വരുമാനം കൊണ്ടുവരാനാകുമെന്നും ഫിഫ കണക്കുകൂട്ടുന്നുണ്ട്.
66 ടീമെന്ന ആശയം സൗത്ത് അമേരിക്കൻ ഫുട്ബോൾ സംഘടനയായ CONMEBOL ആണ് ആദ്യമായി മുന്നോട്ടുവെച്ചത്. എന്നാൽ 48 ഫോർമാറ്റെന്ന ഈ സീണണിലെ ഭാഗിക വിജയം ഫിഫയെ ഈ ആശയം ഗൗരവകരമായി ചർച്ചക്കെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ലോകകപ്പ് കളിക്കാൻ ഒരിക്കലും അവസരം ലഭിക്കാത്ത രാജ്യങ്ങൾക്കും വേദിയിലെത്താൻ വഴിയൊരുക്കുകയാണ് വിപുലീകരണത്തിലൂടെ ഫിഫ കാര്യമായും ലക്ഷ്യമിടുന്നത്. 2026 ലോകകപ്പ് കഴിയുന്നതോടുകൂടി പുതുതായി നടപ്പിലാക്കിയ ഫോർമാറ്റ് വിലയിരുത്തി വിജയകരമാണെങ്കിൽ 2030ൽ പദ്ധതി നടപ്പിലാക്കാനാണ് സാധ്യത.
എന്നാൽ 66 ടീമുകളെന്ന ആശയം യാഥാർത്ഥ്യമായാൽ ആതിഥേയ രാജ്യങ്ങൾ അടിസ്ഥാനസൗകര്യങ്ങൾക്കും സ്റ്റേഡിയങ്ങൾക്കും വലിയ സമ്മർദ്ദം നേരിടേണ്ടിവരുമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. മത്സരങ്ങളുടെ നിലവാരം കുറയുമെന്നും താരങ്ങൾക്ക് കൂടുതൽ ശാരീരിക സമ്മർദം ചെലുത്തുമെന്നും നിരീക്ഷകർ പറയുന്നുണ്ട്. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ഇത്തരമൊരു മാറ്റം യുവേഫ കൊണ്ടുവരുകയും അത് വിജയിക്കുകയും ചെയ്തിരുന്നു
English Summary: FIFA is considering expanding the 2030 World Cup to 66 teams during the tournament’s 100th anniversary celebrations. The proposal comes after the success of the new 48-team format and the qualification of several new football nations. Gianni Infantino wants to make the World Cup more global and give smaller countries a chance to compete. However, critics fear the expansion could affect match quality and increase pressure on players and host nations.