

ബിജെപി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗികാരാേപണം ഉന്നയിച്ച ഒളിംപ്യന്‍ വിനേഷ് ഫോഗട്ടിനെതിരെ പകപോക്കൽ നടപടിയുമായി ഫെഡറേഷൻ. 30 ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് ട്രയലിനു മുന്നോടിയായുള്ള ഓപ്പൺ റാങ്കിങ് ടൂർണമെന്റിനായി ഇന്നലെ ഉത്തർപ്രദേശിലെ ഗോണ്ടയിലെത്തിയ വിനേഷിനെ ടൂർണമെന്റിൽ പങ്കെടുപ്പിക്കാതെ തിരിച്ചയച്ചു.
അച്ചടക്ക ലംഘനം ആരോപിച്ച് നൽകിയ കാരണംകാണിക്കൽ നോട്ടീസിന് വിശദമായ മറുപടി നൽകിയില്ലെന്നാരോപിച്ചാണ് ഫെഡറേഷന്റെ ഈ നടപടി. മറുപടിക്കും ഫെഡറേഷന്റെ വിശകലനയോഗത്തിനും ദിവസങ്ങളെടുക്കുമെന്നിരിക്കെ ഈ മാസം അവസാനം നടക്കുന്ന ട്രയൽസിൽ വിനേഷിന്റെ സാനിധ്യം ചോദ്യചിഹ്നമാകുകയാണ്.
അച്ചടക്കലംഘനം, പാരിസ് ഒളിംപിക്സിൽ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കംവരുത്തി, ആന്റി ഡോപ്പിങ് ആരോപണം, വിരമിച്ചാൽ തിരകെ പ്രവേശിക്കാനുള്ള ആറുമാസ കാലാവധി പാലിക്കണം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് വിനേഷിന് ഫെഡറേഷൻ നോട്ടിസ് നൽകിയത്. മറുപടിക്കായി 14 ദിവസം സമയവും നൽകിയിരുന്നു. ഇന്നലെ ഗോണ്ടിയിലെത്തിയ വിനേഷ് മറുപടി നൽകിയെങ്കിലും വിശദമായ മറുപടി വേണമെന്ന് ആവശ്യപ്പെട്ടാണ്, 12 ദിവസം ബാക്കിനിൽക്കെ വിനേഷിനെ ടൂർണമെന്റിൽ പങ്കെടുക്കുന്നതിൽനിന്ന് ഫെഡറേഷൻ വിലക്കിയത്.
എന്നാൽ, 30 ന് നടക്കുന്ന ഏഷ്യൻ ഗെയിംസ് ട്രയലിനുമുമ്പ് വിനേഷിന് വിശദ മറുപടി നൽകാനും സമിതിക്ക് മറുപടിയിൽ തീരുമാനമെടുക്കാനുള്ള സമയം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. ഇന്നലെ ഗോണ്ടയിൽനടന്ന ഓപ്പൺ റാങ്കിങ് ടൂർണമെന്റിന് വിനേഷ് ഏപ്രിൽ അവസാന തീയതിക്ക് മുമ്പുതന്നെ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അവസാനദിവസവും കഴിഞ്ഞ് 10 ദിവസം കഴിഞ്ഞാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. ഇത് ഫെഡറേഷൻ മനപ്പൂർവം വൈകിപ്പിച്ചതാണെന്നാണ് വിലയിരുത്തൽ.
അച്ചടക്ക ലംഘനം നടത്തി, ആന്റി-ഡോപ്പിങ് ചട്ടങ്ങൾ ലംഘിച്ചു. വിരമിച്ച ശേഷം മത്സരരംഗത്തേക്ക് മടങ്ങിയെത്തുന്ന താരങ്ങൾക്ക് നിർബന്ധമായ ആറുമാസത്തെ നോട്ടീസ് കാലാവധി പൂർത്തിയാക്കിയില്ല, 2024ലെ പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച്ച ഗുസ്തി ഫെഡറേഷൻ നോട്ടിസ് നൽകിയത്. വിനേഷ് 2026 ജൂൺ 26 വരെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ അയോഗ്യയാണെന്നും ഡബ്ല്യുഎഫ്ഐ പ്രഖ്യാപിച്ചു. 2024 പാരീസ് ഒളിമ്പിക്സിനുശേഷം വിരമിച്ചെങ്കിലുിം ഇന്നലെനടന്ന ഗോണ്ടയിലെ നാഷണൽ ഓപ്പൺ റാങ്കിങ് ടൂർണമെന്റിലൂടെ തിരിച്ചുവരവ് നടത്താനായിരുന്നു വിനേഷ് ഫോഗട്ടിന്റെ തീരുമാനം.
ഗുസ്തി ഫെഡറേഷന്‍ വൈരാഗ്യബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് കഴിഞ്ഞാഴ്ച എക്‌സില്‍ പങ്കുവച്ച വൈകാരിക വിഡിയോ സന്ദേശത്തില്‍ വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു. ബി ജെ പി നേതാവും ദേശീയ ഗുസ്തി ഫെഡറേഷന്റെ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണ്‍ ലൈംഗികമായി അതിക്രമം നടത്തിയെന്ന് പരാതി നല്‍കിയ ആറ് വനിത ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.
English Summary:
Olympian Vinesh Phogat was barred from competing in the Open Ranking Tournament in Gonda after the Wrestling Federation of India claimed she had not submitted a detailed reply to its show-cause notice.