

അഹമ്മദാബാദ്: ഇന്ത്യ നാളെ ടി20 ലോകകപ്പ് ഫൈനലില്‍ കിവീസിനെതിരെ ഇറങ്ങുമ്പോള്‍ ആശങ്കകള്‍ ഏറെയാണ്. ഇതുവരെ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ തോല്‍വിയേറ്റു വാങ്ങിയിരുന്നു. 2007ല്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ മുട്ടുമടക്കി, 2016 ലോകകപ്പില്‍ 47 റണ്‍സിന്റെ വമ്പന്‍ തോല്‍വി, ഏറ്റവുമൊടുവില്‍ 2021ല്‍ എട്ട് വിക്കറ്റിന്റെ ഞെട്ടിപ്പിക്കുന്ന പരാജയവും ഏറ്റുവാങ്ങി. ടി20 മത്സരങ്ങളിലെ വിജയ ശരാശരിയില്‍ ഇന്ത്യ മുകളിലാണെങ്കിലും ആതിഥേയര്‍ക്ക് ആശ്വസിക്കാനാവുന്നതല്ല ഈ കണക്കുകള്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആധികാരിക വിജയത്തോടെയാണ് ന്യൂസിലാന്‍ഡ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇന്ത്യയാകട്ടെ, ടൂര്‍ണമെന്റിലെ ഏക തോല്‍വിയേറ്റുവാങ്ങിയത് ദക്ഷിണാഫ്രിക്കയോടാണ്. ഫൈനല്‍ വേദിയായ അഹമ്മദാബാദിലായിരുന്നു ഈ തോല്‍വി. മിന്നും ഫോമിലുള്ള ഫിന്‍ അലന്‍, ടിം സീഫേര്‍ട്ട് തുടങ്ങിയ കിവീസ് താരങ്ങള്‍ ഇന്ത്യയ്ക്ക് കടുത്ത ഭീഷണിയാണ്.
ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 289 റണ്‍സാണ് കിവീസിന്റെ സൂപ്പര്‍താരം ഫിന്‍ അലന്‍ നേടിയിരിക്കുന്നത്. സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ലോകകപ്പ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് താരം. ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ മാത്രമാണ് പട്ടികയിലെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുള്ള ഏക താരം. 232 റണ്‍സുമായി സഞ്ജു സാംസണ്‍ പട്ടികയില്‍ 11-ാം സ്ഥാനത്താണ്.
English Summary: India faces New Zealand in the T20 World Cup final with a poor head-to-head record, having lost all three previous meetings in the tournament. Despite the stats, India enters the final with strong preparation while New Zealand relies on in-form players like Finn Allen